കരിപ്പൂരില്‍ നിന്നുള്ള യാത്രക്കാരോട്‌ എയര്‍ ഇന്ത്യയുടെ അവഗണനക്കെതിരെ ഇടപെടണം - കെഎം.സി.സി.

ദമാം: മുന്നറിയിപ്പില്ലാതെ വിമാനം വൈകലും റദ്ദാക്കലും പതിവാക്കിയ എയര്‍ ഇന്ത്യ കരിപ്പൂരില്‍ നിന്നുള്ള യാത്രക്കാരോട്‌ തുടര്‍ന്ന്‌ വരുന്ന അവഗണനക്കെതിരെ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന്‌ സൗദി ഈസ്റ്റേണ്‍ പ്രോവിന്‍സ്‌ കെ.എം.സി.സി. ആവശ്യപ്പെട്ടു.
മരണാനന്തര ചടങ്ങുകള്‍, വിവാഹം, ചികിത്സ, തുടങ്ങിയ അടിയന്തിരാവശ്യങ്ങള്‍ക്കായി നാട്ടിലെത്താനും, വിസ കാലാവധിക്ക്‌ മുമ്പായി തിരിച്ച്‌ ഗള്‍ഫിലെത്തുന്നതിനും എയര്‍ ഇന്ത്യയെ ആശ്രയിക്കുന്ന സ്‌ത്രീകളും കുട്ടികളുമടങ്ങുന്ന കരിപ്പൂരിലെ യാത്രക്കാരോട്‌ ഉന്നത ഉദ്യോഗസ്ഥ ലോബി കാലങ്ങളായി തുടര്‍ന്നുവരുന്ന നിരുത്തരവാദപരമായ നിലപാടില്‍ കെ.എം.സി.സി. ശക്തമായി പ്രതിഷേധിച്ചു.
വിമാനം റദ്ദാക്കലടക്കമുള്ള സാഹചര്യങ്ങളില്‍ യാത്രക്കാരുടെ പ്രശ്‌ന പരിഹാരത്തിന്‌ ഇടപെടേണ്ട എയര്‍ ഇന്ത്യയുടെ എയര്‍പോര്‍ട്ട്‌ മാനേജറും സ്റ്റേഷന്‍ മാനേജറും മാസങ്ങളായി കോഴിക്കോട്‌ എയര്‍പോര്‍ട്ടില്‍ ഇല്ല. ഉദ്യോഗസ്ഥരുടെ കുറ്റകരമായ അനാസ്ഥക്കും അവഗണനക്കുമെതിരെ സംസ്ഥാന സര്‍ക്കാര്‍ ശക്തമായി പ്രതികരിക്കുകയും പ്രശ്‌നപരിഹാരത്തിനായി അടിയന്തിരമായി ഇടപെടുകയും വേണം. കരിപ്പൂരില്‍ നിന്ന്‌ നിരവധി സര്‍വീസുകള്‍ തുടര്‍ച്ചയായി കാന്‍സല്‍ ചെയ്യാനുണ്ടായ സാഹചര്യത്തെക്കുറിച്ച്‌ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ കേരളത്തില്‍ നിന്നുള്ള എം.പിമാരും മന്ത്രിമാരും വ്യോമയാന വകുപ്പില്‍ സമ്മര്‍ദം ചെലുത്തണമെന്നും കെ.എം.സി.സി. ആവശ്യപ്പെട്ടു.
ദമാമില്‍ നിന്നും നേരിട്ടുള്ള കോഴിക്കോട്‌, കൊച്ചി എയര്‍ ഇന്ത്യ വിമാനങ്ങള്‍ മസ്‌കത്ത്‌ വഴിയാക്കിയതോടെ യാത്രക്കാര്‍ക്കുണ്ടായ ദുരിതം പരിഹരിക്കാന്‍ അടിയന്തിരമായി ഇടപെടണമെന്ന്‌ കെ.എം.സി.സി. ഉള്‍പ്പെടെ വിവിധ സംഘടനകള്‍ വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേലിനും എയര്‍ ഇന്ത്യ അധികൃതര്‍ക്കും മന്ത്രിമാരുള്‍പ്പെടെ കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ക്കും അയച്ച നിവേദനങ്ങളില്‍ ആവശ്യപ്പെട്ടിരുന്നു.
കോഴിക്കോട്‌, കൊച്ചി, സെക്‌ടറിലേക്ക്‌ ദമാമില്‍ നിന്നും നേരിട്ടുള്ള എയര്‍ ഇന്ത്യ വിമാനങ്ങള്‍ നിര്‍ത്തലാക്കിയതിന്‌ പകരം അല്‍കോബാറില്‍ നിന്നും യാത്രക്കാരെ കോസ്‌ വേ വഴി റോഡ്‌മാര്‍ഗം ബഹ്‌റൈനില്‍ എത്തിച്ച്‌ എയര്‍ ഇന്ത്യ എക്‌സ്‌പ്രസില്‍ യാത്രാസൗകര്യം ഒരുക്കുമെന്ന എയര്‍ ഇന്ത്യ അഡ്‌മിനിസ്‌ട്രേഷന്‍ മാനേജര്‍ വി. രാമചന്ദ്രന്റെ മറുപടി പ്രവിശ്യയിലെ എല്ലാ കെ.എം.സി.സി. സെന്‍ട്രല്‍, ജില്ലാ കമ്മിറ്റികളും സ്വാഗതം ചെയ്‌തു. ഈ സൗകര്യം എത്രയും വേഗത്തില്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന്‌ സത്വര നടപടികള്‍ സ്വീകരിക്കണണെന്ന്‌ വ്യോമയാന മന്ത്രിക്കും എയര്‍ ഇന്ത്യ അധികൃതര്‍ക്കും അയച്ച നിവേദനത്തില്‍ കെ.എം.സി.സി. ഈസ്റ്റേണ്‍ പ്രോവിന്‍സ്‌ കമ്മിറ്റി ആവശ്യപ്പെട്ടു.




BACK

Email this page to a friend

Home | Gallery | About Me | Comments | Contact Me