കൊല്ലം രവീന്ദ്രന്‍ ശ്രീധരന്റെ മൃതദേഹം ഇന്ന്‌ നാട്ടിലെത്തിക്കുന്നു

ദമാം: അനധികൃത താമസക്കാരനെന്ന നിലയില്‍ തടവില്‍ കഴിയുന്നതിനിടക്ക്‌ രോഗം മൂര്‍ഛിച്ച്‌ ആശുപത്രിയില്‍ നിര്യാതനായ കൊല്ലം മരത്തടി കണ്ണിമേല്‍ ചേരി ഞാറക്കാട്ട്‌തറയില്‍ രവീന്ദ്രന്‍ ശ്രീധരന്റെ (45) മൃതദേഹം ഇന്ന്‌ നാട്ടിലെത്തിക്കും. ഇന്ത്യന്‍ എംബസി നല്‍കിയ രേഖയനുസരിച്ച്‌ എയര്‍ ഇന്ത്യ തിരുവനന്തപുരം വിമാനത്തില്‍ സൗജന്യമായാണ്‌ മൃതദേഹം നാട്ടിലെത്തിക്കുന്നതെന്ന്‌ ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ നാസ്‌ വക്കം പറഞ്ഞു.
ഭാര്യ: രാജലക്ഷ്‌മി. രഞ്‌ജിത, രഞ്‌ജിത്‌ എന്നിവര്‍ മക്കളാണ്‌.
വീട്ടു ഡ്രൈവര്‍ വിസയില്‍ സൗദിയില്‍ വന്ന രവീന്ദ്രനെ പിന്നീട്‌ സ്‌പോണ്‍സര്‍ ഹുറൂബാക്കിയിരുന്നു. നിയമാനുസൃത രേഖകളില്ലാതെ കഴിയുന്നതിനിടെ ദമാമില്‍്‌ റെയ്‌ഡില്‍ ജവാസാത്ത്‌ പിടിയിലായി. തര്‍ഹീലില്‍ കഴിയുന്നതിനിടെ ഗുരുതരമായ പ്രമേഹ ബാധിതനാണെന്ന്‌ വിവരം ലഭിച്ചതിനെത്തുടര്‍ന്ന്‌ നാസ്‌ വക്കം സ്വന്തം ജാമ്യത്തില്‍ പുറത്തിറക്കി ദമാം മെഡിക്കല്‍ കോംപ്ലക്‌സില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച്‌ ചികിത്സ നല്‍കിയെങ്കിലും നവമ്പര്‍ രണ്ടിന്‌ തിങ്കളാഴ്‌ച രാവിലെയായിരുന്നു മരണം.
ഇന്നലെ ഉച്ചക്ക്‌ പന്ത്രണ്ട്‌ മണിയോടെയാണ്‌ മൃതദേഹം സൗജന്യമായി കൊണ്ടുപോകുന്നതിന്‌ എംബസിയില്‍ നിന്നും അനുമതി ലഭിച്ചത്‌. ദമാമില്‍ നിന്നും ആഴ്‌ചയില്‍ എയര്‍ ഇന്ത്യയുടെ ഒരു വിമാനമാണ്‌ തിരുവനന്തപുരത്തേക്ക്‌ സര്‍വീസ്‌ നടത്തുന്നത്‌. ഇന്ന്‌ തന്നെ മൃതദേഹം കൊണ്ടുപോകുന്നതിന്‌ സജീവ താല്‍പ്പര്യമെടുത്ത എയര്‍ ഇന്ത്യ സ്റ്റേഷന്‍ മാനേജര്‍ വിനോദ്‌ കുമാറിനും, ശ്രീകുമാറിനും (കാനൂ കാര്‍ഗോ) നാസ്‌ നന്ദി പറഞ്ഞു.




BACK

Email this page to a friend

Home | Gallery | About Me | Comments | Contact Me