ഇന്ത്യന്‍ കുടുംബത്തിന്റെ ഫ്‌ളാറ്റില്‍ നിന്നും കവര്‍ച്ച ചെയ്‌ത വസ്‌തുക്കള്‍ കണ്ടെത്തി

ദമാം: ഇന്ത്യന്‍ കുടുംബം താമസിക്കുന്ന ഫ്‌ളാറ്റില്‍ അതിക്രമിച്ച്‌ കടന്ന്‌ വീട്ടമ്മയെ കെട്ടിയിട്ട്‌, കവര്‍ച്ച നടത്തിയ അക്രമികള്‍ കോടതിയില്‍ കുറ്റം സമ്മതിച്ചു. കവര്‍ച്ച ചെയ്‌ത വസ്‌തുക്കള്‍ കണ്ടെടുത്തതായും വീട്ടുകാര്‍ക്ക്‌ തിരിച്ചുനല്‍കിയതായും കിഴക്കന്‍ പ്രവിശ്യാ പോലീസ്‌ വക്താവ്‌ മേജര്‍ യൂസുഫ്‌ അല്‍ ഖഹ്‌താനി മലയാളം ന്യൂസിനോട്‌ പറഞ്ഞു. ജുബൈല്‍ സാബിക്‌ ഹദീദ്‌ പ്ലാന്റില്‍ ജോലി ചെയ്യുന്ന ആന്ധ്ര ഹൈദരബാദ്‌ സ്വദേശി ശ്രീനിവാസ റാവുവിന്റെ ഭാര്യ ശ്യാമള(45)യെയാണ്‌ വായില്‍ തുണി തിരുകി കെട്ടിയിട്ട്‌, കഴുത്തില്‍ കത്തി വെച്ച്‌ ഭീഷണിപ്പെടുത്തിയത്‌. ധരിച്ചിരുന്ന മാലയും വളയും ഉള്‍പ്പെടെ പത്ത്‌ പവനിലേറെ സ്വര്‍ണാഭരണങ്ങളും വിലപിടിപ്പുള്ള വസ്‌തുക്കളും കവര്‍ച്ച ചെയ്‌തിരുന്നു. റാവു ജോലിക്ക്‌ പോയ സമയത്താണ്‌ ജുബൈല്‍ ഇന്ത്യന്‍ സ്‌കൂളിന്‌ സമീപം ഈ കുടുംബം താമസിക്കുന്ന ഫ്‌ളാറ്റിന്റെ പിന്‍വാതില്‍ തകര്‍ത്ത്‌ അക്രമികള്‍ അകത്ത്‌ കടന്നത്‌.
ഡിസംബര്‍ 20ന്‌ ഞായറാഴ്‌ച രാവിലെ ഏഴ്‌ മണിയോടെ വീടിനുള്ളില്‍ കടന്ന അക്രമികള്‍ തന്നെ കെട്ടിയിട്ട്‌ സ്വര്‍ണാഭരണങ്ങളും, വീട്ടുപകരണങ്ങളും രണ്ട്‌ സ്യൂട്ട്‌ കെയ്‌സുകളും കളവ്‌ ചെയ്‌ത്‌ രക്ഷപ്പെട്ടുവെന്നാണ്‌ ഇന്ത്യന്‍ കൂടുംബിനിയുടെ പരാതി ലഭിച്ചതെന്ന്‌ മേജര്‍ യൂസുഫ്‌ ഖഹ്‌താനി വെളിപ്പെടുത്തി.
വിരലടയാളവും മറ്റ്‌ വിവിധ സാങ്കേതിക മാര്‍ഗങ്ങളും ഉപയോഗപ്പെടുത്തി പോലീസ്‌ നടത്തിയ വിശദമായ അന്വേഷണത്തില്‍ ജൂബൈല്‍ നഗരത്തില്‍ നിന്നാണ്‌ രണ്ട്‌ പേരെയും പിടികൂടിയത്‌. 26, 22 വയസ്‌ പ്രായമുള്ള യുവാക്കള്‍ കുറ്റം സമ്മതിക്കുകയും, കോടതിയില്‍ മൊഴി നല്‍കുകയും ചെയ്‌തിട്ടുണ്ട്‌. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായി ഇരുവരും പോലീസ്‌ കസ്റ്റഡിയില്‍ തുടരുകയാണ്‌. രണ്ട്‌ പ്രതികളും കുറ്റകൃത്യം നടത്തിയ കെട്ടിടത്തിന്‌ സമീപം താമസിക്കുന്നവരാണെന്ന്‌ അദ്ദേഹം വെളിപ്പെടുത്തി. കവര്‍ച്ച ചെയ്‌ത സ്വര്‍ണാഭരണങ്ങളും, വീട്ടുപകരണങ്ങളും, രണ്ട്‌ സ്യൂട്ട്‌ കെയ്‌സുകളും ജുബൈലില്‍ നിന്നു തന്നെ കണ്ടെത്തിയതായും അവ കുടുംബനാഥന്‌ കൈമാറിയതായും പോലീസ്‌ വക്താവ്‌ സ്ഥിരീകരിച്ചു.
ഇന്ത്യന്‍ കുടുംബത്തിന്റെ താമസസ്ഥലത്ത്‌ വാതില്‍ തകര്‍ത്ത്‌ കയറി കവര്‍ച്ച നടത്തിയ സംഭവം മേഖലയിലെ വിദേശി കുടുംബങ്ങളില്‍ ഏറെ പരിഭ്രാന്തിക്ക്‌ കാരണമായിരുന്നു. ജുബൈല്‍ പോലീസ്‌ മേധാവി കേണല്‍ ദഖീല്‍ അല്‍ ദഖീലിന്റെനേതൃത്വത്തില്‍ പോലീസും ഇന്‍വെസ്റ്റിഗേഷന്‍, ഇന്റലിജന്‍സ്‌ വിഭാഗങ്ങളും നടത്തിയ നിരന്തര ശ്രമത്തിന്റെ ഫലമായാണ്‌ അക്രമികള്‍ പിടിയിലായത്‌.
.




BACK

Email this page to a friend

Home | Gallery | About Me | Comments | Contact Me