ജുബൈലില്‍ ഇന്ത്യന്‍ കുടുംബത്തിന്റെ ഫ്‌ളാറ്റില്‍ കവര്‍ച്ച നടത്തിയ അക്രമികള്‍ പിടിയില്‍

ദമാം: ഇന്ത്യന്‍ കുടുംബം താമസിക്കുന്ന ഫ്‌ളാറ്റില്‍ അതിക്രമിച്ച്‌ കടന്ന്‌ വീട്ടമ്മയെ കെട്ടിയിട്ട്‌, കഴുത്തില്‍ കത്തിവെച്ച്‌ കവര്‍ച്ച നടത്തിയവരെ പിടികൂടിയതായി അനൗദ്യോഗിക വിവരം. ഔദ്യോഗിക സ്ഥിരീകരണം ഇന്ന്‌ ലഭിക്കുമെന്ന്‌ കരുതുന്നു. ആന്ധ്ര ഹൈദരബാദ്‌ സ്വദേശി ശ്രീനിവാസ റാവുവിന്റെ ഭാര്യ ശ്യാമള(45)യെയാണ്‌ വായില്‍ തുണി തിരുകി കെട്ടിയിട്ട്‌, ധരിച്ചിരുന്ന മാലയും വളയും ഉള്‍പ്പെടെ പത്ത്‌ പവനിലേറെ സ്വര്‍ണാഭരണങ്ങളും വിലപിടിപ്പുള്ള വസ്‌തുക്കളും കളവ്‌ ചെയ്‌തത്‌.
ജുബൈല്‍ സാബിക്‌ ഹദീദ്‌ പ്ലാന്റില്‍ ജോലി ചെയ്യുന്ന റാവു ജുബൈല്‍ ഇന്ത്യന്‍ സ്‌കൂളിന്‌ സമീപം കാനൂ കോമ്പൗണ്ടിന്‌ സമീപമാണ്‌ താമസം. മക്കളോടൊത്ത്‌ നാട്ടില്‍ സ്ഥിരതാമസക്കാരിയായ ശ്യാമള രണ്ടാഴ്‌ചത്തെ അവധിക്ക്‌ ഈയിടെയാണ്‌ ജുബൈലിലെത്തിയത്‌. ഡിസംബര്‍ 20ന്‌ ഞായറാഴ്‌ച രാവിലെ ഏഴ്‌ മണിയോടെ റാവു ജോലിക്ക്‌ പോയി. തുടര്‍ന്നാണ്‌ വീടിന്റെ പിന്‍വാതില്‍ തകര്‍ത്ത്‌
അക്രമികള്‍ അകത്ത്‌ കടന്നത്‌. തുവാല കൊണ്ട്‌ വായും, ടെലിഫോണ്‍ കേബിള്‍ കൊണ്ട്‌ കൈകളും ബന്ധിച്ചു. അടുക്കളയില്‍ നിന്ന്‌ തന്നെ കിട്ടിയ കത്തിയെടുത്ത്‌ കഴുത്തില്‍ വെച്ചാണ്‌ ഭീഷണിപ്പെടുത്തിയത്‌. കൈവശമുണ്ടായിരുന്ന വളയും മാലയും ഊരിയെടുത്തു. മേശയും അലമാരകളും കുത്തിത്തുറന്ന്‌ വാരിവലിച്ചിട്ടു. പണവും ലാപ്‌ടോപും ഡിജിറ്റല്‍ ക്യാമറയും ഓവനും ഉള്‍പ്പെടെ വിലപ്പെട്ട വസ്‌തുക്കള്‍ കളവ്‌ ചെയ്‌തു. കെട്ടിടത്തില്‍ മെയിന്റനന്‍സ്‌ ജോലികള്‍ നടക്കുന്നതിനാല്‍ വീടിനകത്ത്‌ നടക്കുന്ന ബഹളം അടുത്ത്‌ താമസിക്കുന്നവര്‍ കേട്ടില്ല. അക്രമികള്‍ സ്ഥലം വിട്ട ശേഷം വാതിലിനടുത്തേക്ക്‌ ഇഴഞ്ഞെത്തിയാണ്‌ ശ്യാമള അടുത്ത വീട്ടുകാരുടെ ശ്രദ്ധ ക്ഷണിച്ചത്‌. പരിക്കേറ്റ്‌ അവശയായിരുന്ന ശ്യാമളയെ ജുബൈലില്‍ സ്വകാര്യ ആശുപത്രിയില്‍ വൈദ്യ പരിശോധനക്ക്‌ വിധേയയാക്കിയിരുന്നു. കഴിഞ്ഞ ദിവസം ഈ കുടുംബം മറ്റൊരു ഫ്‌ളാറ്റിലേക്ക്‌ താമസം മാറി.
മൂന്നംഗ സംഘമാണ്‌ പോലീസിന്റെ വലയില്‍ കുടുങ്ങിയത്‌. അക്രമികളെ തിരിച്ചറിയുന്നതിന്‌ വ്യാഴാഴ്‌ച രാത്രി ഭര്‍ത്താവിനൊപ്പം ശ്യാമള പോലീസ്‌ സ്റ്റേഷനിലെത്തിയിരുന്നു. വീടിനകത്ത്‌ കടന്ന്‌ തന്നെ അക്രമിക്കുകയും, കവര്‍ച്ച നടത്തുകയും ചെയ്‌ത രണ്ട്‌ പേരെയും ശ്യാമള തിരിച്ചറിഞ്ഞതായി വിശ്വസനീയ വിവരം ലഭിച്ചു.
പകല്‍ സമയം ഇന്ത്യന്‍ കുടുംബത്തിന്റെ താമസസ്ഥലത്ത്‌ വാതില്‍ തകര്‍ത്ത്‌ കയറിയ സംഘം നടത്തിയ കവര്‍ച്ച ജുബൈലിലും പരിസരങ്ങളിലും വിദേശി കളില്‍ പരിഭ്രാന്തി ജനിപ്പിച്ചിരുന്നു. വ്യവസ്ഥാപിതമായ അന്വേഷണത്തിലൂടെ ഏതാനും ദിവസങ്ങള്‍ക്കകം പ്രതികളെ പോലീസ്‌ വലയില്‍ കുടുക്കിയത്‌ പ്രവാസി സമൂഹത്തിന്‌ ആശ്വാസം പകരുന്നതായി.




BACK

Email this page to a friend

Home | Gallery | About Me | Comments | Contact Me