ദമാമില്‍ തടവിലുള്ള നിഷാദിന്റെ മോചനത്തിന്‌ എംബസി ഇടപെടണമെന്ന്‌ അഭ്യര്‍ത്ഥന

ദമാം: മൂന്നാഴ്‌ചയിലേറെയായി തടവില്‍ കഴിയുന്ന മകന്റെ മോചനത്തിന്‌ ഇടപെടണമെന്ന്‌ അഭ്യര്‍ത്ഥിച്ച്‌ പിതാവ്‌ റിയാദില്‍ ഇന്ത്യന്‍ എംബസിക്ക്‌ അപേക്ഷ നല്‍കി. പാലക്കാട്‌ ജില്ലയില്‍ വാഴമ്പ്രം കള്ളിയത്തൊടി ഹംസ (28)യാണ്‌ മകന്‍ നിഷാദിന്റെ മോചനത്തിന്‌ എംബസിയുടെ അടിയന്തിര ഇടപെടലുണ്ടാകണമെന്ന്‌ ഫാക്‌സ്‌ സന്ദേശമയച്ചത്‌.
ദമാം 71ലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ അക്കൗണ്ടന്റായിരുന്നു മകന്‍ നിഷാദ്‌. നവമ്പര്‍ 27 വരെ മകന്‍ സ്ഥിരമായി ഫോണില്‍ താനുമായി സംസാരിക്കാറുണ്ടായിരുന്നുവെങ്കിലും അതിന്‌ ശേഷം പത്ത്‌ ദിവസത്തോളം ഫോണ്‍ വന്നില്ല. തുടര്‍ന്ന്‌ നടത്തിയ അന്വേഷണത്തില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ നടന്ന ഒരു മോഷണത്തെ തുടര്‍ന്ന്‌ തന്റെ മകനെയും കൂടെ ജോലി ചെയ്യുന്ന കമാല്‍ എന്ന ബംഗ്ലാദേശിയെയും പോലീസ്‌ കസ്റ്റഡിയിലെടുത്തതായി സുഹൃത്തുക്കളില്‍ നിന്നും വിവരം ലഭിച്ചതായി പരാതിയില്‍ പറയുന്നു. ഇത്‌ വരെ കോടതിയില്‍ ഹാജരാക്കിയിട്ടില്ലെന്നാണ്‌ സുഹൃത്തുക്കളില്‍ നിന്നും വിവരം ലഭിച്ചത്‌.
സൂപ്പര്‍മാര്‍ക്കറ്റ്‌ പ്രവര്‍ത്തന സമയത്ത്‌ ആരുടെയും ശ്രദ്ധയില്‍ പെടാതെ അതിനകത്ത്‌ കയറിയിരുന്ന ഒരാളാണ്‌ മോഷ്‌ടാവെന്ന്‌ നിഷാദിന്റെ സുഹൃത്തുക്കള്‍ അറിയിച്ചിരുന്നു. തന്റെ മകന്‍ നിരപാരാധിയാണെന്നും ഇത്‌ വരെ ഒരു വിധത്തിലുള്ള അക്രമങ്ങളിലോ കുറ്റകൃത്യങ്ങളിലോ അവന്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും ഹംസ യുടെ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. ഈ സാഹചര്യത്തില്‍ മകന്റെ മോചനത്തിന്‌ അടിയന്തിരമായി ഇടപെടണമെന്ന്‌ ഹംസ എംബസിയോട്‌ അഭ്യര്‍ത്ഥിച്ചു.
നാല്‌ വര്‍ഷമായി ഇതേ സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന നൗഷാദ്‌ വളരെ സത്യസന്ധനും വിശ്വസ്‌തനുമാണെന്ന്‌ മലയാളം ന്യൂസിന്റെ അന്വേഷണത്തില്‍ സുഹൃത്തുക്കള്‍ സാക്‌ഷ്യപ്പെടുത്തുന്നു. വിവാഹിതനാണ്‌. വിവാഹം കഴിഞ്ഞ്‌ രണ്ട്‌ മാസത്തിന്‌ ശേഷമാണ്‌ സൗദിയില്‍ തിരിച്ചെത്തിയത്‌.
സംഭവത്തെക്കുറിച്ച്‌ നടത്തിയ അന്വേഷണത്തില്‍ സുഹൃത്തുക്കളില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ ഇതാണ്‌: നിഷാദിന്റോ ജോലിസമയം ഉച്ചക്ക്‌ രണ്ട്‌ മണി മുതല്‍ പുലര്‍ച്ചെ രണ്ട്‌ മണി വരെയാണ്‌. നവമ്പര്‍ മുപ്പതിനാണ്‌ കടയില്‍ കളവ്‌ നടന്നത്‌. രാത്രി കള്ളന്‍ കടയില്‍ കയറി ഒളിച്ചിരുന്നത്‌ ജോലിക്കാര്‍ ആരുമറിഞ്ഞില്ല. സാധാരണ പോലെ രാത്രി രണ്ട്‌ മണിയോടെ കടയുടെ ഗ്രില്ലിട്ട്‌ പൂട്ടിയാണ്‌ നിഷാദും നേപ്പാളി ജോലിക്കാരനും താമസസ്ഥലത്തേക്ക്‌ പോയത്‌.
രാവിലെ അഞ്ചര മണിക്ക്‌ കമാല്‍ എന്ന ബംഗ്ലാദേശിയാണ്‌ കട തുറക്കറുള്ളത്‌. കടയില്‍ കടന്നപ്പോള്‍ കൗണ്ടറില്‍ വലിച്ചിട്ടത്‌ കണ്ട്‌ സംശയം തോന്നി കമാല്‍
ശ്രദ്ധിക്കുമ്പോഴേക്കും പെട്ടെന്ന്‌ കള്ളന്‍ പുറത്ത്‌ ചാടി ഓടി രക്ഷപ്പെട്ടു. പിറകെ ഓടിയെങ്കിലും കള്ളനെ പിടികിട്ടിയില്ല. താമസസ്ഥലത്ത്‌ വന്ന്‌ ബംഗ്ലാദേശിയാണ്‌ വിവരം പറഞ്ഞ്‌ നിഷാദിനെ വിളിച്ചതെന്ന്‌ സുഹൃത്തുക്കള്‍ പറഞ്ഞു.
അരാംകോ ജീവനക്കാരനായ സ്‌പോണ്‍സര്‍ ദുബായിലായിരുന്നു.
സൗദി മുദീറും സ്‌പോണ്‍സറുടെ സഹോദരനും വന്നു. ആറ്‌ മണിയോടെ പോലീസിന്‌ വിവരം നല്‍കി. വിരലടായളം വിദഗ്‌ധരും പോലീസും വന്ന്‌ ആവശ്യമായ തെളിവുകള്‍ സ്വീകരിച്ച ശേഷം കട തുറക്കാന്‍ അനുമതി നല്‍കി.
പിന്നീട്‌ കമാലിനെയും നിഷാദിനെയും സ്റ്റേഷനിലേക്ക്‌ വിളിപ്പിച്ചുവെന്നും അതിന്‌ ശേഷം വിവരമൊന്നും ലഭിച്ചില്ല. തുടര്‍ന്ന്‌ കമാലിന്റെ സഹോദരന്‍ നടത്തിയ അന്വേഷണത്തിലാണ്‌ ദമാം ജയിലിലുണ്ടെന്ന്‌ വിവരം ലഭിച്ചത്‌.
കടയില്‍ നടന്ന കളവിന്‌ ഇരുവരും ഉത്തരവാദികളെന്ന നിലപാടാണ്‌ ഉടമയുടേതെന്നാണ്‌ ലഭിച്ച വിവരം. എംബസിയുടെ സഹകരണത്തോടെ ദമാമിലെ സാമൂഹിക പ്രവര്‍ത്തകര്‍ക്ക്‌ നിഷാദിന്റെ മോചനം സാധ്യമാക്കാനാകുമെന്ന്‌ വീട്ടുകാര്‍ പ്രതീക്ഷിക്കുന്നു.




BACK

Email this page to a friend

Home | Gallery | About Me | Comments | Contact Me