കുടുംബങ്ങള്‍ക്ക്‌ സന്ദര്‍ശക വിസ നിരവധി പേര്‍ക്ക്‌ ആഹ്ലാദമായി

ദമാം: ഏറെ കാലമായി കുടുംബങ്ങളെ കൂടെ കൊണ്ടുവരുന്നതിന്‌ കാത്തിരുന്ന മലയാളികളുള്‍പ്പെടെ ഏറെ പേര്‍ക്ക്‌ ആഭ്യന്തര മന്ത്രാലയം കുടുംബ സന്ദര്‍ശകവിസയില്‍ ഏര്‍പ്പെടുത്തിയ ഇളവ്‌ ആഹ്ലാദം പകരുന്നതായി. രണ്ടാഴ്‌ചയോളം എല്ലാ പ്രൊഫഷനുകളിലുള്ളവര്‍ക്കും ഭാര്യ/ ഭര്‍ത്താക്കന്മാരെയോ, മാതാപിതാക്കള്‍, സഹോദരങ്ങള്‍, മക്കള്‍, തുടങ്ങി ഉറ്റ ബന്ധുക്കളെ കൊണ്ടുവരുന്നതിനുള്ള വിസ ലഭിച്ചിരുന്നു. ലേബര്‍, ഡ്രൈവര്‍ തുടങ്ങിയ ചില പ്രൊഫഷനുകളിലുള്ളവര്‍ക്ക്‌ ഇപ്പോള്‍ കുടുംബങ്ങള്‍ക്കുള്ള സന്ദര്‍ശക വിസ ലഭിക്കുന്നില്ലെന്ന്‌ കിഴക്കന്‍ പ്രവിശ്യയിലെ ജനറല്‍ സര്‍വീസ്‌ ഏജന്‍സി പ്രതിനിധികള്‍ സ്ഥിരീകരിച്ചു. എല്ലാ പ്രൊഫഷനുകളിലുള്ളവര്‍ക്കും ഡിസംബര്‍ 21 തിങ്കളാഴ്‌ച വരെ കുടുംബ സന്ദര്‍ശക വിസ ലഭിച്ചിരുന്നുവെന്നും, ഇത്‌ രണ്ട്‌ ദിവസം മുമ്പ്‌ മാത്രമാണ്‌ നിര്‍ത്തലാക്കിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സൗദി വിദേശ കാര്യ മന്ത്രാലയത്തിന്റെ മോഫ ഡോട്ട്‌ ജിഓവി ഡോട്ട്‌ എസ്‌.എ. എന്ന (www.mofa.gov.sa) വെബ്‌സൈറ്റില്‍ അപേക്ഷ പൂരിപ്പിക്കുമ്പോള്‍ തന്നെ വിസ ലഭിക്കാന്‍ സാധ്യതയുണ്ടോ എന്ന്‌ വ്യക്തമാകും. ഡ്രൈവര്‍, ലേബര്‍ തുടങ്ങിയവയടക്കം ചില പ്രൊഫഷനുകള്‍ അപേക്ഷകന്റെ തൊഴിലിന്റെ കോളത്തില്‍ എന്റര്‍ ചെയ്യാനാവില്ലെന്ന്‌ (ജുബൈല്‍ അല്‍ സബാ ഗ്രൂപ്പ്‌ ബിസിനസ്‌ ഡവലപ്‌മെന്റ്‌ മാനേജര്‍ ഇബ്രാഹിം കുട്ടി ആലുവയും അല്‍കോബാറില്‍ ഫിഫ എംബസി സര്‍വീസസ്‌ ബ്രാഞ്ച്‌ മാനേജര്‍ നവാസ്‌ കൊടുങ്ങല്ലൂരും വ്യക്തമാക്കി. താത്‌കാലികമായി നിര്‍ത്തിവെച്ചിരിക്കുന്നു എന്നാണ്‌ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്നത്‌. മറ്റ്‌ മിക്കവാറും പ്രൊഫഷനുകളിലുള്ളവര്‍ക്ക്‌ ഇപ്പോഴും കിഴക്കന്‍ പ്രവിശ്യയില്‍ സന്ദര്‍ശക വിസ ലഭിക്കുന്നതായി അവര്‍ പറഞ്ഞു.




BACK

Email this page to a friend

Home | Gallery | About Me | Comments | Contact Me