ആരോടും പരാതിയും പരിഭവവുമില്ലാതെ നൂര്‍ മുത്ത്‌ ഇന്ന്‌ നാട്ടില്‍ തിരിച്ചെത്തുന്നു

ദമാം: ഏറെ കാത്തിരുന്ന്‌ കിട്ടിയ വിസയും ജോലിയും പേടിസ്വപ്‌നമായി മാറിയ
പാലക്കാട്‌ മാത്തൂര്‍ കള്ളിവളപ്പില്‍ ഹൗസ്‌ സയ്യിദ്‌ അലി നൂര്‍മുത്ത്‌ (28) ഇന്ന്‌ നാട്ടില്‍ തിരിച്ചെത്തുന്നു. ദമാമിലെ ഒരു വീട്ടില്‍ ഡ്രൈവറായി ജോലി ചെയ്‌ത്‌ മാസങ്ങളായി ശമ്പളം ലഭിക്കാതെ, പീഡനം നേരിടുന്ന നൂര്‍മുത്തിനെക്കുറിച്ച്‌ മലയാളം ന്യൂസ്‌ (നവംബര്‍ 15) വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഏറെ കടമ്പകള്‍ കടന്ന്‌ ആരോടും പരാതിയും പരിഭവവുമില്ലാതെയാണ്‌ പ്രവാസി സമൂഹത്തിലെ സുമനസുകളുടെ സഹായത്തോടെ നൂര്‍മുത്ത്‌ ഇന്ന്‌ ഖത്തര്‍ എയര്‍വേസില്‍ കരിപ്പൂരിലെത്തുന്നത്‌.
പിതാവ്‌ സയ്യിദ്‌ അലി നേരത്തെ മരിച്ചു. ഉമ്മയും മൂന്ന്‌ സഹോദരിമാരുള്‍പ്പെടെ ഏഴ്‌ സഹോദരങ്ങളുമുണ്ട്‌. ഭാര്യയും അഞ്ച്‌ വയസായ കുഞ്ഞുമടങ്ങുന്ന കുടുംബനാഥനായ നൂര്‍മുത്ത്‌ നാട്ടില്‍ ഡ്രൈവറായിരുന്നു. കുടുംംബത്തിന്‌ ആലംബമാകുമെന്ന പ്രതീക്ഷയോടെയാണ്‌ വീട്ടുഡ്രൈവറായി ജോലിക്കെത്തിയത്‌. അമ്പതിനായിരം രൂപ നാട്ടില്‍ ഏജന്റിന്‌ കൊടുത്തതുള്‍പ്പെടെ മൊത്തം എഴുപതിനായിരം ചിലവായി.. ജനവരി ഏഴിനാണ്‌ ദമാമിലെത്തിയത്‌. ഡ്രൈവിംഗിന്‌ പുരമെ മറ്റ്‌ ജോലികളും ചെയ്‌തുവെങ്കിലും പലതവണ മര്‍ദനമേറ്റു. വാഹനം ഓടിക്കുമ്പോള്‍ വഴിതെറ്റിയെന്ന പേരില്‍ ചെരിപ്പ്‌ കൊണ്ടടിച്ചു.
ശമ്പളം 900 റിയാലും പുറമെ ഭക്ഷണത്തിന്‌ 200 റിയാലുമായി പ്രതിമാസം 1100 റിയാല്‍ രേഖപ്പെടുത്തിയ തൊഴില്‍ കരാര്‍ കൈവശമുണ്ടായിട്ടും ഈ യുവാവിന്‌ കിട്ടിയ ശമ്പളം മാസം 700 റിയാലാണ്‌. അതും അഞ്ച്‌ മാസം മാത്രം. പിന്നീട്‌ നാല്‌ മാസം ജോലി ചെയ്‌തുവെങ്കിലും ശമ്പളം കിട്ടിയില്ല. ശമ്പള കുടിശ്ശിക നല്‍കി നാട്ടിലേക്ക്‌ തിരിച്ചയക്കണമെന്ന പരാതിയുമായി ശവ്വാല്‍ പത്തിന്‌ പരാതിയുമായി അമീര്‍ ഓഫീസിലെത്തി. ഇതിനിടെ താന്‍ ജോലിയില്‍ നിന്നും വിട്ടുനിന്നതായി സ്‌പോണ്‍സര്‍ അധികൃതരെ ധരിപ്പിച്ചതായി നൂര്‍മുത്ത്‌ പറയുന്നു. തുടര്‍ന്ന്‌ ലേബര്‍ ഓഫീസിലെ ബന്ധപ്പെട്ട വിഭാഗത്തില്‍ നിന്നും ടിക്കറ്റിന്‌ 1200 റിയാലുമായി ഹാജരാവാന്‍ നിര്‍ദേശിച്ചു. എക്‌സിറ്റ്‌ നല്‍കി നാട്ടിലയക്കുന്നതിന്‌ പകരം നൂര്‍മുത്തിനെ തര്‍ഹീലില്‍ തടവിലാക്കുകയായിരുന്നു. മലയാളം ന്യൂസ്‌ ദമാം ബ്യൂറോ ശ്രദ്ധയില്‍ പെടുത്തിയതിനെത്തുടര്‍ന്ന്‌ സാമൂഹിക പ്രവര്‍ത്തകനായ നാസ്‌ വക്കം (നവോദയ) തര്‍ഹീല്‍ മേധാവികളെ കണ്ട്‌ സ്വന്തം ജാമ്യത്തില്‍ പുറത്തിറക്കിയ നൂര്‍മുത്തിന്‌ കഴിഞ്ഞ ദിവസം എക്‌സിറ്റ്‌ ലഭിച്ചു.
ദമാമില്‍ പരിചയപ്പെട്ട സുഹൃത്തുക്കളുടെ സഹായത്തോടെ നാട്ടിലെത്താന്‍ നാളെണ്ണി കഴിയുകയായിരുന്നു നൂര്‍മുത്ത്‌. മലയാളം ന്യൂസ്‌ വാര്‍ത്ത ശ്രദ്ധയില്‍ പെട്ട റിയാദിലെ അബ്‌ദുസ്സലാം (തിരുവനന്തപുരം), ദമാമിലെ തൃശൂര്‍ സ്വദേശി എന്നിവര്‍ നൂര്‍മുത്തിന്‌ എത്തിച്ച സഹായം ദമാം ബ്യൂറോ കഴിഞ്ഞ ദിവസം കൈമാറി. തന്റെ ദുരിതത്തിനിടയില്‍ സാന്ത്വനം പകര്‍ന്ന എല്ലാ സുമനസുകള്‍ക്കും നന്ദി പറഞ്ഞ നൂര്‍മുത്ത്‌ രാത്രി പത്തര മണിയോടെ ദോഹ വഴി നാട്ടിലേക്ക്‌ പുറപ്പെട്ടു.




BACK

Email this page to a friend

Home | Gallery | About Me | Comments | Contact Me