അശര്‍ഖിയ ചേമ്പര്‍ ഭരണസമിതി തിരഞ്ഞെടുപ്പ്‌ ഫലം പ്രഖ്യാപിച്ചു

ദമാം: സൗദിയിലെ ചേമ്പറുകളില്‍ റെക്കോര്‍ഡ്‌ പോളിംഗ്‌ നടന്ന അശര്‍ഖിയ ചേമ്പര്‍ ഭരണസമിതിയിലേക്ക്‌ നടന്ന തിരഞ്ഞെടുപ്പില്‍ വ്യവസായികളുടെ വിഭാഗത്തില്‍ അബ്‌ദുല്ലാഹ്‌ ഹമദ്‌ അല്‍ ഉമാര്‍ (833), ഫഹദ്‌ അബ്‌ദുല്ലാഹ്‌ അല്‍ ശരീഅ്‌ (829), അബ്‌ദുല്‍ റഹ്‌മാന്‍ റാഷിദ്‌ അല്‍ റാഷിദ്‌ (653), ഗസാന്‍ അബ്‌ദുല്ലാഹ്‌ അല്‍ നംറ്‌ (516), ഹസന്‍ മിസ്‌ഫര്‌ അസ്സഹ്‌റാനി (436), ഖാലിദ്‌ ഹസന്‍ അല്‍ ഖഹ്‌താനി (424) എന്നീ ആറ്‌ പേരും. വ്യാപാരി വിഭാഗത്തില്‍ ഇബ്രാഹിം മുഹമ്മദ്‌ അല്‍ ജുമൈഹ്‌ (610), സ്വാലിഹ്‌ അബ്‌ദുല്ലാഹ്‌ അല്‍ സയ്യിദ്‌ (509), ഫൈസല്‍ സ്വാലിഹ്‌ ഖുറൈശി (414), ഖാലിദ്‌ മുഹമ്മദ്‌ അല്‍ ഉമാര്‍ അല്‍ ദോസരി (376), അബ്‌ദുല്ലാഹ്‌ അലി അല്‍ മജ്‌ദൂഈ (346), അബ്‌ദുല്‍ ഹാദി ഹമദ്‌ അല്‍ സഅബി (337) എന്നീ ആറ്‌ പേരും വിജയികളായി. പതിനെട്ടംഗ സമിതിയിലെ മറ്റ്‌ ആറംഗങ്ങളെ വാണിജ്യ - വ്യവസായ മന്ത്രി നാമനിര്‍ദേശം ചെയ്യും. മൂന്ന്‌ വനിതകള്‍ മത്സരരംഗത്തുണ്ടായിരുന്നുവെങ്കിലും ഒരാള്‍ പോലും വിജയിച്ചില്ല. മൊത്തം 36 പേരാണ്‌ രംഗത്തുണ്ടായിരുന്നത്‌.
ഹസയില്‍ അല്‍ഹസ ചേമ്പര്‍ ഓഫ്‌ കൊമേഴ്‌സ്‌ ആന്റ്‌ ഇന്‍ഡസ്‌ട്രി പ്രവര്‍ത്തിക്കുന്നുണ്ട്‌. കിഴക്കന്‍ പ്രവിശ്യയിലെ മറ്റ്‌ പ്രദേശങ്ങളില്‍ ശനിയാഴ്‌ച ആരംഭിച്ച വോട്ടെടുപ്പില്‍ മൊത്തം 24,000 പേരാണ്‌ വോട്ടര്‍മാര്‍. ശനിയാഴ്‌ച ഖഫ്‌ജിയിലും ഖതീഫിലും ഞായറാഴ്‌ച ഹഫര്‍ അല്‍ ബാത്തിനിലും രസ്‌തനൂരയിലും തിങ്കളാഴ്‌ച ജുബൈലിലും നടന്ന വോട്ടെടുപ്പില്‍ മൊത്തം മൂവായിരത്തോളം പേരാണ്‌ വോട്ട്‌ ചെയ്‌തത്‌. ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി ദമാമില്‍ 5650 പേര്‍ വോട്ട്‌ രേഖപ്പെടുത്തി. ഏതാണ്ട്‌ അറുപതോളം വനിതകള്‍ മാത്രമാണ്‌ വോട്ട്‌ ചെയ്‌തത്‌.
സൗദിയിലെ ചേംബര്‍ തിരഞ്ഞെടുപ്പുകളിലെ റിക്കോര്‍ഡ്‌ പോളിംഗാണ്‌ ദമാമില്‍ നടന്നത്‌. മൊത്തം 8650 പേര്‍ വോട്ടു ചെയ്‌തു. അമ്പതിനായിരത്തോളം പേര്‍ക്ക്‌ വോട്ടവകാശമുള്ള ജിദ്ദയിലും റിയാദിലും ഏഴായിരത്തില്‍ താഴെ പേര്‍ മാത്രമാണ്‌ വോട്ട്‌ ചെയ്‌തത്‌.
ബുധനാഴ്‌ച എട്ട്‌ മണിയോടെയാണ്‌ വോട്ടെടുപ്പ്‌ സമാപിച്ചത്‌. രാത്രി തന്നെ ഫലം പ്രഖ്യാപിക്കുമെന്ന്‌ പ്രഖ്യാപിച്ചിരുന്നുവെങ്കിലും പുലര്‍ച്ചെ 5.45നാണ്‌ സ്ഥാനാര്‍ത്ഥികള്‍ക്ക്‌ ഫലം അറിയിച്ചത്‌. രാവിലെ ആറര മണിയോടെ പരസ്യ പ്രഖ്യാപനം വന്നു. തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ മേധാവിയായി യഹ്‌യ അല്‍ അസ്സാമാണ്‌ തിരഞ്ഞെടുപ്പിന്‌ നേതൃത്വം നല്‍കിയത്‌. മിനിസ്‌ട്രി ഓഫ്‌ കൊമേഴ്‌സ്‌ ആന്റ്‌ ഇന്‍ഡസ്‌ട്രി പ്രതിനിധികള്‍ അദ്ദേഹത്തെ സഹായിച്ചു.






BACK

Email this page to a friend

Home | Gallery | About Me | Comments | Contact Me