ദമാമില്‍ നിന്ന്‌ നേരിട്ട്‌ കോഴിക്കോട്‌, കൊച്ചി വിമാനം എയര്‍ ഇന്ത്യ പുനരാരംഭിക്കുമെന്ന്‌ പ്രതീക്ഷ മുളക്കുന്നു

ദമാം: എയര്‍ ഇന്ത്യ ദമാമില്‍ നിന്നും നേരിട്ടുള്ള കൊച്ചി, കോഴിക്കോട്‌ വിമാനങ്ങള്‍ പുന:സ്ഥാപിക്കുമെന്ന്‌ പ്രതീക്ഷ മുളക്കുന്നു. ഒക്‌ടോബര്‍ അവസാനം ആരംഭിച്ച ശീതകാല ഷെഡ്യൂളില്‍ കൊച്ചിയിലേക്കുള്ള ദമാം വിമാനം മസ്‌കത്ത്‌, കോഴിക്കോട്‌ വഴി പുന:ക്രമീകരിച്ചത്‌ 2010 ജനവരി ആദ്യ വാരം വരെയാണെന്ന്‌ എയര്‍ ഇന്ത്യാ അധികൃതര്‍ വെളിപ്പെടുത്തുന്നു. ഒക്‌ടോബര്‍ 26 മുതല്‍ പ്രാബല്യത്തില്‍ വന്ന ഷെഡ്യൂളിലാണ്‌ ദമാമില്‍ നിന്നും നേരിട്ടുള്ള കൊച്ചി, കോഴിക്കോട്‌ സര്‍വീസുകള്‍ റദ്ദാക്കിയത്‌. മാര്‍ച്ച്‌ 23 വരെയാണ്‌ ശൈത്യ കാല ഷെഡ്യൂള്‍.
പ്രവാസി സമൂഹത്തിന്‌ ദോഷകരമായ ഇക്കാര്യത്തില്‍ അടിയന്തിരമായി ഇടപെടണമെന്ന്‌ വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേലിനും മറ്റും ദമാം ഫ്രണ്ട്‌സ്‌ ഓഫ്‌ ജനശ്രീ കോഓര്‍ഡിനേറ്റര്‍മാരായ അബ്‌ദുല്ലാ ഉമര്‍ഖാന്‍, മാത്യു ജോസഫ്‌, ഫ്രാന്‍സിസ്‌ ബി. രാജ്‌ എന്നിവര്‍ ഇ-മെയില്‍ സന്ദേശം അയച്ചിരുന്നു. ഇതിന്‌ എയര്‍ ഇന്ത്യ അഡ്‌മിനിസ്‌ട്രേഷന്‍ മാനേജര്‍ രാമചന്ദ്രന്‍ നല്‍കിയ മറുപടി സന്ദേശത്തില്‍ മറ്റ്‌ സാങ്കേതിക കാരണങ്ങള്‍ വിശദീകരിച്ചതിന്‌ പുറമെ ഹജ്‌ സര്‍വീസുകള്‍ നടത്തേണ്ടതിനാല്‍ കൊച്ചി - കോഴിക്കോട്‌ സര്‍വീസുകള്‍ ഒരുമിച്ച്‌ മൂന്ന്‌ എ 320 വിമാനങ്ങള്‍ മാത്രമാക്കി ജനവരി ആദ്യ വാരം വരെ സര്‍വീസ്‌ നടത്തുന്നതായി വ്യക്തമാക്കിയത്‌.
ദമാമില്‍ നിന്നും നേരിട്ട്‌ കൊച്ചിക്ക്‌ നാലും കോഴിക്കോട്ടേക്ക്‌ രണ്ടും വിമാനങ്ങളാണ്‌ എയര്‍ ഇന്ത്യ പറത്തിയിരുന്നത്‌. ഈ ആറ്‌ സര്‍വീസുകള്‍ വെട്ടിക്കുറച്ച്‌ ശൈത്യകാല ഷെഡ്യൂളില്‍ മൂന്നാക്കിയതിന്‌ പുറമെ കൊച്ചിയിലേക്കും കോഴിക്കോട്ടേക്കും മസ്‌കത്ത്‌ വഴി യാത്ര ചെയ്യുമ്പോള്‍ യാത്രക്ക്‌ എഴ്‌ മണിക്കൂറോളം സമയമെടുക്കുന്നു. ഞായര്‍, ബുധന്‍, വ്യാഴം അര്‍ധരാത്രികളിലാണ്‌ ഇപ്പോള്‍ സര്‍വീസുള്ളത്‌.
ഒക്‌ടോബറില്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ്‌ (ഐ.സി) ബഹ്‌റൈന്‍ - ദോഹ -കോഴിക്കോട്‌ - കൊച്ചി സര്‍വീസ്‌ നിര്‍ത്തലാക്കിയതും കിഴക്കന്‍ പ്രവിശ്യയില്‍ നിന്നും ദോഹയില്‍ നിന്നുമുള്ള യാത്രക്കാര്‍ക്ക്‌ ദോഷകരമായി. കിഴക്കന്‍ പ്രവിശ്യയില്‍ നിന്നും കോസ്‌ വേ വഴി മനാമയിലെത്തി നാട്ടിലേക്കുള്ള യാത്രക്ക്‌ ഇന്ത്യന്‍ എയര്‍ലൈന്‍സിനെ നിരവധി പേര്‍ ആശ്രയിച്ചിരുന്നു.സാമ്പത്തിക നഷ്‌ടം കാരണമാണ്‌ ഈ സര്‍വീസ്‌ നിര്‍ത്തിയതെന്ന്‌ എയര്‍ ഇന്ത്യയുടെ മറുപടിയില്‍ പറയുന്നു. ഈ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക്‌ പകരം എയര്‍ ഇന്ത്യാ എക്‌സ്‌പ്രസ്‌ രണ്ട്‌ സര്‍വീസുകള്‍ വര്‍ധിപ്പിച്ചുവെന്നും, ഇപ്പോള്‍ ആഴ്‌ചയില്‍ ഏഴ്‌ ദിവസവും സര്‍വീസുണ്ടെന്നും മറുപടിയില്‍ വ്യക്തമാക്കുന്നു. ദമാമില്‍ നിന്നുള്ള യാത്രക്കാരെ കോസ്‌വേ വഴി മനാമയിലെത്തിക്കുന്നതിന്റെ സാധ്യത വിലയിരുത്തുന്നതായി എയര്‍ ഇന്ത്യയുടെ മറുപടിയില്‍ വ്യക്തമാക്കുന്നത്‌ ഫ്രണ്ട്‌സ്‌ ഓഫ്‌ ജനശ്രീ സ്വാഗതം ചെയ്‌തു. യാത്രക്കാര്‍ സ്വന്തം ചെലവില്‍ ദമാമില്‍ നിന്നും കോസ്‌ വേ വഴി മനാമയിലെത്തണമെന്നതാണ്‌ നിലവിലുള്ള സ്ഥിതി. സ്വകാര്യ വിമാനക്കമ്പനികളായ ജറ്റ്‌ എയറും, ബഹ്‌റൈന്‍ എയറും അല്‍കോബാറില്‍ നിന്നും കോസ്‌വേ വഴി യാത്രക്ക്‌ സൗകര്യം ഒരുകുന്നുണ്ട്‌.
ദമാമില്‍ നിന്നും തിരുവനന്തപുരത്തേക്ക്‌ നേരിട്ട്‌ നിലവില്‍ ആഴ്‌ചയില്‍ ഒരു എയര്‍ ഇന്ത്യ വിമാനം മാത്രമാണുള്ളത്‌. തമിഴ്‌നാടിന്റെ ദക്ഷിണഭാഗത്തുള്ളവരും തിരുവനന്തപുരത്തെ ആശ്രയിക്കുന്നുണ്ട്‌. നിലവിലുള്ള തിരുവനന്തപുരം സര്‍വീസ്‌ അപര്യാപ്‌തമാണെന്നും, വര്‍ധിപ്പിക്കുമെന്ന്‌ ആറ്‌ മാസം മുമ്പ്‌ തങ്ങള്‍ക്ക്‌ ഉറപ്പ്‌ ലഭിച്ചിരുന്നതായി പരാതിയില്‍ ഫ്രണ്ട്‌സ്‌ ഓഫ്‌ ജനശ്രീ ചൂണ്ടിക്കാട്ടിയിരുന്നു. വിഭവങ്ങളുടെ പരിമിതി കാരണം ഇപ്പോള്‍ അത്‌ സാധ്യമാവില്ലെന്ന്‌ മറുപടിയില്‍ പറയുന്നു.




BACK

Email this page to a friend

Home | Gallery | About Me | Comments | Contact Me