ഉത്സവഹര്‍ഷം പകര്‍ന്ന്‌ ദമാമില്‍ അശര്‍ഖിയ ചേമ്പറില്‍ വോട്ടെടുപ്പ്‌

ദമാം: ഉത്സവഛായ നിറഞ്ഞ അന്തരീക്ഷത്തില്‍ അശര്‍ഖിയ ചേമ്പര്‍ ഭരണസമിതി യിലേക്കുള്ള വോട്ടെടുപ്പ്‌ ഇന്നലെ സമാപിച്ചു. ഇന്നലെയും മിനിയാന്നുമായി ദമാമിലായിരുന്നു വോട്ടെടുപ്പ്‌. ദമാം, അല്‍കോബാര്‍, ദഹ്‌റാന്‍, ജുബൈല്‍, രസ്‌തനൂര, ഖതീഫ്‌, സൈഹാത്ത്‌, ഹഫര്‍ അല്‍ ബാത്തിന്‍ എന്നിവിടങ്ങളിലായി 24,000ത്തില്‍ പരം വോട്ടര്‍മാരില്‍ ഏഴായിരത്തിലേറെ പേര്‍ വോട്ട്‌ ചെയ്‌തതായി കണക്കാക്കപ്പെടുന്നു. കൃത്യമായ വിവരം ലഭിച്ചിട്ടില്ല. വൈകുന്നേരം വരെ ആറായിരം പേരാണ്‌ വോട്ട്‌ ചെയ്‌തിരുന്നത്‌. റിയാദിലും ജിദ്ദയിലും ഏഴായിരത്തില്‍ കുറവ്‌ വോട്ടുകളാണ്‌ ചെയ്‌തിരുന്നത്‌. ഹസയില്‍ ചേമ്പര്‍ അശര്‍ഖിയ ചേമ്പറിന്റെ ഭാഗമല്ല. ഖഫ്‌ജിയിലും ഖതീഫിലും ശനിയാഴ്‌ചയും ഹഫര്‍ അല്‍ ബാത്തിനിലും രസ്‌തനൂരയിലും ഞായറാഴ്‌ചയും ജുബൈലില്‍ തിങ്കളാഴ്‌ചയുമാണ്‌ വോട്ടെടുപ്പ്‌ നടന്നത്‌.
പതിനെട്ടംഗ സമിതിയിലെ പന്ത്രണ്ട്‌ സീറ്റുകളിലേക്ക്‌ മൂന്ന്‌ വനിതകളുള്‍പ്പെടെ 36 പേരാണ്‌ മത്സരിക്കുന്നത്‌.വ്യവസായി, വ്യാപാരി വിഭാഗങ്ങളില്‍ ആറ്‌ വീതം 12 പേരെയാണ്‌ തിരഞ്ഞെടുക്കുന്നത്‌. ആറ്‌ പേരെ പിന്നീട്‌ വാണിജ്യ - വ്യവസായ മന്ത്രി നാമനിര്‍ദേശം ചെയ്യും. മൂന്ന്‌ വനിതകള്‍ മത്സര രംഗത്തുണ്ടായിട്ടും ഏതാണ്ട്‌ അറുപതോളം വനിതകള്‍ മാത്രമാണ്‌ തിങ്കളാഴ്‌ച ദമാമില്‍ വോട്ട്‌ ചെയ്യാനെത്തിയത്‌.
വോട്ടെടുപ്പ്‌ നടക്കുന്നതിനാല്‍ ചേമ്പര്‍ പരിസരത്ത്‌ നല്ല തിരക്കായിരുന്നു. സൗദിയില്‍ നിക്ഷേപകരായ നിരവധി വിദേശികളും വോട്ട്‌ ചെയ്യാനെത്തി. ഒരു ചേമ്പര്‍ അംഗത്വത്തിന്‌ ഒരു വോട്ട്‌ രേഖപ്പെടുത്താനാണ്‌ അര്‍ഹത. കൂടുതല്‍ രജിസ്‌ട്രേഷനുള്ളവര്‍ അതിന്‌ അനുസരിച്ച്‌ എണ്ണം വോട്ടുകള്‍ രേഖപ്പെടുത്തി.
രാവിലെ പത്ത്‌ മണിയോടെ വോട്ട്‌ രേഖപ്പെടുത്തിയ സൗദി മലയാളി വ്യവസായി വര്‍ഗീസ്‌ മൂലന്‍ ആഹ്ലാദം പ്രകടിപ്പിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിന്റെ ആരവവും ബഹളവും ഇത്തവണ ഇല്ലായിരുന്നുവെന്ന്‌ അദ്ദേഹം പറഞ്ഞു.
പരസ്യപ്രചാരണത്തിന്‌ നിരോധം ഏര്‍പ്പെടുത്തിയതാണ്‌ ഇത്തവണ തിരഞ്ഞെടുപ്പിനെ ശാന്തമാക്കിയത്‌. ഫ്‌ളക്‌സ്‌ ബോര്‍ഡുകളും വന്‍ പരസ്യങ്ങളും തമ്പുകളും ഒഴിവാക്കി ഇത്തവണ ഫോണുകളിലും ഹോട്ടലുകളിലെ പാര്‍ട്ടികളില്‍ മാത്രം ഒതുങ്ങി. സ്ഥാനാര്‍ത്ഥികളും കുടുംബങ്ങളും കൂട്ടുകാരുമൊത്താണ്‌ വോട്ട്‌ പിടിക്കുന്നതിന്‌ രംഗത്തിറങ്ങിയത്‌.
Email this page to a friend