മുജീബിന്റെ നിരാലംബ കുടുംബത്തിന്‌ സാന്ത്വനമേകാന്‍ സുഹൃത്തുക്കള്‍ രംഗത്ത്‌

ദമാം: പതിനഞ്ച്‌ വര്‍ഷക്കാലം പ്രവാസിയായിരുന്ന, ഏതാനും ദിവസം മുമ്പ്‌ രക്താര്‍ബുദം കാരണം നിര്യാതനായ മലപ്പുറം കൂട്ടിലങ്ങാടി മുഞ്ഞക്കുളം നെച്ചിക്കണ്ടന്‍ മുജീബിന്റെ കുടുംബത്തിന്‌ സഹായമെത്തിക്കാന്‍ സുഹൃത്തുക്കള്‍ കൈകോര്‍ക്കുന്നു. രണ്ട്‌ വര്‍ഷത്തോളം നീണ്ട ചികിത്സയിലൂടെ കുടുംബത്തിന്‌ നേരിട്ട പത്ത്‌ ലക്ഷത്തിലേറെ വരുന്ന ബാധ്യതകള്‍ തീര്‍ക്കാനും, മുജീബിന്റെ മരണത്തോടെ നിരാലംബമായ ഭാര്യ ഷാബിനയും മക്കള്‍ റിഷാന (11), റിഷാദ്‌ (8), റാനിയ (2) എന്നിവരുമടങ്ങുന്ന കുടുംബത്തിന്‌ ഒരു വീട്‌ ഒരുക്കുന്നതിനുമാണ്‌ ഗള്‍ഫിലെ സുഹൃത്തുക്കള്‍ ലക്ഷ്യം വെക്കുന്നത്‌.
മുജീബിന്റെ അസുഖത്തെക്കുറിച്ച്‌ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെ ചികിത്സാ സഹായം സമാഹരിക്കുന്നതിന്‌ അവര്‍ രംഗത്തുവന്നിരുന്നു. പലരില്‍ നിന്നായി സഹായം സ്വരൂപീക്കുന്നതിനിടെ അതിന്‌ ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ മുജീബ്‌ ജീവിതത്തില്‍ നിന്നും യാത്രയായതോടെ ധനസമാഹരണം നിര്‍ത്തിവെച്ചിരുന്നു. കയറിക്കിടക്കാന്‍ സ്വന്തമായി ഒരിടം പോലുമില്ലാതെ ഭീമമായ ബാധ്യതകള്‍ക്ക്‌ മുമ്പില്‍ പിഞ്ചുകുഞ്ഞുങ്ങളെയും മാറത്തടുക്കി നിസഹായമായി വിതുമ്പുന്ന മുജീബിന്റെ വിധവയ്‌ക്കും മക്കള്‍ക്കും സഹായം എത്തിക്കുകയെന്നത്‌ സാഹചര്യത്തിന്റെ അനിവാര്യതയെന്ന്‌ മനസിലാക്കിയാണ്‌ അവര്‍ വീണ്ടും ഒത്തുചേരുന്നത്‌. ദമാം, ബുറൈദ, ജിദ്ദ, മക്ക, മദീന, ഖമീസ്‌, യാംബു, റിയാദ്‌ എന്നിവിടങ്ങളിലുള്ള കൂട്ടിലങ്ങാടി നിവാസികളായ മുജീബിന്റെ സുഹൃത്തുക്കളും ബന്ധുക്കളും കൂട്ടായാണ്‌ ഈ ദൗത്യം ഏറ്റെടുക്കുന്നത്‌.
പതിനഞ്ച്‌ വര്‍ഷം ഖസീമില്‍ ഫാര്‍മസി ജീവനക്കാരനായിരുന്ന മുജീബ്‌ മറ്റുള്ളവര്‍ക്ക്‌ വേണ്ടി ജീവിച്ച ആളായിരുന്നു. രാത്രി പത്ത്‌ മണിക്ക്‌ ജോലി കഴിഞ്ഞ്‌ മസറകളിലെ തൊഴിലാളികളെ സഹായിക്കുന്നതിന്‌ മരുന്നുകളുമായി മുജീബ്‌ എത്തിയിരുന്നു. ഏത്‌ പൊതുകാര്യത്തിനും മുജീബിന്റെ കുടുംബം മുന്നിലുണ്ടാവാറുണ്ട്‌. അതിനാല്‍ പ്രവാസി സമൂഹം ഈ കുടുംബത്തിന്‌ തുണയാവേണ്ടതുണ്ട്‌.
പ്രവാസ ജീവിതത്തിനിടയില്‍ സ്വരൂകൂട്ടിയതെല്ലാം മുജീബ്‌ ചികിത്സക്കായി ചിലവഴിച്ച്‌ കഴിഞ്ഞു. രോഗം പിടികൂടിയ ശേഷമാണ്‌ കുടുംബത്തിന്‌ ഒരു വീടൊരുക്കാന്‍ തറ കെട്ടിപ്പടുത്തത്‌. അപ്പോഴേക്കും രോഗം കലശലായി. നാല്‍പ്പത്‌ ലക്ഷത്തിലേറെ രൂപയാണ്‌ ചികിത്സക്കായി ചെലവഴിച്ചത്‌. ഗള്‍ഫിലെ പല സംഘടനകളും അഭ്യുദയകാംക്ഷികളും സഹായം നല്‍കിയിരുന്നു. എന്നിട്ടും കുടുംബം വന്‍ തുക കടം വാങ്ങേണ്ടി വന്നു. മുജീബിന്റെ സഹായത്തിന്‌ കൂട്ടായി നിന്ന സഹോദരന്‍ മുഹമ്മദ്‌ ഇതിനിടയില്‍ ഇരു വൃക്കകളും തകരാറിലായി മരിച്ചു. ഇപ്പോള്‍ നാഥന്‍ നഷ്‌ടമായ ഈ കുടുംബത്തോടൊപ്പമാണ്‌ മുജീബിന്റെ ഭാര്യയും മക്കളുമുള്ളത്‌. രണ്ട്‌ പേരുടെയും ചികിത്സ~ഒന്നിച്ച്‌ വന്നതും പ്രതിസന്ധിയുടെ വ്യാപ്‌തി വര്‍ധിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 0507444183, 0500106576, 0509370160 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുനന്താണ്‌.
Email this page to a friend