ദമാം ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപികയായ മുംബൈ സ്വദേശിനി നിര്യാതയായി

ദമാം: ദമാം ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂളിലെ ഏറ്റവും മുതിര്‍ന്ന അധ്യാപിക മുംബൈ മലാഡ്‌ സ്വദേശിനി ഫിലോമിന ലെമോസ്‌ (65) ഹൃദയാഘാതം മൂലം നിര്യാതയായി. നേരത്തെ ദമാം അബ്‌ദുല്ലാ ഹാഷിം കമ്പനിയില്‍ പ്ലാന്റ്‌ ഓപ്പറേറ്ററായിരുന്ന ഹെര്‍ബെര്‍ട്ട്‌ ഫ്രാന്‍സിസാണ്‌ ഭര്‍ത്താവ്‌: ഡെറിക്‌ ലിമോസ്‌, ജുറിക, രേണുക, യൂറിക്‌ ലിമോസ്‌ എന്നിവര്‍ മക്കളാണ്‌. നാല്‌ പേരും മുംബൈയില്‍ ജോലി ചെയ്യുന്നു.
ദമാം ഇന്ത്യന്‍ സ്‌കൂള്‍ കെ.ജി. വിഭാഗത്തില്‍ 21 വര്‍ഷമായി സേവനമനുഷ്‌ഠിക്കുന്ന ഫിലോമിനയും ഭര്‍ത്താവും ദമാം സീകോ ബില്‍ഡിംഗിന്‌ സമീപമാണ്‌ താമസം. ഇന്നലെ രാവിലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന്‌ സ്വകാര്യ ഡിസ്‌പന്‍സറിയില്‍ പരിശോധനക്ക്‌ ശേഷം ദമാം മെഡിക്കല്‍ കോംപ്ലക്‌സില്‍ വിദഗ്‌ധ ചികിത്സക്കായി പുറപ്പെട്ടുവെങ്കിലും രാവിലെ എട്ട്‌ മണിക്ക്‌ ആശുപത്രിയില്‍ എത്തുന്നതിന്‌ മുമ്പ്‌ മരണം സംഭവിച്ചു. ഹൃദയാഘാതമാണ്‌ മരണകാരണമെന്ന്‌ ഡോക്‌ടര്‍ സ്ഥിരീകരിച്ചതായി മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്ന നാസ്‌ വക്കം (നവോദയ) അറിയിച്ചു.
മികച്ച കെ.ജി. അധ്യാപികയെന്ന നിലയില്‍ ഫിലോമിന ലെമോസ്‌ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും പ്രിയംകരിയായിരുന്നുവെന്ന്‌ പ്രിന്‍സിപ്പല്‍ ഡോ. ഇ.കെ.മുഹമ്മദ്‌ ഷാഫി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
മരണവിവരമറിഞ്ഞ്‌ സ്‌കൂള്‍ ഭരണസമിതി അംഗം കെ.പി. അബൂബക്കര്‍, പ്രിന്‍സിപ്പല്‍ മുഹമ്മദ്‌ ഷാഫി, പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്‌ (ഗേള്‍സ്‌ സെക്‌ഷന്‍)ജെ.എ. റോഖ്‌, രജിസ്‌ട്രാര്‍ തിവാരി, കെ.ജി. സെക്‌ഷന്‍ ഹെഡ്‌ നജ്‌മ നഖാത്‌ ഉള്‍പ്പെടെ വിവിധ സെക്‌ഷന്‍ ഹെഡ്‌ മിസ്‌ട്രസുമാര്‍ തുടങ്ങിയവര്‍ ആശുപത്രിയിലെത്തിയിരുന്നു.
ഫിലോമിന ടീച്ചറുടെ ക്ലാസുകള്‍ രക്ഷിതാക്കള്‍ ഏറെ ഇഷ്‌ടപ്പെട്ടിരുന്നു. സംഗീതത്തിലും മറ്റുമുള്ള വൈഭവം സ്‌കൂളില്‍ വര്‍ണശബളമായ പരിപാടികള്‍ ഒരുക്കുന്നതിന്‌ അവര്‍ക്ക്‌ സഹായകമായി. മൃദുഭാഷിയും പ്രസന്നയുമായിരുന്ന ടീച്ചര്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്ത്‌ നിര്‍വഹിക്കുന്നതിലും തല്‍പ്പരയായിരുന്നു. കെ.ജി. വിഭാഗത്തിലെ മൊത്തം അക്കാദമിക്‌ കോഓര്‍ഡിനേറ്ററായും വിവിധ രംഗങ്ങളില്‍ അവര്‍ സേവനം അനുഷ്‌ഠിച്ചു. കെ.ജിയിലെ പുതിയ അധ്യാപികമാര്‍ക്ക്‌ നല്ലൊരു മാര്‍ഗദര്‍ശിയുമായിരുന്നു. ഏറ്റവും മുതിര്‍ന്ന സ്റ്റാഫംഗം എന്ന നിലയില്‍ അവര്‍ എല്ലാവരാലും ആദരിക്കപ്പെടുകയും വിലമതിക്കപ്പെടുകയും ചെയ്‌തിരുന്നു. ഇന്ന്‌ രാവിലെ ബോയ്‌സ്‌ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ അനുശോചന സംഗമം നടക്കുമെന്ന്‌ പ്രിന്‍സിപ്പല്‍ അറിയിച്ചു.
Email this page to a friend