മരുഭൂമിയില്‍ നിന്നും രക്ഷപ്പെടുന്നതിനിടെ തടവിലായ റസലീന്‌ ജാമ്യത്തില്‍ മോചനം

ദമാം: ഒരു മാസത്തിലേറെയായി തര്‍ഹീലില്‍ തടവിലായിരുന്ന വയനാട്‌ നാലാം മൈല്‍ ഉപ്പലക്കണ്ടി മാന്നാംകണ്ടി റസല്‍ (26) ഇന്നലെ ജാമ്യത്തില്‍ പുറത്തിറങ്ങി. ഡ്രൈവര്‍ വിസയിലെത്തി ഖത്തറില്‍ ജോലി ചെയ്‌തുവന്ന റസലിനെ സൗദിയില്‍ കൊണ്ടുവന്ന്‌ മരുഭൂമിയില്‍ ഒട്ടകങ്ങളെ മേയ്‌ക്കാന്‍ നിര്‍ബന്ധിച്ച്‌ പീഡിപ്പിക്കുന്നതായി മലയാളം ന്യൂസ്‌ (ഒക്‌ടോബര്‍ 19) വാര്‍ത്ത നല്‍കിയിരുന്നു. മരുഭൂമിയില്‍ നിന്നും രക്ഷപ്പെടുന്നതിനിടെ നവമ്പര്‍ 15ന്‌ രാത്രി ജവാസാത്ത്‌ പിടിയിലായി തര്‍ഹീലില്‍ തടവിലായ റസലിനെ സാമൂഹിക പ്രവര്‍ത്തകനായ നാസ്‌ വക്കം (നവോദയ) സ്വന്തം ജാമ്യത്തില്‍ പുറത്തിറക്കുകയായിരുന്നു. മലയാളം ന്യൂസ്‌ ലേഖകന്‍ റസലിനെ സ്വീകരിക്കാനെത്തിയിരുന്നു.
റിയാദ്‌ ഇന്ത്യന്‍ എംബസി അധികൃതര്‍ റസലിന്‌ യാത്രാരേഖയായി ഔട്ട്‌പാസ്‌ എന്നറിയപ്പെടുന്ന ഇ.സി. ഏതാനും ദിവസം മുമ്പ്‌ തര്‍ഹീല്‍ അധികൃതര്‍ക്ക്‌ കൈമാറിയിട്ടുണ്ട്‌. ഈ രേഖയില്‍ എക്‌സിറ്റ്‌ ലഭിക്കുന്നതോടെ റസലിന്‌ നാട്ടിലേക്ക്‌ മടങ്ങാനാകും. സന്ദര്‍ശക വിസയില്‍ ഖത്തറില്‍ നിന്നും സ്‌പോണ്‍സര്‍ സൗദിയില്‍ കൊണ്ടുവന്നതായതിനാല്‍ എക്‌സിറ്റിനുള്ള നടപടിക്രമങ്ങള്‍ക്ക്‌ സമയമെടുക്കും.
ഹുസൈന്‍ - സാറ ദമ്പതികളുടെ മകനായ റസല്‍ അവിവാഹിതനാണ്‌. നാട്ടില്‍ ഡ്രൈവറായിരുന്നു. നാല്‌ വര്‍ഷത്തോളം ഖത്തറില്‍ ജോലി ചെയ്‌തുവെങ്കിലും സ്‌പോണ്‍സറെ കണ്ടിരുന്നില്ല. രണ്ട്‌ വര്‍ഷം കഴിഞ്ഞ്‌ നാട്ടില്‍ പോയി വന്ന്‌ ഒന്നര വര്‍ഷമായി. നാല്‌ മാസം ജോലിയില്ലാതെ കഴിഞ്ഞു. 5000 റിയാല്‍ നല്‍കി റിലീസ്‌ പേപ്പര്‍ വാങ്ങിയിരുന്നുവെങ്കിലും വിസ മാറ്റാനായില്ല. രണ്ടാമത്‌ റിലീസ്‌ പേപ്പറിന്‌ ശ്രമം നടത്തുമ്പോഴാണ്‌ സ്‌പോണ്‍സര്‍ക്ക്‌ നേരില്‍ കാണണമെന്ന്‌ ഏജന്റ്‌ അറിയിച്ചത്‌. ഉമ്മക്ക്‌ അസുഖമാണെന്നും വീട്ടില്‍ രണ്ടാഴ്‌ച സഹായത്തിന്‌ നില്‍ക്കണമെന്നും തെറ്റുധരിപ്പിച്ചാണ്‌ സ്‌പോണ്‍സര്‍ തന്നെ സൗദിയില്‍ കൊണ്ടുവന്നതെന്ന്‌ റസ്സല്‍ മലയാളം ന്യൂസിനോട്‌ വെളിപ്പെടുത്തി. രണ്ടാഴ്‌ച കഴിഞ്ഞ്‌ നാട്ടില്‍ പോയി വരാന്‍ റീഎന്‍ട്രി തരാമെന്നും പറഞ്ഞ്‌ പാസ്‌പോര്‍ട്ടും ബതാഖയും വാങ്ങിവെച്ചു. അടുത്ത ദിവസം എത്തിച്ചത്‌ സൗദി മരുഭൂമിയിലാണ്‌. അറുപത്‌ ഒട്ടകങ്ങളെ മേയ്‌ക്കലായിരുന്നു ജോലി. ഭക്ഷണമില്ലാതെ അവശനായതിനൊപ്പം മര്‍ദനവും സഹിക്കേണ്ടി വന്നു.
വിസിറ്റിംഗ്‌ വിസയിലാണ്‌ റസലിനെ സൗദിയിലേക്ക്‌ കൊണ്ടുവന്നത്‌. നവമ്പര്‍ 13ന്‌ വിസയുടെ കാലാവധി തീരുന്നതിന്‌ മുമ്പ്‌ ഖത്തറില്‍ തിരിച്ചെത്തിക്കുന്നതിന്‌ ദോഹയിലും റിയാദിലും ഇന്ത്യന്‍ എംബസികളുമായി ബന്ധപ്പെട്ട്‌ ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം ശ്രമം നടത്തിയിരുന്നു. ഖത്തറില്‍ തിരിച്ചെത്തിക്കുന്നതിന്‌ പകരം സ്‌പോണ്‍സറില്‍ നിന്നും ജീവന്‌ ഭീഷണിയുയര്‍ന്നതോടെയാണ്‌ നാരിയക്ക്‌ സമീപം നസ്സ മരുഭൂമിയില്‍ നിന്നും റസല്‍ രക്ഷപ്പെട്ടത്‌.
ഇന്ത്യന്‍ എംബസി നല്‍കിയ തിരിച്ചറിയില്‍ രേഖ കൈവശമുണ്ടായിരുന്നു. എന്നാല്‍ സൗദിയില്‍ എത്തിയതുമായി ബന്ധപ്പെട്ട രേഖകള്‍ കൈവശമില്ലാത്തതിനാല്‍ റസല്‍ ജവാസാത്ത്‌ പിടിയിലായി. ജാമ്യത്തില്‍ പുറത്തുവന്ന റസലിനെ ഫ്രറ്റേണിറ്റി ഫോറം ഏറ്റെടുത്തു.
ഖത്തര്‍ വിസയിലെത്തിയ റസലിനെ സന്ദര്‍ശക വിസയില്‍ സൗദി മരുഭൂമിയിലെത്തിച്ച്‌ പീഡിപ്പിക്കുന്നതായി ദോഹയിലെ ഇന്ത്യന്‍ എംബസി ഖത്തര്‍ വിദേശകാര്യ മന്ത്രാലയത്തിന്‌ വിവരം നല്‍കിയിരുന്നു. മാസങ്ങള്‍ പിന്നിടുമ്പോഴും പ്രതികരണമൊന്നും ലഭിച്ചിട്ടില്ലെന്നാണ്‌ ഖത്തറില്‍ നിന്നുള്ള വിവരം.
Email this page to a friend