`പ്രവാസി സംഘടനകള്‍ക്ക്‌ ദോഷകമാവുന്ന എംബസിയുടെ നീക്കങ്ങളെ എതിര്‍ക്കും'

ദമാം: പ്രവാസി സംഘടനകളുടെ ക്ഷേമ പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കുന്ന തരത്തില്‍ എംബസി അധികൃതരില്‍ നിന്നും നീക്കമുണ്ടായാല്‍ ശക്തമായി എതിര്‍ക്കുമെന്നും കെ.പി.സി.സി. സെക്രട്ടറി ജോസി സെബാസ്റ്റ്യന്‍ പറഞ്ഞു. ജനകീയനായിരുന്ന എം.ഓ.എച്ച്‌.ഫാറൂഖിന്‌ പകരം നിയമിതനാകുന്ന അംബാസഡറെക്കുറിച്ച്‌ ദമാം ഷാമിയനായയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഉയര്‍ന്ന ചോദ്യത്തോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസി സമൂഹത്തിന്റെ വിഷ.യം കെ.പി.സി.സിയില്‍ പ്രാധാന്യത്തോടെ അവതരിപ്പിക്കുമെന്ന്‌ ജോസി സെബാസ്റ്റ്യന്‍ പറഞ്ഞു.
ജിദ്ദയിലെ പ്രകൃതി ദുരന്തം അപ്രതീക്ഷിതമായിരുന്നതിനാല്‍ എംബസിക്കും ആദ്യം സജീവമാകാന്‍ കഴിഞ്ഞില്ല. പിന്നീട്‌ സംഘടനകളെ വിളിച്ചുകൂട്ടി ദുരിതബാധിതരുടെ പട്ടിക സമാഹരിച്ചു. പാസ്‌പോര്‍ട്ട്‌ നഷ്‌ടമായ ഇന്ത്യക്കാര്‍ ഏറെയും നിശ്ചിത ഫീസടച്ച്‌ അപേക്ഷ നല്‍കിക്കഴിഞ്ഞു. നിശ്ചിത ഫീ അടക്കാന്‍ നിവൃത്തിയില്ലാത്തതിനാല്‍ അപേക്ഷിക്കാത്തവരുണ്ട്‌. അവര്‍ക്ക്‌ വേണ്ടി കേന്ദ്ര സര്‍ക്കാരില്‍ സന്മര്‍ദം ചെലുത്തുന്നതായി അദ്ദേഹം വെളിപ്പെടുത്തി.
മുരളിയുടെ തിരിച്ചുവരവിനെക്കുറിച്ച്‌ കെ.പി.സി.സി നിര്‍വാഹക സമിതി തീരുമാനമെടുത്തിരിക്കെ തന്റെ അഭിപ്രായം പ്രസക്തമല്ലെന്നും ഹൈക്കമാന്റ്‌ അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ്‌ എന്നും തീവ്രവാദത്തെ എതിര്‍ക്കുന്ന പാര്‍ടിയാണ്‌. മജീദ്‌ പറമ്പായിക്ക്‌ അംഗത്വം ലഭിച്ചതിനെക്കുറിച്ച്‌ ചര്‍ച്ച നടന്നത്‌ ഗുണകരമായാണ്‌ കാണേണ്ടത്‌.
കിഴക്കന്‍ പ്രവിശ്യയിലെ കെ.പി.സി.സിയുടെ ഏക അംഗീകൃത സംഘടന ഇനോക്‌ ആണോ എന്ന ചോദ്യത്തിന്‌ `വ്യക്തമായ മറുപടി പൂര്‍ണമായ രൂപത്തില്‍ നല്‍കാന്‍ തനിക്ക്‌ കഴിയില്ലെ'ന്ന്‌ ജോസി സെബാസ്റ്റ്യന്‍ പറഞ്ഞു. മാതൃകപാരമായ പ്രവര്‍ത്തനം നടത്തുന്ന ഇനോകിനാണ്‌ അംഗീകാരത്തിന്‌ യോഗ്യതയുള്ളത്‌. സൗദിയിലെ മൂന്ന്‌ പ്രവിശ്യകളിലുമുള്ള കോണ്‍ഗ്രസ്‌ സംഘടനകളെ ഏകീകരിച്ച്‌ ഒരു പേരില്‍ കൊണ്ടുവരും.
ഇനോക്‌ പ്രസിഡന്റ്‌ സി. അബ്‌ദുല്‍ ഹമീദ്‌, വൈസ്‌ പ്രസിഡന്റ്‌ അബ്‌ദുല്‍ റഹ്‌മാന്‍ കാവുങ്കല്‍, ഉപദേശകസമിതി ചെയര്‍മാന്‍ അഹമ്മദ്‌ പുളിക്കല്‍ തുടങ്ങിയ നേതാക്കളും പങ്കെടുത്തു.
അഭിപ്രായ വ്യത്യാസങ്ങള്‍ കാരണം ഇനോക്‌ വിട്ട്‌ പ്രത്യേക സംഘടനകളില്‍ നിലകൊള്ളുന്നവര്‍ ഒരേ കുടക്കീഴില്‍ ഒന്നിക്കണമെന്ന്‌ അബ്‌ദുല്‍ ഹമീദ്‌ പറഞ്ഞു. അതിനായി ഇനോക്‌ ശ്രമം തുടരും. ജീവകാരുണ്യ രംഗത്ത്‌ കൂടുതല്‍ സജീവമാകുമെന്നും അദ്ദേഹം പറഞ്ഞു.