കഷ്‌ടപ്പെടുന്നത്‌ 19 മലയാളികള്‍
അബ്‌ഖൈഖിലെ റിഗ്‌ തൊഴിലാളികളുടെ നിയമയുദ്ധം തുടരുന്നു

ദമാം: അബ്‌ഖൈഖില്‍ ജോലിയും ശമ്പളവുമില്ലാതെ ദുരിതം അനുഭവിക്കുന്ന
മലയാളികള്‍ അബ്‌ഖൈഖ്‌ ലേബര്‍ ഓഫീസില്‍ നിന്നുള്ള നിര്‍ദേശമനുസരിച്ച്‌ ദമാം അമീര്‍ ഓഫീസില്‍ പരാതി നല്‍കി. ജനവരി 9ന്‌ അമീര്‍ ഓഫീസില്‍ എത്താനാണ്‌ നിര്‍ദേശം. അല്‍കോബാര്‍ കേന്ദ്രമായുള്ള പ്രമുഖ ഗ്രൂപ്പിന്‌ കീഴില്‍ അബ്‌ഖൈഖില്‍ റിഗ്‌ മൂവിംഗ്‌ കമ്പനിക്ക്‌ കീഴിലുള്ള 19 മലയാളികളാണ്‌ കഷ്‌ടപ്പെടുന്നത്‌. മര്‍ദിക്കുകയും തോക്ക്‌ ചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്‌ത തൊഴിലുടമയില്‍ നിന്നും സംരക്ഷണം തേടി അബ്‌ഖൈഖ്‌ പോലീസ്‌ സ്റ്റേഷനില്‍ അഭയം തേടിയ ഈ തൊഴിലാളികളെക്കുറിച്ച്‌ മലയാളം ന്യൂസ്‌ (നവ. 9) വാര്‍ത്ത നല്‍കിയിരുന്നു.
ഇവര്‍ക്ക്‌ അബ്‌ഖൈഖിലെ മലയാളി സാമൂഹിക പ്രവര്‍ത്തകരാണ്‌ താമസസൗകര്യമൊരുക്കിയിരുന്നു. ഭക്ഷണത്തിനും അവരാണ്‌ തുണയാകുന്നത്‌. ഈ തൊഴിലാളികള്‍ക്ക്‌ സഹായമെത്തിക്കുമെന്ന്‌ ഇനോക്‌ പ്രസിഡന്റ്‌ അബ്‌ദുല്‍ ഹമീദും വക്താവ്‌ ജവാദ്‌ മൗലവിയും പറഞ്ഞു.
പതിനാല്‌ മാസം മുമ്പാണ്‌ ആലുവയിലെ ഒരു റിക്രൂട്ടിംഗ്‌ ഏജന്‍സി മുഖേന സൗദിയിലെത്തിയത്‌. ഒരു ലക്ഷം രൂപ വരെ നല്‍കിയാണ്‌ വിസ നേടിയത്‌. ഇഖാമ മെഡിക്കലിന്‌ പോകുന്ന വഴിയില്‍ തെറ്റുധരിപ്പിച്ച്‌ വെള്ളപേപ്പറില്‍ ഒപ്പിടുവിച്ചു. അടിസ്ഥാന ശമ്പളം 1200 റിയാലാണ്‌ പറഞ്ഞിരുന്നതെങ്കിലും അത്‌ കിട്ടിയില്ല. ഓരോ റിഗ്‌ മൂവിംഗിനും മുന്നൂറ്‌ റിയാല്‍ പുറമെ ലഭിക്കുമെന്നും പറഞ്ഞിരുന്നു. ഡ്രൈവിംഗ്‌ ടെസ്റ്റ്‌ 19 പേരും പാസായിട്ടുണ്ട്‌. നാലോ അഞ്ചോ പേര്‍ക്ക്‌ മാത്രമാണ്‌ ലൈസന്‍സ്‌ കൈയില്‍ കിട്ടിയത്‌. മറ്റുള്ളവര്‍ ഒരു വര്‍ഷം ലേബര്‍ ജോലി ചെയ്‌തു. ശമ്പളം കുടിശ്ശിക നാലായിരത്തോളം രിയാലായി. ലൈസന്‍സ്‌ എടുത്തതിന്റെ ചിലവും മറ്റുമായി ശമ്പളം പിടിക്കുകയാണെന്നാണ്‌ പറഞ്ഞത്‌.
ലേബര്‍ ഓഫീസില്‍ പരാതി നല്‍കിയപ്പോള്‍ സ്‌പോണ്‍സറെ വിളിച്ചുവരുത്തിയിരുന്നു. എല്ലാവര്‍ക്കും ഡ്രൈവര്‍ ജോലി നല്‍കാമെന്നും ആയിരം റിയാല്‍ ശമ്പളം നല്‍കാമെന്നും അവിടെ സമ്മതിച്ച്‌ പുതിയ കരാര്‍ ഒപ്പുവെച്ചു. കമ്പനിയില്‍ തിരിച്ചെത്തിയ ശേഷവും ജോലിയും ശമ്പളവുമില്ലായിരുന്നു. ഭീഷണിയും മര്‍ദനവും തുടര്‍ന്നു. പതിനായിരം റിയാല്‍ തന്നാല്‍ നാട്ടിലേക്ക്‌ തിരിച്ചയക്കാമെന്നായിരുന്നു സ്‌പോണ്‍സറുടെ നിലാപട്‌.
പ്രശ്‌നം പരിഹരിക്കാമെന്ന്‌ വീണ്ടും ലേബര്‍ ഓഫീസര്‍ക്ക്‌ ഉറപ്പ്‌ നല്‍കിയ കമ്പനി അധികൃതര്‍ അഞ്ച്‌ തൊഴിലാളികളെ മുറിയിലടച്ച്‌ മര്‍ദിച്ചു. പുറത്ത്‌ ബഹളം വെച്ച തങ്ങള്‍ക്ക്‌ നേരെ തോക്ക്‌ ചൂണ്ടിയെന്നും ജീവരക്ഷാര്‍ത്ഥം മരുഭൂമിയിലൂടെ ഓടിയാണ്‌ രക്ഷപ്പെട്ടതെന്നും തൊഴിലാളികള്‍ വെളിപ്പെടുത്തിയിരുന്നു. ലേബര്‍ ഓഫീസില്‍ നിന്നും അമീര്‍ ഓഫീസില്‍ പരാതി നല്‍കാന്‍ നിര്‍ദേശിച്ചു. ജനവരി ഒമ്പതിന്‌ ദമാം അമീര്‍ ഓഫീസില്‍ ഹാജാരാകാനാണ്‌ ഇപ്പോള്‍ ലഭിച്ച നിര്‍ദേശം. പ്രവിശ്യയിലെ സാമൂഹിക പ്രവര്‍ത്തകരെ ദുരിതം അറിയിച്ചിരുന്നു. നവോദയ വെല്‍ഫെയര്‌ വിഭാഗം നല്‍കുന്ന സഹായത്തിന്‌ തൊഴിലാളികള്‍ നന്ദി പറഞ്ഞു.
നിരവധി തവണ എംബസിക്ക്‌ പരാതി നല്‍കിയതാണ്‌. മന്ത്രി എന്‍.കെ. പ്രേമചന്ദ്രന്‍, കണ്ണൂര്‍ എം.എല്‍.എ. എ.പി. അബ്‌ദുല്ലക്കുട്ടി, തുടങ്ങിയവര്‍ വിവരമറിഞ്ഞ്‌ ബന്ധപ്പെട്ടിരുന്നു. ആവശ്യമായ സഹായം നല്‍കാന്‍ എംബസിക്ക്‌ നിര്‍ദേശം നല്‍കിയതായി കേന്ദ്ര മന്ത്രി ശശിതരൂരിന്റെ ഓഫീസില്‍ നിന്നും തൊഴിലാളികളെ അറിയിച്ചിരുന്നു. എങ്കിലും ഇത്‌ വരെ എംബസിയില്‍ നിന്നും അന്വേഷണം ഒന്നുമുണ്ടായിട്ടില്ലെന്ന്‌ തുടക്കം മുതല്‍ ഈ തൊഴിലാളികള്‍ക്ക്‌ സഹായം നല്‍കുന്ന നവോദയ പ്രവര്‍ത്തകര്‍ പറഞ്ഞു.