വീട്ടമ്മയെ കെട്ടിയിട്ട്‌ കഴുത്തില്‍ കത്തിവെച്ചു
ഇന്ത്യന്‍ കുടുംബത്തിന്റെ ഫ്‌ളാറ്റില്‍ വാതില്‍ തകര്‍ത്ത്‌ കടന്ന്‌ കവര്‍ച്ച

ദമാം: ഇന്ത്യന്‍ കുടുംബം താമസിക്കുന്ന ഫ്‌ളാറ്റില്‍ അതിക്രമിച്ച്‌ കടന്ന്‌ വീട്ടമ്മയെ കെട്ടിയിട്ട്‌ കവര്‍ച്ച. ജുബൈല്‍ സാബിക്‌ ഹദീദ്‌ പ്ലാന്റില്‍ ഉദ്യോഗസ്ഥനായ ആന്ധ്ര ഹൈദ്രബാദ്‌ ശ്രീനിവാസ റാവുവിന്റെ ഭാര്യ ശ്യാമള (45)യെയാണ്‌ വായില്‍ തുണി തിരുകി കെട്ടിയിട്ട്‌ രണ്ട്‌ അക്രമികളാണ്‌ കവര്‍ച്ച നടത്തിയത്‌. കഴുത്തില്‍ കത്തിവെച്ച്‌ ധരിച്ചിരുന്ന മാലയും വളയും ഉള്‍പ്പെടെ പത്ത്‌ പവനിലേറെ സ്വര്‍ണാഭരണങ്ങളും വിലപിടിപ്പുള്ള വസ്‌തുക്കളും കളവ്‌ ചെയ്‌തു. ജുബൈല്‍ ഇന്ത്യന്‍ സ്‌കൂളിന്‌ സമീപം കാനൂ കോമ്പൗണ്ടിന്‌ സമീപമുള്ള താമസസ്ഥലത്ത്‌ ഞായറാഴ്‌ച രാവിലെയാണ്‌ അക്രമം നടന്നത്‌.
രാവിലെ ഏഴ്‌ മണിയോടെ റാവു ജോലി സ്ഥലത്തേക്ക്‌ പോയ ശേഷമാണ്‌ അക്രമികള്‍# വീടിന്റെ പിന്‍വാതില്‍ തകര്‍ത്ത്‌ അകത്ത്‌ കടന്നത്‌. അടുക്കളയിലായിരുന്ന ശ്യാമള ഏതാണ്ട്‌ 30 വയസുള്ള യുവാക്കളെ പെട്ടെന്ന്‌ മുന്നില്‍ കണ്ട്‌ നിലവിളിച്ചതോടെ മുഖത്ത്‌ അടിയേറ്റു. ചുണ്ട്‌ പൊട്ടി ചോരവന്നു. ഇരുവരും ചേര്‍ന്ന്‌ തുവാല കൊണ്ട്‌ വായും, ടെലിഫോണ്‍ കേബിള്‍ കൊണ്ട്‌ കൈകളും ബന്ധിച്ചു. അടുക്കളയില്‍ നിന്ന്‌ തന്നെ കിട്ടിയ കത്തിയെടുത്ത്‌ കഴുത്തില്‍ വെച്ചാണ്‌ ഭീഷണിപ്പെടുത്തിയത്‌. കൈവശമുണ്ടായിരുന്ന വളയും മാലയും ഊരിയെടുത്തു. മേശയും അലമാരകളും കുത്തിത്തുറന്ന്‌ വാരിവലിച്ചിട്ടു.
പണവും ലാപ്‌ടോപും ഡിജിറ്റല്‍ ക്യാമറയും ഓവനു ഉള്‍പ്പെടെ വിലപ്പെട്ടതെല്ലാം കളവ്‌ ചെയ്‌തു.
കെട്ടിടത്തില്‍ മെയിന്റനന്‍സ്‌ ജോലികള്‍ നടക്കുന്നതിനാല്‍ വീടിനകത്ത്‌ നടക്കുന്ന ബഹളം അടുത്ത്‌ താമസിക്കുന്നവര്‍ കേട്ടില്ല. അക്രമികള്‍ സ്ഥലം വിട്ട ശേഷം വാതിലിനടുത്തേക്ക്‌ ഇഴഞ്ഞെത്തിയാണ്‌ ശ്യാമള അടുത്ത വീട്ടുകാരുടെ ശ്രദ്ധ ക്ഷണിച്ചത്‌. മുഖത്ത്‌ പരിക്കേറ്റ്‌ അവശയായിരുന്ന ശ്യാമളയെ ജുബൈലില്‍ സ്വകാര്യ ആശുപത്രിയില്‍ വൈദ്യ പരിശോധനക്ക്‌ ശേഷം കുടുംബ സുഹൃത്തിന്റെ ഫ്‌ളാറ്റിലാണ്‌ ഇപ്പോഴുള്ളത്‌.
വിവരമറിഞ്ഞ്‌ എത്തിയ ശ്രീനിവാസന്‍ പോലീസില്‍ പരാതി നല്‍കി. അന്വേഷണ ഉദ്യോഗസ്ഥരും വിരലടയാള വിദഗ്‌ധരും എത്തി തെളിവെടുത്തു. സംശയിച്ച്‌ പിടികൂടിയ രണ്ട്‌ പേരെ പോലീസ്‌ തിരിച്ചറിയാനായി ഹാജരാക്കിയെങ്കിലും പ്രതികള്‍
മക്കളോടൊത്ത്‌ നാട്ടില്‍ സ്ഥിരതാമസക്കാരിയായ ശ്യാമള രണ്ടാഴ്‌ചത്തെ അവധിക്ക്‌ ഈയിടെയാണ്‌ ജുബൈലില്‍ ഭര്‍ത്താവിനൊപ്പം താമസിക്കാനെത്തിയത്‌. ഫ്‌ളാറ്റില്‍ വാതില്‍ തകര്‍ത്ത്‌ കയറി നടന്ന അക്രമം പ്രദേശത്തെ വിദേശി കുടുംബങ്ങളെ പരിഭ്രാന്തരാക്കിയിട്ടുണ്ട്‌.