തര്‍ഹീലില്‍ നിന്നും ജാമ്യത്തില്‍ മോചനം: നൂര്‍ മുത്തിന്‌ ഇനി നാട്ടിലേക്ക്‌ മടങ്ങാം


ദമാം: വിദേശ ജോലി പേടിസ്വപ്‌നമായി മാറിയ നൂര്‍ മുത്തുവിന്‌ ഇനി നാട്ടിലേക്ക്‌ മടങ്ങാം. മാസങ്ങളായി ശമ്പളം ലഭിക്കാതെ കഷ്‌ടപ്പെടുന്നപാലക്കാട്‌ മാത്തൂര്‍ കള്ളിവളപ്പില്‍ ഹൗസ്‌ സയ്യിദ്‌ അലി നൂര്‍മുത്ത്‌ (28) എന്ന ഹതഭാഗ്യനെക്കുറിച്ച്‌
മലയാളം ന്യൂസ്‌ (നവംബര്‍ 15 വാര്‍ത്ത) നല്‍കിയിരുന്നു. ഇതിനിടെ ദമാം തര്‍ഹീലില്‍ തടവിലായ നൂര്‍മുത്തിനെ സാമൂഹിക പ്രവര്‍ത്തകനായ നാസ്‌ വക്കം (നവോദയ) കഴിഞ്ഞ ദിവസം സ്വന്തം ജാമ്യത്തില്‍ പുറത്തിറക്കി.
നാട്ടില്‍ ഡ്രൈവറായിരുന്ന നൂര്‍ മുത്ത്‌ ഏറെ പ്രതീക്ഷകളുമായാണ്‌ വീട്ടുഡ്രൈവറുടെ വിസയില്‍ സൗദിയിലെത്തിയത്‌. അമ്പതിനായിരം രൂപ നാട്ടില്‍ ഏജന്റിന്‌ കൊടുത്തതുള്‍പ്പെടെ മൊത്തം എഴുപതിനായിരം ചിലവായി. പിതാവ്‌ സയ്യിദ്‌ അലി നേരത്തെ മരിച്ചു. ഉമ്മയും മൂന്ന്‌ സഹോദരിമാരുള്‍പ്പെടെ ഏഴ്‌ സഹോദരങ്ങളുമുണ്ട്‌. വിവാഹിതനാണ്‌. അഞ്ച്‌ വയസായ കുഞ്ഞുണ്ട്‌. കുടുംബത്തിന്‌
ആലംബമാകാന്‍ കഴിയുമെന്ന പ്രതീക്ഷ തെറ്റി.
ഈ വര്‍ഷം ജനവരി ഏഴിനാണ്‌ ദമാമിലെത്തിയത്‌. ജോലി വീട്ടുഡ്രൈവറായിരുന്നുവെങ്കിലും വീട്‌ വൃത്തിയാക്കല്‍ പോലുള്ള ജോലികളും ചെയ്യാന്‍ നിര്‍ബന്ധിതനായി. എങ്കിലും പലതവണ ദേഹോപദ്രവമുണ്ടായി. വാഹനം ഓടിക്കുമ്പോള്‍ വഴിതെറ്റിയെന്ന്‌ കുറ്റപ്പെടുത്തി ചെരിപ്പ്‌ കൊണ്ടടിച്ചു.
തന്റെ തൊഴില്‍ കരാര്‍ സുരക്ഷിതമായി നൂര്‍മുത്തിന്റെ കൈയിലുണ്ട്‌. 900 റിയാല്‍ ശമ്പളവും 200 റിയാല്‍ ഭക്ഷണത്തിനും ഉള്‍പ്പെടെ മൊത്തം പ്രതിമാസം 1100 റിയാല്‍ സ്‌പോണ്‍സര്‍ നല്‍കുമെന്ന്‌ കരാറില്‍ കാണഉന്നു. എന്നാല്‍ 900 റിയാല്‍ രേഖപ്പെടുത്തിയ രേഖയില്‍ ഒപ്പിടീച്ച്‌ 700 റിയാല്‍ മാത്രമാണ്‌ ശമ്പളം നല്‍കിയതെന്ന്‌ നൂര്‍ മുത്ത്‌ പറയുന്നു. ശമ്പളം കിട്ടിയത്‌ അഞ്ച്‌ മാസം മാത്രം. നാല്‌ മാസം ജോലി ചെയ്‌തുവെങ്കിലും ശമ്പളം കിട്ടിയില്ല. തുടര്‍ന്ന്‌ ശമ്പള കുടിശ്ശിക നല്‍കി നാട്ടിലേക്ക്‌ തിരിച്ചയക്കാന്‍ നടപടി ആവശ്യപ്പെട്ട്‌ ശവ്വാല്‍ പത്തിന്‌ പരാതിയുമായി അമീര്‍ ഓഫീസിലെത്തി. ഇതിനിടെ താന്‍ ജോലിയില്‍ നിന്നും വിട്ടുനിന്നതായി സ്‌പോണ്‍സര്‍ അധികൃതരെ ധരിപ്പിച്ചതായി നൂര്‍മുത്ത്‌ പറയുന്നു. തുടര്‍ന്ന്‌ ലേബര്‍ ഓഫീസിലെ ബന്ധപ്പെട്ട വിഭാഗത്തില്‍ നിന്നും ടിക്കറ്റിന്‌ 1200 റിയാലുമായി ഹാജരാവാന്‍ നിര്‍ദേശിച്ചുവെന്ന വാര്‍ത്തയാണ്‌ മലയാളം ന്യൂസ്‌ പ്രസിദ്ധീകരിച്ചത്‌. ദമാമില്‍ പരിചയപ്പെട്ട സുഹൃത്തുക്കളുടെയും മറ്റ്‌ വീട്ടുഡ്രൈവര്‍മാരായ സുഹൃത്തുക്കളുടെയും സഹായത്തോടെ ദിവസം കഴിക്കുന്ന ഈ
യുവാവിന്‌ നാട്ടിലേക്ക്‌ ടിക്കറ്റിന്‌ വഴി തേടുന്നുവെന്ന വാര്‍ത്ത വായിച്ച സുമനസുകള്‍ ദമാം ബ്യൂറോയുമായി ബന്ധപ്പെട്ട്‌ സന്നദ്ധത അറിയിച്ചിരുന്നു.
എന്നാല്‍ എക്‌സിറ്റ്‌ നല്‍കി നാട്ടിലയക്കുന്നതിന്‌ പകരം നൂര്‍മുത്തിനെ തര്‍ഹീലില്‍ തടവിലാക്കുകയായിരുന്നു. മലയാളം ന്യൂസ്‌ ദമാം ബ്യൂറോയില്‍ നിന്നും ഈ വിവരമറിഞ്ഞ നാസ്‌ വക്കം തര്‍ഹീല്‍ മേധാവികളെ കണ്ട്‌ സ്വന്തം ജാമ്യത്തില്‍ പുറത്തിറക്കി. വൈകാതെ തന്നെ നാട്ടിലേക്ക്‌ പുറപ്പെടാനാകുമെന്ന പ്രതീക്ഷയിലാണ്‌ നൂര്‍മുത്ത്‌.