ദമാം എംസി.എച്ചില്‍ അത്യാഹിതം ഉച്ചക്ക്‌ അഗ്നിബാധ, രാത്രി ജലപ്രവാഹം


ദമാം: ഉച്ചക്ക്‌ തീപിടുത്തം, രാത്രി പൈപ്പ്‌ പൊട്ടി ചൂട്‌ വെള്ളത്തിന്റെ പ്രളയവും. ദമാം മെറ്റേണിറ്റി ആന്റ്‌ ചില്‍ഡ്രന്‍ ആശുപത്രിയില്‍ ശനിയാഴ്‌ച അത്യാഹിതങ്ങളുടെ ദിനമായിരുന്നു. ഭാഗ്യവശാലാണ്‌ രക്ഷപ്പെട്ടതെന്ന്‌ ജീവനക്കാര്‍ പറഞ്ഞു. ദമാം കിംഗ്‌ ഫഹദ്‌ സ്‌പെഷ്യലിസ്റ്റ്‌ ആശുപത്രിക്ക്‌ സമീപം പുതുതായി പണികഴിപ്പിച്ച അഞ്ച്‌ നില കെട്ടിടത്തിലേക്ക്‌ ഏതാനും ആഴ്‌ചകള്‍ക്ക്‌ മാത്രം മുമ്പാണ്‌ എം.സി.എച്ച്‌. ആശുപത്രി മാറ്റിയത്‌.
ഉച്ചക്ക്‌ രണ്ടര മണിയോടെ കെട്ടിടത്തിന്റെ ബേയ്‌സ്‌മെന്റിലുള്ള അഡ്‌മിനിസ്‌ട്രേഷന്‍ വിഭാഗത്തിലാണ്‌ തീപിടുത്തമുണ്ടായത്‌. ആശുപത്രിയിലെ അഗ്നിശമന സംവിധാനത്തിന്‌ പുറമെ വിവരം ലഭിച്ച്‌ സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ്‌ വിഭാഗവും ചേര്‍ന്ന്‌ ഏതാണ്ട്‌ മൂന്നര മണിയോടെയാണ്‌ തീ അണച്ചത്‌. ഇതിനായി ശക്തമായി വെള്ളമടിച്ചതിനാല്‍ ബെയ്‌സ്‌മെന്റിലാകെ വെള്ളമായിരുന്നു. സന്ധ്യയോടെയാണ്‌ വെള്ളം നീക്കം ചെയ്‌ത്‌ ഏതാണ്ട്‌ സാധാരണ നിലയായത്‌.
രാത്രി എട്ട്‌ മണിയോടെയായിയിരുന്നു അടുത്ത അത്യാഹിതം.
അഡ്‌മിനിസ്‌ട്രേഷന്‌ പുറമെ ഫാര്‍മസി, ലാബറട്ടറി, അടുക്കള, ലോണ്‍ട്രി എന്നിവയും കെട്ടിടത്തിന്റെ ബെയ്‌സ്‌മെന്റിലാണ്‌ പ്രവര്‍ത്തിക്കുന്നത്‌. ലബോറട്ടറിയുടെ തൊട്ടു മുമ്പില്‍ രാത്രി 7.50ന്‌ വന്‍ ശബ്‌ദം കേട്ട്‌ സൗദി വനിതകളുള്‍പ്പെടെ ജീവനക്കാര്‍ ഓടിരക്ഷപ്പെടുകയായിരുന്നു. എന്താണ്‌ കാര്യമെന്ന്‌ ആദ്യം വ്യക്തമായില്ലെന്നും എമര്‍ജന്‍സ്‌ വാതില്‍ വഴിയാണ്‌ രക്ഷപ്പെട്ടതെന്നും ഒരു ജീവനക്കാരന്‍ പറഞ്ഞു. ചൂടുവെള്ളത്തിന്റെ മുഖ്യ പൈപ്പാണ്‌ പൊട്ടിയത്‌. ഏതാണ്ട്‌ നാല്‍പ്പത്‌ ഇഞ്ച്‌ വലിപ്പമുള്ള പൈപ്പ്‌ പൊട്ടി ചീറ്റിയ വെള്ളം ബെയ്‌സ്‌മെന്റില്‍ പ്രളയം സൃഷ്‌ടിച്ചു. രാത്രിയായതിനാല്‍ അഡ്‌മിനിസ്‌ട്രേഷന്‍ വിഭാഗം ഒഴികെ മറ്റ്‌ എല്ലാ വിഭാഗങ്ങളും പ്രവര്‍ത്തിച്ചിരുന്നു.