`പ്രവാസികള്‍ തിരിച്ചുപോക്കിന്റെ സാധ്യത മുന്നില്‍ കണ്ട്‌ ജീവിതം നയിക്കണം'

ദമാം: ഒരു തിരിച്ചുപോക്കിന്റെ സാധ്യത ഏത്‌ നിമിഷവും മുന്നില്‍ കണ്ടുകൊണ്ടുള്ളതായിരിക്കണം പ്രവാസിയുടെ ജീവിതമെന്ന്‌ ദമാമില്‍ രിസാല സ്റ്റഡിസര്‍ക്കിള്‍ (ആര്‍.എസ്‌.സി.) സംഘടിപ്പിച്ച `പ്രവാസം; ശേഷിപ്പിന്റെ വര്‍ത്തമാനം' സെമിനാര്‍ അഭിപ്രായപ്പെട്ടു. അടുത്ത ഫെബ്രുവരി 10ന്‌ ദമാമില്‍ നടക്കുന്ന സോണല്‍ സമ്മേളനത്തിന്റെ ഭാഗമായി ലോക പ്രവാസി ദിനത്തോടനുബന്ധിച്ചാണ്‌ സെമിനാര്‍ സംഘടിപ്പിച്ചത്‌.

നാട്ടിലെ മൂല്യ വലയത്തില്‍ നിന്ന്‌ സ്വതന്ത്രനായെന്ന ധാരണയാണ്‌ തോന്നലാണ്‌ പ്രവാസിയെ അടിമുടി ഭരിക്കുന്നതെന്ന്‌ വിഷയം അവതരിപ്പിച്ച ലുഖ്‌മാന്‍ വിളത്തൂര്‍ അഭിപ്രായപ്പെട്ടു. സ്വന്തം അവസ്‌ഥ മൂടിവെച്ച്‌ ദുരഭിമാനിയാകാനും വര്‍ത്തമാനത്തില്‍ ജീവിക്കാതെ മനക്കോട്ടകളില്‍ അഭിരമിക്കാനും പ്രവാസി തുനിയുമ്പോള്‍ കണക്കുകൂട്ടലുകള്‍ തെറ്റുന്നു. ധര്‍മ്മത്തിലധിഷ്‌ടിതമായ സ്വയം കവചിതവലയത്തിനും സംഘബോധത്തിലൂടെ സൃഷ്‌ടിക്കപ്പെടുന്ന ഇത്തരം വീണ്ടുവിചാരങ്ങള്‍ക്കുമല്ലാതെ പ്രവാസ ശേഷിപ്പുകള്‍ക്ക്‌ നിറം പകരാനാകില്ലെന്ന്‌ ലുഖ്‌മാന്‍ പറഞ്ഞു.
പ്രവാസത്തിന്റെ ശേഷിപ്പുകള്‍ വരണ്ടതാകുന്നതിന്‌ കാരണം ശരിയായ കണക്കുപുസ്‌തകത്തിന്റെ അഭാവമാണ്‌. ആഘോഷങ്ങളുടെ പേരില്‍ സംഘടിക്കപ്പെടുന്ന ആട്ടവും പാട്ടുമായി പല പ്രവാസി സംഗമങ്ങളും ഒതുങ്ങുമ്പോള്‍ കാര്യബോധത്തിലൂന്നിയ ഇത്തരം വിചാരപ്പെടലുകളാണു സമൂഹം ആവശ്യപ്പെടുന്നതെന്നും സാമ്പത്തികഅച്ചടക്കവും ആസൂത്രണവുമുള്ള ഒരു സുശിക്ഷിത സമൂഹത്തെ വാര്‍ത്തെടുക്കുന്നതില്‍ ആര്‍.എസ്‌.സി പോലുള്ള സംഘടനകള്‍ക്ക്‌ പലതും ചെയ്യാനാകുമെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു.
ജവാദ്‌ മൗലവി (ഇനോക്‌), സഅദുദ്ധീന്‍ സഖാഫി (എസ്‌.വൈ.എസ്‌) പവനന്‍ മൂലക്കല്‍ (നവോദയ), ആലിക്കുട്ടി ഒളവട്ടൂര്‍ (കെ.എം.സി.സി), പി.എ.എം. ഹാരിസ്‌ (മലയാളംന}സ്‌), സാജിദ്‌ ആറാട്ടുപുഴ (മാധ്യമം), പി.ടി. അലവി (ജീവന്‍ ടിവി.) എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
ദമ്മാം സഫാ ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാറില്‍ ആര്‍.എസ്‌.സി. സോണ്‍ ചെയര്‍മാന്‍ അബ്‌ദുല്‍ ബാരി നദ്‌വി മോഡറേറ്ററായിരുന്നു. എസ്‌.വൈ.എസ്‌. ഉപാദ്ധ്യക്ഷന്‍ ആറ്റക്കോയത്തങ്ങള്‍ പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു. ആര്‍.എസ്‌.സി. സോണ്‍ വൈസ്‌ ചെയര്‍മാന്‍ മുഹമ്മദ്‌ കുഞ്ഞി അമാനി ഉദ്‌ഘാടനം ചെയ്‌തു. കര്‍മ സമിതി കണ്‍വീനര്‍ മുസ്‌തഫ മുക്കൂട്‌ സ്വാഗതവും `എട്ടിന പദ്ധതി' കോ-ഓര്‍ഡിനേറ്റര്‍ അബ്‌ദുസ്സലാം നെല്ലൂര്‍ നന്ദിയും പറഞ്ഞു. അബ്‌ദുല്‍ ഗഫൂര്‍ വാഴക്കാട്‌, ഇഖ്‌ബാല്‍ വെളിയങ്കോട്‌, അബ്‌ദുല്ല വിളയില്‍, ശിഹാബ്‌ വെന്നിയൂര്‍, ജാഫര്‍ സ്വാദിഖ്‌ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.