`രാഷ്‌ട്രീയ നേതാക്കള്‍ മതസ്ഥാപനങ്ങളുടെ ഭാരവാഹിത്വത്തില്‍ നിന്നും മാറിനില്‍ക്കണം'

ദമാം: രാഷ്‌ട്രീയ നേതാക്കള്‍ പള്ളി, മദ്രസ, യതീംഖാന, ഇസ്‌ലാമിക കലാലയങ്ങള്‍ തുടങ്ങിയവയുടെ ഭരണചുമതലകളില്‍ നിന്നും മാറിനില്‍ക്കണമെന്ന്‌ കേരള സുന്നി ജമാഅത്ത്‌ കൗണ്‍സില്‍ (കെ.എസ്‌.ജെ.സി) ഈസ്റ്റേണ്‍ പ്രോവിന്‍സ്‌ കമ്മിറ്റി അഭ്യര്‍ത്ഥിച്ചു. ഇസ്‌ലാമിക സ്ഥാപനങ്ങള്‍ ആരുടെയും പാര്‍ടി ഓഫീസുകളല്ലെന്ന്‌ യോഗം ഓര്‍മിപ്പിച്ചു.
കൊല്ലം ജില്ലയിലെ അന്‍വാര്‍ശ്ശേരി യതീംഖാന സ്ഥാപനത്തില്‍ നിന്നും മാറി അബ്‌ദുല്‍ നാസര്‍ മഅദനി സ്വന്തം വീട്ടിലോ, പാര്‍ടി ഓഫീസിലോ ഇരുന്ന്‌ രാഷ്‌ട്രീയം പറയണമെന്ന്‌ ആവശ്യപ്പെട്ട യോഗം ഈ പ്രവണത ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന്‌ ചൂണ്ടിക്കാട്ടി. എസ്‌.എന്‍.കെ. തങ്ങള്‍ അധ്യക്ഷത വഹിച്ചു. നാസിര്‍ മസ്‌താന്‍മുക്ക്‌, അജ്‌മല്‍ ചന്തവിള, നിസാം യുസൂഫ്‌, ഇഖ്‌ബാല്‍, നാദിര്‍ഷാ, ഹാരിസ്‌ തുടങ്ങിയവര്‍ പങ്കെടുത്തു. സെക്രട്ടറി സലീം ലബ്ബ സ്വാഗതം പറഞ്ഞു.