അന്വേഷണാത്മക പത്രപ്രവര്‍ത്തകര്‍ക്ക്‌ പോലും സത്യം പറയാനാവാതെ വരുന്നു: ശ്രീദേവി മേനോന്‍

ദമാം: അന്വേഷണാത്മക മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ പോലും പല ദാരുണ സംഭവങ്ങളുടെയും യാഥാര്‍ത്ഥ്യങ്ങള്‍ പലപ്പോഴും പറയാനാവാതെ വരുന്നുവെന്ന്‌ അല്‍ഖൊസാമ ഇന്റര്‍നാഷനല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശ്രീദേവി മേനോന്‍. മന്‍സൂര്‍ പള്ളൂര്‍ രചിച്ച ഇരുപത്തൊന്നാം നൂറ്റാണ്ട്‌ ആരുടേത്‌? എന്ന കൃതിയുടെ വിതരണ ഉദ്‌ഘാടനം നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു അവര്‍. ഇന്ത്യന്‍ എക്‌സ്‌പ്രസ്‌ ലേഖികയായി പ്രവര്‍ത്തിച്ച കാലഘട്ടത്തിലെ അനുഭവങ്ങളും ശ്രീദേവി മേനോന്‍ പങ്കുവെച്ചു.
സാംസ്‌കാരിക പ്രവര്‍ത്തകനും, ഇനോക്‌ ഉപദേശകസമിതിയംഗവുമായ മന്‍സൂര്‍ പള്ളൂര്‍ പത്ത്‌ വര്‍ഷക്കാലത്തിനിടയില്‍ ആനുകാലികങ്ങളില്‍ പ്രസിദ്ധപ്പെടുത്തിയ സമ്രാജ്യത്വവിരുദ്ധ ആശയങ്ങളടങ്ങുന്ന ഒമ്പത്‌ ലേഖനങ്ങളാണ്‌ ഈ കൃതിയില്‍. ഇനോക്‌ കേന്ദ്ര കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങില്‍ ഇനോക്‌ ഉപദേശകസമിതി ചെയര്‍മാനും ബദര്‍ അല്‍ റബീ ഡിസ്‌പന്‍സറി എം.ഡിയുമായ അഹമ്മദ്‌ പുളിക്കലിന്‌ പുസ്‌തകം നല്‍കി ശ്രീദേവി മേനോന്‍ വിതരണ ഉദ്‌ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന്‌ പുസ്‌കകത്തെക്കുറിച്ച നിരൂപണ സംവാദം ഉള്ളടക്കവും പങ്കെടുത്തവരുടെ വീക്ഷണ വൈവിധ്യവും വഴി ശ്രദ്ധേയമായി.
പ്രസിഡന്റ്‌ സി. അബ്‌ദുല്‍ ഹമീദ്‌ അധ്യക്ഷത വഹിച്ചു. കെ.എം. ബഷീര്‍ (കെ.ഐ.ജി.) ചര്‍ച്ചക്ക്‌ തുടക്കമിട്ടു. സി.വി. ജോസ്‌ (നവോദയ), സി. ഹാഷിം (കെ.എം.സി.സി), മാധ്യമപ്രവര്‍ത്തകരായ സാജിദ്‌ ആറാട്ടുപുഴ, മുജീബ്‌ കളത്തില്‍, എന്‍,യു ഹാഷിം തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഇനോക്‌ വക്താവ്‌ ജവാദ്‌ മൗലവി ചര്‍ച്ച അവലോകനം നടത്തി. അന്യരാജ്യങ്ങളുടെ പരമാധികാരങ്ങളില്‍ ഇടപെട്ട്‌ അമേരിക്കന്‍ സാമ്രാജ്യത്വം നടത്തിപ്പോരുന്ന ഭരണകൂട ഭീകരതയുടെ നേര്‍രൂപം ആധികാരിക തെളിവുകളുടെ പിന്‍ബലത്തില്‍ പൊതുസമൂഹത്തിന്റെ മുമ്പില്‍ സമര്‍പ്പിക്കുന്നതാണ്‌ ഈ കൃതി. ഒരു രാജ്യത്തെയോ അതിന്റെ പൗരന്മാരൈയോ അല്ല വികലമായ നയങ്ങളെയും തല്‍ഫലമായി ഉണ്ടായിട്ടുള്ള കെടുതികളെയുമാണ്‌ പരാമര്‍ശിച്ചിട്ടുള്ളതെന്ന്‌ ചര്‍ച്ചയില്‍ വിലയിരുത്തി.
വൈവിധ്യമാണ്‌ ഇന്ത്യയുടെ സവിശേഷ സംസ്‌കാരമെന്നും, അതിനാലാണ്‌ കോണ്‍ഗ്രസുകാരനായ താന്‍ പി. ഗോവിന്ദപ്പിള്ളയെക്കൊണ്ട്‌ അവതാരിക എഴുതിപ്പിച്ചതെന്നും മറുപടി പ്രസംഗത്തില്‍ മന്‍സൂര്‍ പള്ളൂര്‍ വ്യക്തമാക്കി. ഇന്ത്യപോലെ വിശാലമായ ഒരു രാജ്യം ഒരിക്കലും അമേരിക്കയുടെ കുതന്ത്രങ്ങളില്‍ കുടുങ്ങുകയില്ലെന്ന്‌ അദ്ദേഹം പറഞ്ഞു. പുസ്‌തകത്തിന്റെ സൗദി വിതരണക്കാരായ പ്രിയദര്‍ശനി ബുക്‌ ക്ലബ്ബിന്‌ വേണ്ടി അബ്‌ദുല്ലാ ഉമര്‍ഖാന്‍ പുസ്‌തകം പരിചയപ്പെടുത്തി. ഇനോക്‌ ജനറല്‍ സെക്രട്ടറിമാരായ തമ്പി പത്തിശ്ശേരി സ്വാഗതവും ബൈജു കുട്ടനാട്‌ നന്ദിയും പറഞ്ഞു.