മൂന്ന്‌ യുവാക്കള്‍ പോലീസ്‌ പിടിയില്‍
വാഹനം കയറ്റി കവര്‍ച്ചക്ക്‌ ശ്രമിച്ച സംഘം മലയാളിയെ മര്‍ദിച്ച്‌ പണം കവര്‍ന്നു

ദമാം: മലയാളിയുടെ മേല്‍ വാഹനം കയറ്റി കവര്‍ച്ചക്ക്‌ ശ്രമിച്ച അക്രമി സംഘം ക്രൂരമായി മര്‍ദിച്ച്‌ പണം കവര്‍ന്നു. വാഹനത്തിന്റെ നമ്പര്‍ പിന്തുടര്‍ന്ന പോലീസ്‌ അര മണിക്കൂറിനകം അക്രമികളെ പിടികൂടി. ദമാമിലാണ്‌ കഴിഞ്ഞ ദിവസം സിനിമാക്കഥകളെ വെല്ലുന്ന ഈ അക്രമം അരങ്ങേറിയത്‌.
തിരുവനന്തപുരം നെടുമങ്ങാട്‌ ആര്യനാട്‌ സുഷമേഷര ദാസ്‌ (47)ആണ്‌
അക്രമത്തിനിരയായത്‌. ദമാമിലെ സ്വകാര്യ ആശുപത്രിയില്‍ വലത്‌ കൈ സ്ലിംഗിലിട്ട്‌ ചികിത്സയിലായിരുന്ന ദാസ്‌ ഇന്നലെ ആശുപത്രി വിട്ടു. ദമാമില്‍ ജരീര്‍ ബുക്‌സ്റ്റോറിന്‌ സമീപമുള്ള പെട്രോള്‍ സ്റ്റേഷനിലാണ്‌ ദാസിന്‌ ജോലി.
ചൊവ്വാഴ്‌ച പതിനഞ്ചാം തീയതി പുലര്‍ച്ചെ രണ്ടര മണിയോടെയാണ്‌ പുതിയ ജി.എം.സി. വാഹനത്തില്‍ നല്ല തടിമിടുക്കുള്ള മൂന്ന്‌ യുവാക്കള്‍ എത്തിയത്‌. ഏതാണ്ട്‌ 22- 25 വയസ്‌ പ്രായം. വാഹനത്തില്‍ പെട്രോള്‍ അടിച്ച്‌ പത്ത്‌ റിയാല്‍ നല്‍കി. പിന്നീട്‌ വാഹനം കറക്കി ആരും സമീപത്തില്ലെന്ന്‌ ഉറപ്പ്‌ വരുത്തുന്നത്‌ കണ്ട്‌ സംശയം തോന്നിയതിനാല്‍ നമ്പര്‍ പ്രത്യേകം ശ്രദ്ധിച്ചു. പ്രതികളെ തിരിച്ചറിയാന്‍ അത്‌ രക്ഷയായി. മുമ്പ്‌ ഒരു ശ്രീലങ്കക്കാരനും ബീഹാരിക്കും ഇതേ നിലയില്‍ കവര്‍ച്ചക്ക്‌ വിധേയരായിട്ടുണ്ട്‌. അന്ന്‌ വാഹന നമ്പര്‍ കിട്ടാതിരുന്നതിനാല്‍ ആരെയും പിടികൂടാനായില്ല.
സ്ഥലത്തുണ്ടായിരുന്ന ബംഗ്ലാദേശിയെ വിരട്ടുന്നത്‌ കണ്ടതോടെ താനും മുറിയിലേക്ക്‌ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചതായി ദാസ്‌ പറഞ്ഞു. എന്നാല്‍ അതിനകം രണ്ട്‌ പേര്‍ വന്ന്‌ പിടികൂടി പത്ത്‌ മീറ്ററോളം വലിച്ചിഴച്ചു. തന്റെ രക്ഷക്കെത്താന്‍ ആരുമില്ലായിരുന്നു. ദേഹത്ത്‌ വാഹനം കയറ്റിയിറക്കാന്‍ അതിവേഗതയില്‍ വാഹനമെടുത്തെങ്കിലും ഭാഗ്യവശാല്‍ ഒഴിഞ്ഞുമാറാനായി. ഇതോടെ വാഹനത്തില്‍ #ിന്നും മൂന്നാമനും ഓടിയെത്തി.
രണ്ട്‌ പേര്‍ കൈകള്‍ പിടിച്ച്‌ ഞെരിച്ചമര്‍ത്തി കഴയില്‍ നിന്നും വേര്‍പ്പെട്ട നിലയിലാക്കി. മൂന്നാമന്‍ പോക്കറ്റിലുണ്ടായിരുന്ന പണം കവര്‍ന്നു. പതിനായിരത്തോളം റിയാലുണ്ടായിരുന്നത്‌ കവര്‍ച്ചാ ഭീതി കാരണം നേരത്തെ മേശക്കകത്ത്‌ വെച്ച്‌ പൂട്ടിയിരുന്നതിനാല്‍ അവരുടെ കൈയില്‍ കിട്ടിയില്ല. നമ്പര്‍ പ്ലൈറ്റ്‌ മടക്കിവെച്ചാണ്‌ സംഘം സ്ഥലംവിട്ടത്‌.
നൂറ്‌ മീറ്റര്‍ അകലെ താമസിക്കുന്ന തമിഴ്‌നാട്ടുകാരനായ മുദീറിനെ അറിയിച്ച്‌ അക്രമികളുടെ വാഹനത്തിന്റെ നമ്പര്‍ പോലീസിന്‌ വിവരം കൊടുത്തു. കവര്‍ച്ചക്കുള്ള നീക്കവുമായി സമീപത്തെ മറ്റൊരു പെട്രോള്‍ സ്റ്റേഷനിലുണ്ടായിരുന്ന മൂന്ന്‌ പേരെയും വാഹനത്തോടൊപ്പം പോലീസ്‌ പിടികൂടി.
ആംബുലന്‍സ്‌ വരുത്ത്‌ പോലീസ്‌ ദാസിനെ ദമാം മെഡിക്കല്‍ കോംപ്ലക്‌സിലേക്ക്‌ അയച്ചു. ആശുപത്രിക്കുള്ള യാത്രക്കിടയില്‍ തന്നെ ദമാം ശിമാലിയ പോലീസ്‌ സ്റ്റേഷനിലേക്ക്‌ തന്നെ വിളിപ്പിച്ചുവെന്നും മൂന്ന്‌ അക്രമികളെയും താന്‍ തിരിച്ചറിഞ്ഞുവെന്നും ദാസ്‌ പറഞ്ഞു. നഷ്‌ടപരിഹാരം നല്‍കാമെന്ന വാഗ്‌ദാനാവുമായി അക്രമികളുടെ ബന്ധുക്കള്‍ ബന്ധപ്പെട്ടതായി ദാസ്‌ വെളിപ്പെടുത്തി.
ജോലി ചെയ്‌ത്‌ ജിവിക്കാനാവാത്ത വിധം ദാസിന്റെ കൈകളുള്‍പ്പെടെ എല്ലുകള്‍ ഞെരിച്ചമര്‍ത്തിയിട്ടുണ്ട്‌. മാസങ്ങളോളം ഇനി ജോലി ചെയ്യാനാവില്ലെന്നാണ്‌ ഡോക്‌ടറുടെ അഭിപ്രായം. ഹോസ്‌ എടുക്കാന്‍ പോലും പറ്റില്ലെന്നാണ്‌ പറഞ്ഞതെന്ന്‌ ദാസ്‌ ദു:ഖത്തോടെ പറഞ്ഞു.
ഏതാണ്ട്‌ ആറ്‌ വര്‍ഷക്കാലം നേരത്തെ സൗദിയില്‍ ജോലി ചെയ്‌തിരുന്നു. തിരിച്ചുപോയി പുതിയ വിസയില്‍ ഒമ്പത്‌ മാസമേ ആയുള്ളു. ഭാര്യയും രണ്ട്‌ മക്കളും അടങ്ങുന്നതാണ്‌. മക്കള്‍ പഠിക്കുന്നു. ഏറെ വിഷമിച്ചാണ്‌ വന്നത്‌. വിസയുടെ കടം പോലും തീര്‍ന്നിട്ടില്ല. ഇന്ത്യന്‍ എംബസിയും ദമാമിലെ സാമൂഹിക പ്രവര്‍ത്തകരും തനിക്ക്‌ മാര്‍ഗദര്‍ശനവും സഹകരണവും നല്‍കുമെന്ന
പ്രതീക്ഷയിലാണ്‌ ദാസ്‌.