വീറും വാശിയുമില്ല; 36 പേര്‍ രംഗത്ത്‌
ദമാം അശര്‍ഖിയ ചേമ്പര്‍ സമിതി തിരഞ്ഞെടുപ്പ്‌ ഇന്ന്‌ തുടങ്ങുന്നു

ദമാം: വീറും വാശിയുമില്ലാതെ അശര്‍ഖിയ ചേമ്പര്‍ ഭരണസമിതി തിരഞ്ഞെടുപ്പിന്‌ ഇന്ന്‌ തുടക്കം.പതിനെട്ടംഗ സമിതിയിലേക്ക്‌ 12 പേരെയാണ്‌തിരഞ്ഞെടുക്കേകണ്ടത്‌. ആറ്‌ പേരെ പിന്നീട്‌ വാണിജ്യ - വ്യവസായ മന്ത്രി നാമനിര്‍ദേശം ചെയ്യും. ഇന്ന്‌ ആരഭിക്കുന്ന വോട്ടെടുപ്പ്‌ 23ന്‌ ബുധനാഴ്‌ച സമാപിക്കും. ദമാം, അല്‍കോബാര്‍, ദഹ്‌റാന്‍, ജുബൈല്‍, രസ്‌തനൂര, ഖതീഫ്‌, സൈഹാത്ത്‌, ഹഫര്‍ അല്‍ ബാത്തിന്‍ എന്നിവടങ്ങളിലായി 24,000 അംഗങ്ങളാണ്‌ വോട്ടര്‍മാര്‍.
പന്ത്രണ്ട്‌ സീറ്റുകളിലേക്ക്‌ മൂന്ന്‌ വനിതകളുള്‍പ്പെടെ 36 പേരാണ്‌ മത്സരിക്കുന്നത്‌.
പ്രവിശ്യയിലെ ബിസിനസ്‌ രംഗത്തെ പ്രമുഖരായ നിലവിലുള്ള ചേമ്പര്‍ പ്രസിഡന്റ്‌ അബ്‌ദുല്‍ റഹ്‌മാന്‍ അല്‍ റാഷിദ്‌, ഇബ്രാഹിം അല്‍ ജുമൈഹ്‌, ഖാലിദ്‌ എച്ച്‌. അല്‍ ഖഹ്‌താനി, അബ്‌ദുല്ലാ അല്‍ അമ്മാര്‍, ഫഹദ്‌ അല്‍ ശാരിയ തുടങ്ങിയവര്‍ മത്സരരംഗത്തുണ്ട്‌. ദിന അല്‍ ഫാരിസ്‌, സുആദ്‌ അല്‍ സൈദി, ഫൗസിയ അല്‍ കര്‍റി എന്നിവരാണ്‌ മത്സരിക്കുന്ന വനിതകള്‍. അശര്‍ഖിയ ചേമ്പറില്‍ വനതികളുടെ സമിതിയുടെ അധ്യക്ഷയാണ്‌ അല്‍ സൈദി. 53 പേര്‍ മത്സരിച്ച കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ആറ്‌ വനിതകള്‍ രംഗത്തുണ്ടായിരുന്നു.
നാല്‌ വര്‍ഷം മുമ്പാണ്‌ ആദ്യമായി ചേമ്പര്‍ ഭാരവാഹികളെ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുത്തത്‌. അന്ന്‌ വനിതകളും ശക്തമായ രംഗത്തുണ്ടായിരുന്നു. പ്രഥമ തിരഞ്ഞെടുപ്പിന്‌ ഇതല്ലായിരുന്നു സ്ഥിതി. രണ്ട്‌ ചേരികളിലായി വാണിജ്യ - വ്യവസായ രംഗങ്ങളിലെ ഒന്നാംകിടക്കാര്‍ ഏറ്റുമുട്ടിയപ്പോള്‍ പ്രചരണം ഫ്‌ളക്‌സ്‌ ബോര്‍ഡുകളും വന്‍ പരസ്യങ്ങളും തമ്പുകളും മാറ്റുമായി തീപാറിയിരുന്നു. ഇത്തവണ വ്യവാസായികളിലോ, വ്യാപാരികളിലോ, പൊതു സമൂഹത്തിലോ തിരഞ്ഞെടുപ്പിന്റെ ഒരു തരം അലയൊലികളുമില്ല.
പരസ്യപ്രചാരണത്തിന്‌ നിരോധം ഏര്‍പ്പെടുത്തിയതാണ്‌ ഇത്തവണ തിരഞ്ഞെടുപ്പിനെ ശാന്തമാക്കിയത്‌. ഇത്തവണ ഫോണുകളിലും ഹോട്ടലുകളിലെ പാര്‍ട്ടികളില്‍ മാത്രം ഒതുങ്ങി.
ഖഫ്‌ജിയിലും ഖതീഫിലുമമാണ്‌ ഇന്ന്‌ വോട്ടെടുപ്പ്‌. നാളെ ഹഫര്‍ അല്‍ ബാത്തിനിലും രസ്‌തനൂരയിലും വോട്ടെടുപ്പ്‌ നടക്കും. ജുബൈലില്‍ 21ന്‌ തിങ്കളാഴ്‌ചയാണ്‌. അന്ന്‌ തന്നെ ദമാം ചേമ്പര്‍ ആസ്ഥാനത്ത്‌ വനിതകള്‍ക്ക്‌ വോട്ട്‌ രേഖപ്പെടുത്താം. ദമാമിലും കോബാറിലുമുള്ള പുരുഷ വോട്ടര്‍മാര്‍ക്ക്‌ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ വോട്ട്‌ ചെയ്യാം. ബുധനാഴ്‌ച രാത്രിയോടെ തിരഞ്ഞെടുപ്പ്‌ ഫല പ്രഖ്യാപനം നടക്കും.