കളിക്കളത്തില്‍ മൂന്നര ദശകം പിന്നിടുന്ന മമ്പാട്‌ ഉമറിന്‌ ഉപഹാരം

ദമാം: മുപ്പത്തിയഞ്ച്‌ വര്‍ഷക്കാലമായി നാട്ടിലും പ്രവാസഭൂമിയിലും ഫുട്‌ബാള്‍ കളിച്ചും കളിപ്പിച്ചും സജീവ സാന്നിധ്യമായ ദമാമിലെ മമ്പാട്‌ ഉമറിനെ അല്‍ കോബാര്‍ യൂനൈറ്റഡ്‌ ഫുട്‌ബോള്‍ ക്ലബ്‌ ആദരിച്ചു. അല്‍കോബാറില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സാമൂഹിക പ്രവര്‍ത്തകനായ മുഹമ്മദ്‌ നജാത്തി യനൈറ്റഡ്‌ എഫ്‌.സിയുടെ ഉപഹാരം നല്‍കി. അഷ്‌റഫ്‌ (നെസ്റ്റോ,) ആന്റണി (അറ്റ്‌ലസ്‌), സതീഷ്‌ പരുമല (ഡിഫ) രാജു ലൂക്കാസ്‌, നൗഷാദ്‌ ഒരുമനയൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. മുജീബ്‌ കളത്തില്‍ സ്വാഗതവും ശരീഫ്‌ മാനൂര്‍ നന്ദിയും പറഞ്ഞു.
മമ്പാട്‌ ഗവണ്മെന്റ്‌ ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ കളിച്ച്‌ വളര്‍ന്ന ഉമര്‍ സ്‌കൂള്‍ ക്യാപ്‌റ്റനായും ജില്ലാ ടീമംഗമായും മലപ്പുറത്തെ കളിക്കളങ്ങളില്‍ ആദ്യകാലങ്ങളില്‍ നിറഞ്ഞ്‌ നിന്നിരുന്നു. റഹ്‌മാന്‍ മമ്പാട്‌, ഷബീറലി, ആസിഫ്‌ സഹീര്‍, ഹമീദ്‌, അഷ്‌റഫ്‌, ഹബീബ്‌ റഹ്‌മാന്‍ തുടങ്ങിയ പ്രമുഖ താരങ്ങളെ ഫുട്‌ബോളിന്‌ നല്‍കിയ മമ്പാട്‌ ഫ്രന്റ്‌സ്‌ ക്ലബ്ബിന്റെ സംഘാടകരിലൊരാളായിരുന്നു അദ്ദേഹം.
കുറഞ്ഞകാലം പട്ടാമ്പിയില്‍ ഇലക്‌ട്രിക്കല്‍ സാമഗ്രികളുടെ ബിസിനസ്‌ നടത്തി. 1993ലാണ്‌ സൗദിയിലെത്തിയത്‌. ദമാമില്‍ 2003ലാണ്‌ ഫുട്‌ബോള്‍ കളികള്‍ സജീവമാകുന്നതെന്ന്‌ ഉമര്‍ പറഞ്ഞു. ആ കാലം മുതല്‍ തന്നെ മൈതാനങ്ങളില്‍ കളിക്കാരെ അണിനിരത്തി ഉമര്‍ സജീവമായിരുന്നു. നിലവില്‍ ദമാം ബദര്‍ അല്‍ റബീ ക്ലബിന്റെ പ്രസിഡന്റായ ഉമര്‍ തികഞ്ഞ മതവിശ്വാസി കൂടിയാണ്‌.
ദമാമിലെ കളിക്കാര്‍ക്കിടയിലും സംഘാടകര്‍ക്കിടയിലും അനാരോഗ്യകരമായ വീറും വാശിയും കൂടി വരുന്നതില്‍ ഏറെ അസ്വസ്ഥനാണ്‌ ഈ കാരണവര്‍, കളിക്കാര്‌ക്ക്‌ പണം നല്‍കി കളിപ്പിക്കുന്നത്‌ നല്ല പ്രവണതയല്ലെന്നും, ഫുട്‌ബോളിനെ സ്‌നേഹിക്കുന്നവര്‍ക്ക്‌ ചേര്‍ന്നതല്ല പണത്തിന്‌ വേണ്ടിയുള്ള കളിയെന്നും ഉമര്‍ മമ്പാട പറയുന്നു. ശിഷ്‌ട ജീവിതവും ഫുട്‌ബോളിന്‌ വേണ്ടി സമര്‍പ്പിക്കാനാണ്‌ ഇഷ്‌ടപ്പെടുന്നത്‌. ദമാം അല്‍ ദുഖൈര്‍ ക്ലിനിക്കില്‍ അറ്റന്‍ഡറായ മകന്‍ സഫ്‌വാന്‍ വളര്‍ന്ന്‌ വരുന്ന ഫുട്‌ബോള്‍ താരമാണ്‌.
ദമാമിലെ കളിക്കളങ്ങളില്‍ 52-ാമത്തെ വയസിലും സജീവമായിരുന്ന ചെര്‍പ്പുളശ്ശേരി ഇഖ്‌ബാലിനെ കഴിഞ്ഞ വര്‍ഷം യുനൈറ്റഡ്‌ എഫ്‌.സി. ക്ലബ്‌ ആദരിച്ചിരുന്നു.