ഇനോക്കിന്‌ പുതിയ കേന്ദ്ര കമ്മിറ്റി വരുന്നു

ദമാം: ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന കിഴക്കന്‍ പ്രവിശ്യയിലെ ഇന്ത്യന്‍ നാഷനല്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ (ഇനോക്‌)ന്‌ പുതിയ കേന്ദ്ര നേതൃത്വം വരുന്നു. ജനവരി അവസാനത്തോടെ പുതിയ നേതൃത്വം സ്ഥാനമേല്‍ക്കും. ഇനോക്‌ നിയമാവലിയില്‍ കേന്ദ്ര കമ്മിറ്റി പ്രസിഡന്റിന്റെ കാലാവധി ഒരു വര്‍ഷമായി വ്യവസ്ഥ ചെയ്‌തിട്ടുണ്ട്‌. ജനവരി മുതല്‍ ഡിസമ്പര്‍ വരെയാണ്‌ പ്രവര്‍ത്തനവര്‍ഷം.
തിരഞ്ഞെടുപ്പിന്റെ സുഗമായ നടത്തിപ്പിന്‌ നേതൃത്വം നല്‍കുന്നതിന്‌ ഉപദേശകസമിതിയംഗം എസ്‌.എസ്‌. പ്രസാദ്‌ മുഖ്യ തിരഞ്ഞെടുപ്പ്‌ കമ്മീഷനറും, ഉപദേശക സമിതിയംഗങ്ങളായ നസീര്‍ മണിയംകുളം, എം.കെ. ഷംസുദ്ദീന്‍, രാജു കുര്യന്‍ എന്നിവര്‍ അംഗങ്ങളുമായി നാലംഗ തിരഞ്ഞെടുപ്പ്‌ കമ്മീഷനെ നിയമിച്ചതായി ഇനോക്‌ പ്രസിഡന്റ്‌ സി. അബ്‌ദുല്‍ ഹമീദ്‌ പത്രക്കുറിപ്പില്‍ അറിയിച്ചു.
ഡിസംബര്‍ 25ന്‌ മുമ്പ്‌ യൂനിറ്റ്‌ തലത്തിലുള്ള അംഗത്വ വിതരണം പൂര്‍ത്തിയാക്കി ജനവരി പതിനഞ്ചിന്‌ ഭാരവാഹികളെ തിരഞ്ഞെടുക്കും. ഗള്‍ഫിലെ കോണ്‍ഗ്രസ്‌ പ്രവാസി സംഘടനകളുടെ ചുമതല വഹിക്കുന്ന സെക്രട്ടറിമാരായ കെ.സി.രാജന്‍, മാന്നാര്‍ അബ്‌ദുല്‍ ലത്തീഫ്‌ എന്നിവര്‍ ഇതോടനുബന്ധിപ്പ്‌ ദമാമിലെത്തുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. ജനവരി 26ന്‌ പുതിയ കമ്മിറ്റി അധികാരമേല്‍ക്കുമെന്ന്‌ പത്രക്കുറിപ്പില്‍ പറയുന്നു.
ദമാം കേന്ദ്രമായി പ്രവര്‍ത്തിച്ചു വന്ന ആറ്‌ കോണ്‍ഗ്രസ്‌ അനുകൂല സംഘടനകള്‍ ഏകീകരിച്ച്‌ കഴിഞ്ഞ വര്‍ഷം ജനവരിയിലാണ്‌ ഇനോക്‌ രൂപീകൃതമായത്‌. ജനവരി 22ന്‌ ദമാമില്‍ ഇനോക്‌ നിലവില്‍ വന്നതായി കെ.പി.സി.സി. പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തലയാണ്‌ പ്രഖ്യാപിച്ചത്‌. കെ.പി.സിസിയുടെ അംഗീകാരം ഇനോകിനാണെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ അധികം വൈകാതെ തന്നെ ഓ.ഐ.സി.സി. രൂപീകൃതമായി. ഇനോകില്‍ ലയിച്ച ഐ.ഓ.സി. പുന:സംഘടിപ്പിച്ചതായി ഒരു വിഭാഗം നേതാക്കള്‍ പ്രഖ്യാപിച്ചു. എങ്കിലും പ്രവിശ്യയിലെ ഏറ്റവും വിപുലമായ കോണ്‍ഗ്രസ്‌ അനുകൂല സംഘടനയായി ഇനോക്‌ മാറിക്കഴിഞ്ഞു. 22 ഘടകങ്ങളിലായി ആയിരത്തി അഞ്ഞൂറോളം പേര്‍ ഇനോക്‌ അംഗങ്ങളാണെന്ന്‌ പ്രസിഡന്റ്‌ സി. അബ്‌ദുല്‍ ഹമീദ്‌ വെളിപ്പെടുത്തി.