ജുബൈല്‍ ഇന്ത്യന്‍ സ്‌കൂളില്‍ വര്‍ണാഭമായ ചിത്രപ്രദര്‍ശനം

ദമാം: ജുബൈല്‍ ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂളില്‍ ആകര്‍ഷകമായ ചിത്രപ്രദര്‍ശനം സംഘടിപ്പിച്ചു. സ്‌കൂളിലെ നാല്‌ മുതല്‍ ഏഴ്‌ വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി നടന്ന ദശദിന അവധിക്കാല ശില്‍പ്പശാലയുടെ ഭാഗമായാണ്‌ മേള സംഘടിപ്പിച്ചത്‌. ചിത്രകല, മോഡല്‍ നിര്‍മ്മാണം, കഥ വായന തുടങ്ങി വിവിധ ഇനങ്ങള്‍ ഉള്‍പ്പെടുത്തിയ ക്യാമ്പ്‌ കുട്ടികള്‍ക്ക്‌ സമാനപ്രായക്കാരുടെ കൂട്ടായ പഠനത്തിന്‌ പ്രോത്സാഹനമായി. പുതുതായി നിയമിതനായ മലയാളി ക്രാഫ്‌റ്റ്‌ അധ്യാപകന്‍ സുനില്‍ കുമാര്‍ നേതൃത്വം നല്‍കിയ ശില്‍പ്പശാലയില്‍ 260 കുട്ടികള്‍ സംബന്ധിച്ചു.
ശില്‍പ്പശാലയുടെ ഒമ്പതാം ദിനത്തിലാണ്‌ കുട്ടികള്‍ വരച്ച എണ്ണൂറോളം ചിത്രങ്ങളുമായി മേള ഒരുക്കിയത്‌. എംബ്രോയ്‌ഡറി, കരകൗശല വസ്‌തുക്കള്‍ തുടങ്ങിയവയും പ്രദര്‍ശനത്തിലുണ്ടായിരുന്നു. നൂറ്‌ കണക്കിന്‌ രക്ഷിതാക്കളും കുട്ടികള്‍ക്ക്‌ പുറമെ പ്രദര്‍ശനം കാണാനെത്തി. വിവിധ വിഭാഗങ്ങളില്‍ സമ്മാനം നേടിയ കുട്ടികള്‍ക്ക്‌ ചെയര്‍മാന്‍ ജംഷീദ്‌ അഖ്‌തര്‍, സമിതിയംഗങ്ങളായ യു.എ. റഹീം, ആസിഫ്‌ ദാവൂദി,തുടങ്ങിയവര്‍ സമ്മാനം നല്‍കി. സമാപനചടങ്ങില്‍ പ്രിന്‍സിപ്പല്‍ ഷാഹുല്‍ ഹമീദ്‌, ക്രാഫ്‌റ്റ്‌ അധ്യാപകന്‍ സുനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.