ആര്‍.സി.സി. പ്രതിനിധി സംഘം ജനവരിയില്‍ സൗദിയിലെത്തുന്നു

ദമാം: കാന്‍സര്‍ കെയര്‍ ഫോര്‍ ലൈഫ്‌ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഊര്‍ജം പകരുന്നതിന്‌ തിരുവനന്തപുരം റീജനല്‍ കാന്‍സര്‍ സെന്റര്‍ (ആര്‍.സി.സി.) ഡയരക്‌ടറുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ജനവരിയില്‍ സൗദിയിലെത്തുന്നു. റിയാദിലും ജിദ്ദയിലും അബ്‌ഹയിലും ഉള്‍പ്പെടെ സൗദിയുടെ വിവിധ ഭാഗങ്ങളില്‍ സംഘം സന്ദര്‍ശനം നടത്തും. ദമാം പാരഗ
ണ്‍ റസ്റ്റോറന്റില്‍ ചേര്‍ന്ന ദമാമിലെ സാമൂഹിക - സാംസ്‌കാരിക സംഘടനകളുടെയും പ്രാദേശിക കൂട്ടായ്‌മകളുടെയും പ്രമുഖ വ്യക്തികളുടെയും യോഗം ആര്‍.സി.സി പ്രതിനിധി സംഘത്തിന്റെ സന്ദര്‍ശന പരിപാടി വിജയിപ്പിക്കുന്നതിന്‌ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിക്ക്‌ രൂപം നല്‍കി.
ജവാദ്‌ മൗലവി (ഇനോക്‌) ചെയര്‍മാനും പി.ടി. അലവി (ജീവന്‍ ടീ.വി), സുരേഷ്‌ ഭാരതി (താന്‍സ്‌വ) എന്നിവര്‍ വൈസ്‌ ചെയര്‍മാന്‍മാരും ഇ.എം. കബീര്‍ കണ്‍വീനറും സി.വി, ജോ,സ്‌ (നവോദയ), നവാസ്‌ തിരുവനന്തപുരം (നവയുഗം) എന്നിവര്‍ ജോയിന്റ്‌ കണ്‍വീര്‍മാരുമായാണ്‌ കോഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ചത്‌. കെ.എം. ബഷീര്‍, പി.എ.എം. ഹാരിസ്‌, മുഹമ്മദ്‌ നജാത്തി, റഫീഖ്‌ യൂനുസ്‌ എന്നിവര്‍ രക്ഷാധികാരികളായിരിക്കും. എന്‍.യു. ഹാഷിമിന്റെ നേതൃത്വത്തിലുള്ള മീഡിയാ കമ്മിറ്റിയില്‍ എല്ലാ മാധ്യമപ്രതിനിധികളും അംഗമാണ്‌. വിവിധ സംഘടനകളുടെയും പ്രാദേശിക കൂട്ടായ്‌മകളുടെയും രണ്ട്‌ വീതം പ്രതിനിധികള്‍ വര്‍ക്കിംഗ്‌ കമ്മിറ്റിയില്‍ അംഗമായിരിക്കും. ബഷീര്‍ വരോട്‌ അവതരിപ്പിച്ച പാനല്‍ ചില ഭേദഗതികളോടെ യോഗം അംഗീകരിക്കുകയായിരുന്നു. കെ.എം.സി.സി. പ്രതിനിധി യോഗത്തില്‍ സംബന്ധിച്ചുവെങ്കിലും സമിതി അംഗത്വത്തില്‍ നിന്നും വിട്ടുനിന്നു.
അംഗത്വ പദ്ധതിയുടെ ഇത്‌ വരെയുള്ള പുരോഗതി അദ്ദേഹം വിശദീകരിച്ചു. നവോദയ പ്രസിഡന്റ്‌ പ്രദീപ്‌ കൊട്ടിയം അധ്യക്ഷനായിരുന്നു. ജനറല്‍ സെക്രട്ടറി എം.എം.നഈം സന്ദര്‍ശന പരിപാടി വിശദീകരിച്ചു. കാന്‍സര്‍ കെയര്‍ ഫോര്‍ ലൈഫ്‌ പദ്ധതിയുടെ സൗദി കോഓര്‍ഡിനേറ്റര്‍മാരിലൊരാളായ ഇ.എം. കബീര്‍ സ്വാഗതംവും വെല്‍ഫെയര്‍ വിഭാഗം കണ്‍വീനര്‍ പവനന്‍ മൂലക്കീല്‍ നന്ദിയും പറഞ്ഞു.