പൊതുമാപ്പ്‌: കിഴക്കന്‍ പ്രവിശ്യയില്‍ 120 പേര്‍ ജയില്‍ മോചിതരായി

ദമാം: സൗദി ഭരണാധികാരി അബ്‌ദുല്ലാ രാജാവ്‌ രാജ്യത്തെ തടവുകാര്‍ക്ക്‌ പ്രഖ്യാപിച്ച പൊതുമാപ്പിന്റെ ആനൂകൂല്യത്തില്‍ കിഴക്കന്‍ പ്രവിശ്യയില്‍ നിന്നും ആദ്യ ഘട്ടമായി 120 പേര്‍ ജയില്‍ മോചിതരായി. വനിതകളും പുരുഷന്മാരുമായ തടവുകാര്‍ മോചിതരായിട്ടുണ്ട്‌. അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ മോചിതരാകും. മോചിതരാകുന്നവരില്‍ സ്വദേശികളും ഇന്ത്യക്കാരുള്‍പ്പെടെ വിദേശികളുമുള്‍പ്പെടും. മോാചനം സംബന്ധമായ ഉത്തരവ്‌ നടപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ എത്രയും വേഗം പൂര്‍ത്തിയാക്കുമെന്ന്‌ കിഴക്കന്‍ പ്രവിശ്യാ ജയില്‍ മേധാവി ക്യാപ്‌റ്റന്‍ അബ്‌ദുല്ല അലി അല്‍ ബുലുഷി പറഞ്ഞു.
സൗദി കിരീടാവകാശിയും പ്രതിരോധ വ്യോമയാന മന്ത്രിയുമായ സുല്‍ത്താന്‍ രാജകുമാര്‍ ചികിത്സ കഴിഞ്ഞ്‌ സുഖമായി തിരിച്ചെത്തിയതിന്റെ സന്തോഷ സൂചകമായി പ്രഖ്യാപിച്ച പൊതുമാപ്പിന്റെ ആനൂകൂല്യം എല്ലാ പ്രവിശ്യകളിലും ജയിലുകളില്‍ കഴിയുന്ന തടവുകാര്‍ക്ക്‌ ലഭിക്കുമെന്ന്‌ സൗദി ജയില്‍ വകുപ്പ്‌ മേധാവി മേജര്‍ ജനറല്‍ ഡോക്‌ടര്‍ അലി അല്‍ ഹാരിഥി വ്യക്തമാക്കിയിരുന്നു.
രാജ്യത്തെ പതിമൂന്ന്‌ പ്രവിശ്യാ ഗവര്‍ണര്‍മാരുടെ ആസ്ഥാനങ്ങളിലേക്കും പൊതുമാപ്പിന്റെ ഉത്തരവ്‌ അയക്കുമെന്നും, ഇത്‌ രാജ്യത്തെ ഭൂരിഭാഗം തടവുകാര്‍ക്കും ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തടവ്‌ ശിക്ഷ വിധിക്കപ്പെട്ട്‌ വിവിധ ജയിലുകളില്‍ കഴിയുന്നവരും, വ്യക്തിപരമായ ഇടപാടുകള്‍ പൂര്‍ത്തിയാക്കിയവരുമായ തടവുകാര്‍ക്കാണ്‌ ശിക്ഷയില്‍ ഇളവ്‌ ലഭിക്കുക. മയക്കുമരുന്ന്‌ കടത്ത്‌, ഭീകരവാദം, രാജ്യദ്രോഹം തുടങ്ങിയ വലിയ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവര്‍ക്ക്‌ ഈ ഇളവ്‌ ലഭിക്കില്ല. പൊതു സുരക്ഷക്ക്‌ ഭീഷണിയല്ലാത്ത ചെറിയ കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെട്ട്‌ ശിക്ഷാവിധി വന്നതിന്റെ അടിസ്ഥാനത്തില്‍ തടവുകാരായി കഴിയുന്നവര്‍ക്കാണ്‌ ആനുകൂല്യം ബാധകമാവുക. എന്നാല്‍ വിചാരണ തടവുകാര്‍ക്ക്‌ ഇളവ്‌ ലഭിക്കാന്‍ സാധ്യതയില്ല.
ജയില്‍ ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം നാട്‌ കടത്താന്‍ കോടതികള്‍ ഉത്തരവിട്ടവരെ സ്വദേശത്തേക്ക്‌ തിരിച്ചയക്കും. വിരലടയാളങ്ങള്‍ രേഖപ്പെടുത്തുന്നതിനാല്‍ അവര്‍ക്ക്‌ പിന്നീട്‌ സൗദിയിലേക്ക്‌ വരാന്‍ കഴിയില്ല.