സി.ബി.എസ്‌.ഇ സിലബസില്‍ ജുബൈലില്‍ പുതിയ ഇന്റര്‍നാഷനല്‍ സ്‌കൂള്‍ തുടങ്ങുന്നു

ദമാം: ഇന്ത്യന്‍ സമൂഹത്തിന്‌ വിദ്യാഭ്യാസ മേഖലയില്‍ പുതിയൊരു അവസരമൊരുക്കി ജുബൈലില്‍ സ്വകാര്യ മേഖലയില്‍ ഒരു ഇന്റര്‍നാഷനല്‍ സ്‌കൂള്‍ തുടങ്ങുന്നു. അടുത്ത അധ്യയന വര്‍ഷത്തില്‍ സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന്‌ ചെയര്‍മാന്‍ അബ്‌ദുല്‍ സലാം പെരുമ്പാവൂര്‍ മലയാളം ന്യൂസിനോട്‌ പറഞ്ഞു. ബ്രില്യന്റ്‌ ഇന്റര്‍നാഷനല്‍ സ്‌കൂള്‍ എന്ന പേരില്‍ സി.ബി.എസ്‌.ഇ സിലബസില്‍ ആരംഭിക്കുന്ന സ്‌കൂളില്‍ തുടര്‍ന്ന്‌ കാംബ്രിഡ്‌ജ്‌ സിലബസ്‌ കൂടി ഉള്‍പ്പെടുത്തി രണ്ട്‌ പാഠ്യപദ്ധതികളുമായാണ്‌ പ്രവര്‍ത്തിക്കുക. പ്രമുഖ വിദ്യാഭ്യാസ വിദഗ്‌ധന്‍ ഡോ. രവിശങ്കര്‍ അക്കാദമിക രംഗത്ത്‌ മേല്‍നോട്ടം വഹിക്കും. നാട്ടില്‍ നിന്നും പരിചയ സമ്പന്നരായ അധ്യാപകരെ നിയമിക്കുമെന്ന്‌ അബ്‌ദുല്‍ സലാം പറഞ്ഞു. പ്രൊഫഷണലുകള്‍ വളരെ കൂടുതലുള്ള ജുബൈല്‍ മേഖലയിലെ ഇന്ത്യന്‍ സമൂഹത്തെ മുന്നില്‍ കണ്ട്‌ ആഗോള കാഴ്‌ചപ്പാടില്‍ ഗുണമേന്മയുള്ള വിദ്യാഭ്യാസം ലക്ഷ്യംവെച്ച്‌ ഉന്നത നിലവാരത്തിലുള്ള സ്‌കൂള്‍ തുടങ്ങാനാണ്‌ ഉദ്ദേശിക്കുന്നത്‌.വിദ്യാഭ്യാസ രംഗത്ത്‌ ഒരു ദശകത്തോളം പരിചയമുള്ള മാനേജ്‌മെന്റിന്‌ കീഴില്‍ മിഡില്‍ ഈസ്റ്റ്‌ ഇന്റര്‍നാഷനല്‍ സ്‌കൂളിന്റെ സഹോദര സ്ഥാപനമായാണ്‌ ബ്രില്യന്റ്‌ സ്‌കൂള്‍ ആരംഭിക്കുന്നത്‌.