വാഹനമിടിച്ച്‌ പരിക്കേറ്റ ഇബ്രാഹിമിനെ വിദഗ്‌ധ ചികിത്സക്ക്‌ നാട്ടിലെത്തിച്ചു.

ദമാം: രണ്ട്‌ മാസം മുമ്പ്‌ അല്‍കോബാര്‍ - ദഹ്‌റാന്‍ ദഹ്‌റാന്‍ റോഡില്‍ വാഹനമിടിച്ച്‌ സാരമായി പരിക്കേറ്റ ചാവക്കാട്‌ അണ്ടത്തോട്‌ കൊപ്പര അടിമുവിന്റെ മകന്‍ ഇബ്രാഹിമിനെ (58) വിദഗ്‌ധ ചികിത്സക്കായി നാട്ടിലെത്തിച്ചു. ഒക്‌ടോബര്‍ പത്തിന്‌ പരിക്കേറ്റ്‌ ഒന്നര മാസത്തോളം ആശുപത്രിയിലും തുടര്‍ന്ന്‌ മുറിയിലും കഴിച്ചൂകൂട്ടിയ ഇബ്രാഹിമിന്‌ കെ.എം.സി.സി. പ്രവര്‍ത്തകരാണ്‌ തുണയായത്‌.
ഇരുപത്‌ വര്‍ഷമായി സൗദിയിലുള്ള ഇബ്രാഹിം മൂന്ന്‌ പെണ്‍മക്കളടങ്ങുന്ന കുടുംബത്തിന്റെ നാഥനാണ്‌. റിയാദില്‍ വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്‌തിരുന്നു.ഏതാനും മാസം മുമ്പ്‌ കോബാറിലെത്തി വെനിസിയ മാളിലെ ഒരു കടയില്‍ ജോലി ചെയ്യന്നതിനിടക്കാണ്‌ അപകടമുണ്ടായത്‌. രാവിലെ ഒമ്പത്‌ മണിയോടെ ജോലിക്ക്‌ റോഡിലൂടെ നടന്നുപോകുമ്പോള്‍ സ്വദേശി ഓടിച്ച വാഹനം ഇബ്രാഹിമിനെ ഇടിച്ചുവീഴ്‌ത്തുകയായിരുന്നു. രണ്ട്‌ കാലുകള്‍ക്കും വലത്‌ തോളെല്ലിനും ഒടിവ്‌ പറ്റിയ നിലയില്‍ അഖ്‌റബിയ കിംഗ്‌ ഫഹദ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട്‌ തവണ ശസ്‌ത്രക്രിയക്ക്‌ വിധേയനാക്കിയിരുന്നു. ഇബ്രാഹിമിനെ പരിചരിക്കാനായി റിയാദില്‍ നിന്നും സഹോദരന്‍ അലി അല്‍കോബാറിലെത്തിയിരുന്നു.
നിലവിലുള്ള സ്‌പോണ്‍സറില്‍ നിന്നും വിസ മാറ്റുന്നതിന്‌ ഇബ്രാഹിം ഒന്നര വര്‍ഷം മുമ്പ്‌ രേഖകള്‍ വാങ്ങിയിരുന്നു. മറ്റൊരു സ്‌പോണ്‍സറെ കണ്ടെത്തിയെങ്കിലും വിസ മാറ്റം പൂര്‍ത്തിയായിട്ടില്ല. അതിനാല്‍ അപകടവിവരം അറിഞ്ഞുവെങ്കിലും സ്‌പോണ്‍സര്‍ തുടക്കത്തില്‍ സഹകരിച്ചില്ല. പിന്നീട്‌ റിയാദ്‌ ബാദിയ കെ.എം.സി.സി, പ്രവര്‍ത്തകര്‍ നിരന്തരമായി ബന്ധപ്പെട്ടതിനെത്തുടര്‍ന്ന്‌ അദ്ദേഹം ഇബ്രാഹിമിന്‌ റീ എന്‍ട്രി നല്‍കാന്‍ തയാറായി.
വീല്‍ ചെയറിന്റെ സഹായത്തോടെ എയര്‍ ഇന്ത്യാ വിമാനത്തില്‍ ഇന്നലെ നാട്ടിലേക്ക്‌ പുറപ്പെട്ട ഇബ്രാഹിമിനെ തൃശൂര്‍ ജില്ലാ കെ.എം.സി.സി. ജനറല്‍ സെക്രട്ടറി പി.കെ. അബ്‌ദുല്‍ റഹീം, ഭാരവാഹികളായ റാഫി അണ്ടത്തോട്‌, അഷ്‌റഫ്‌ മഞ്ഞന, മൊയ്‌തുണ്ണി പാലപ്പെട്ടി തുടങ്ങിയവര്‍ യാത്രയയക്കാനെത്തിയിരുന്നു. കെ.എം.സി.സി.യുടെ തൃശൂര്‍ ജില്ലാ, ഈസ്റ്റേണ്‍ പ്രോവിന്‍സ്‌ ,അല്‍കോബാര്‍, അഖ്‌റബിയ, തുഖ്‌ബ കമ്മിറ്റികള്‍ക്ക്‌ ഇബ്രാഹിം നന്ദി പറഞ്ഞു.