നവോദയയുടെ ചികിത്സ സഹായം സാന്ത്വനമായി
കാല്‍ നൂറ്റാണ്ടിലേറെ നീണ്ട പ്രവാസത്തിന്‌ കുഞ്ഞിമൊയ്‌തീന്‌ ദുരിതങ്ങള്‍ ബാക്കിപത്രം

ദമാം: പ്രാരാബ്‌ധങ്ങള്‍ക്ക്‌ നടുവില്‍ നട്ടം തിരിയുന്നതിനിടക്ക്‌ അസുഖം കാരണം
നാട്ടിലേക്ക്‌ മടങ്ങാന്‍ നിര്‍ബന്ധിതനായ കൊല്ലം ജില്ലയിലെ തെന്മല, പത്താനപുരം എടണ്‍ സ്വദേശി കുഞ്ഞിമൊയ്‌തീന്‌ (52) സുഹൃത്തുക്കള്‍ സാന്ത്വനമാവുന്നു. ഹൃദയാഘാതം മൂലം വിദഗ്‌ധ ചികിത്സയും ശസ്‌ത്രക്രിയയും ആവശ്യമായ കുഞ്ഞിമൊയ്‌തീന്‌ നവോദയ അബൂ ഹദ്‌രിയ യൂനിറ്റിന്റെ നേതൃത്വത്തില്‍ സമാഹരിച്ച ചികിത്സാ സഹായം നാട്ടില്‍ വെച്ച്‌ കൈമാറി.
ദല്ല പഴയ പള്ളിക്ക്‌ സമീപം ഹുമായൂണ്‍ റെഡിമിക്‌സ്‌ കമ്പനിയില്‍ ഡ്രൈവറായിരുന്നു കുഞ്ഞിമൊയ്‌തീന്‍. ഏതാണ്ട്‌ കാല്‍ നൂറ്റാണ്ട്‌ കാലമായി പ്രവാസിയായ ഇദ്ദേഹത്തിന്‌ നിത്യച്ചിലവിനുള്ള വകയല്ലാതെ മറ്റൊരു സമ്പാദ്യവും ഗള്‍ഫ്‌ നല്‍കിയില്ല.
ദുരിതങ്ങളുടെ പെരുമഴയാണ്‌ പ്രവാസ ജീവിതത്തിന്റെ ബാക്കി പത്രം. ദമാമിലെ കണ്‍സ്‌ട്രക്‌ഷന്‍ കമ്പനിയിലായിരുന്നു തുടക്കം. പതിനാല്‌ വര്‍ഷം ജോലി ചെയ്‌തിട്ടും കാര്യമായ മെച്ചമില്ലാതെ നാട്ടിലേക്ക്‌ മടങ്ങി. വീട്ടിലെ കഷ്‌ടപ്പാട്‌ കാരണം ആഭരണങ്ങള്‍ വിറ്റുപെറുക്കിയും, കടം വാങ്ങിയും 1997ല്‍ മറ്റൊരു വിസയില്‍ വീണ്ടും സൗദിയിലെത്തി. വളരെ പ്രതീക്ഷകളോടെ കമ്പനിയില്‍ ഡ്രൈവറായി ജോലി തുടരുമ്പോഴാണ്‌ ആദ്യത്തെ ഹൃദയാഘാതം. അന്ന്‌ സഹപ്രവര്‍ത്തകരും നവോദയ അബൂ ഹദ്‌രിയ ഘടകവും സഹായത്തിനെത്തി. രണ്ടാമതും ഹൃദയാഘാതം നേരിട്ടപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കെത്തിച്ചു. മൂവായിരം റിയാല്‍ മുന്‍കൂറായി കെട്ടിവെക്കുന്നതിന്‌ വിസമ്മതിച്ച കമ്പനി എക്‌സിറ്റ്‌ നല്‍കാനാണ്‌ ഒരുങ്ങിയത്‌. സഹപ്രവര്‍ത്തകനായ കര്‍ണാടക സ്വദേശി ഹമീദും നവോദയ പ്രവര്‍ത്തകന്‌ ചന്ദ്രനും (നവോദയ) മറ്റും പ്രേരണ ചെലുത്തി കമ്പനി നല്‍കിയ അവധിയില്‍ ചികിത്സാര്‍ത്ഥം കുഞ്ഞിമൊയ്‌തീന്‍ നാട്ടിലെത്തി.
പുനലൂര്‍ ആശുപത്രിയില്‍ പ്രവേശിച്ചുവെങ്കിലും ബൈപാസ്‌ ശസ്‌ത്രക്രിയക്കായി തിരുവനന്തപുരം ശ്രീ ചിത്രാ ആശുപത്രിയിലെത്തിക്കാന്‍ നിര്‍ദേശിച്ചു. ഏകദേശം രണ്ട്‌ ലക്ഷത്തോളം രൂപ ചിലവാകുന്ന ശസ്‌ത്രക്രിയക്ക്‌ വഴികാണാതെ വിഷമിക്കുമ്പോഴാണ്‌ നവോദയയുടെ സഹായം എത്തിയത്‌. ബാങ്കില്‍ നിന്നം വായ്‌പയെടുത്ത്‌ പണിത വീട്‌ വില്‍ക്കാന്‍ പോലും കഴിയാത്തതിനാല്‍ പുരയിടത്തിലെ കുറച്ച്‌ സ്ഥലം വിറ്റ്‌ ബാക്കി തുക കൂടി കണ്ടെത്തി ജനവരി 14ന്‌ ശസ്‌ത്രക്രിക്ക്‌ ഒരുങ്ങുകയാണ്‌ ഇപ്പോള്‍ കുഞ്ഞിമൊയ്‌തീന്‍. ശക്തമായ പ്രമേഹമുള്ളതിനാല്‍ അത്‌ നിയന്ത്രണ വിധേയമായതിന്‌ ശേഷമേ ശസ്‌ത്രക്രിയ നടത്താനാവൂ.
കുടുംബത്തെ കടക്കെണിയില്‍ നിന്നും കരകയറ്റാനായി നിറയെ പ്രതീക്ഷകളോടെ മൂത്ത മകനെ റിയാദിലെത്തിച്ചു. എന്നാല്‍ കൃത്യമായ ശമ്പളമോ, ഭക്ഷണമോ, മറ്റ്‌ ആനൂകൂല്യങ്ങളോ ലിക്കാതെ വന്നതോടെ സ്‌പോണ്‍സറില്‍ നിന്ന്‌ ഒളിച്ചോടി ജുബൈലില്‍ ജോലി ചെയ്‌തു. ഇഖാമ പോലുമില്ലാത്തതിനാല്‍ ജോലി തുടരാനാവാതെ വെറുംകൈയോടെ നാട്ടിലേക്ക്‌ മടങ്ങി. മറ്റൊരു മകന്‍ ദുബായിലെത്തി വീട്ടുജോലി ചെയ്‌തെങ്കിലും കൃത്യമായ വേതനമോ ഭക്ഷണമോ ലഭിക്കാതെ കടങ്ങളും നഷ്‌ടങ്ങളും മാത്രം ബാക്കിയാക്കി തിരിച്ചെത്തി.
സാമ്പത്തികമായി വളരെ വിഷമിച്ചാണെങ്കിലും കുഞ്ഞിമൊയ്‌തീന്റെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമത്തിലാണിപ്പോള്‍ ഭാര്യ സുഹ്‌റാ മൊയ്‌തീനും, നവാസ്‌ ഖാന്‍, നസീര്‍ ഖാന്‍, നജീബ്‌ ഖാന്‍ എന്നീ മൂന്ന്‌ ആണ്‍മക്കളുമടങ്ങുന്ന കുടുംബം
കൊല്ലം എടമണിലെ വീട്ടിലെത്തി എടമണ്‍ പഞ്ചായത്ത്‌ അംഗം വിജയലക്ഷ്‌മി നവോദയ സമാഹരിച്ച സഹായം കുഞ്ഞിമൊയ്‌തീന്‌ കൈമാറി. നവോദയ നോര്‍ത്ത്‌ ഏരിയ സെക്രട്ടറി ബി. ജയപ്രകാശിന്റെയും സി.പി.എം. എടമണ്‍ ലോക്കല്‍ കമ്മിറ്റിയംഗം വിജയകുമാര്‍, പ്രകാശ്‌ എന്നിവരും സന്നിഹിതരായിരുന്നു.