ദമാമില്‍ വിപുലമായ കാന്‍സര്‍ ബോധവത്‌കരണ ക്ലാസുകള്‍

ദമാം: കാന്‍സര്‍ രോഗത്തെക്കുറിച്ച്‌ പ്രവാസികളില്‍ അവബോധം പകരുന്നതിനും രോഗ പ്രതിരോധത്തിന്‌ ആവശ്യമായ മുന്‍കരുതലെടുക്കുന്നതിനുമായി ദമാം നവോദയയുടെ വിവിധ ഘടകങ്ങള്‍ ബോധവത്‌കരണ പരിപാടി സംഘടിപ്പിച്ചു.
നവോദയ ദമാം നോര്‍ത്ത്‌ ഏരിയക്ക്‌ കീഴിലുള്ള ആറ്‌ യുനിറ്റുകള്‍ ചേര്‍ന്ന്‌ ടൊയോട്ട്‌ ഖുദരിയ മേഖല സംയുക്തമായി സംഘടിപ്പിച്ച പരിപാടിയില്‍ ഡോക്‌ടര്‍ മേരി ജോണ്‍ (ബദര്‍ അല്‍ റബീ ഡിസ്‌പന്‍സറി) ക്ലാസെടുത്തു.
കാന്‍സറിന്റെ വിവിധ വശങ്ങളും പ്രതിരോധ നടപടികളും ഉദാഹരണങ്ങള്‍ നിരത്തി അവര്‍ വിശദീകരിച്ചു. ക്യാമ്പംഗങ്ങളുടെ സംശയങ്ങള്‍ക്ക്‌ ഡോക്‌ടര്‍ ലളിതമായി മറുപടി നല്‍കി. പ്രവാസികളില്‍ വ്യാപകമായി കണ്ടുവരുന്ന അമിതമായ പുകവലി, മദ്യപാനം, ഫാസ്റ്റ്‌ ഫുഡ്‌ ഭക്ഷണ രീതി, ജീവിത ശൈലിയിലുള്ള വ്യതിയാനം, വ്യായാമമില്ലായ്‌മ തുടങ്ങിയവ എല്ലാം കാന്‍സറിന്‌ കാരണമാകുന്നതായി ഡോ. മേരി ജോണ്‍ പറഞ്ഞു. അലസത വെടിഞ്ഞ്‌ ദൈനംദിന വ്യായാമങ്ങള്‍ക്ക്‌ പ്രവാസികള്‍ സമയം നീക്കിവെക്കേണ്ടതുണ്ടെന്ന്‌ ഡോക്‌ടര്‍ നിര്‍ദേശിച്ചു. ഏരിയാ പ്രസിഡന്റ്‌ ജിന്‍സ്‌ ലൂക്കോസ്‌ ഉദ്‌ഘാടനം നിര്‍വഹിച്ചു. സുരേഷ്‌ ബാബു ആശംസ നേര്‍ന്നു. പ്രദീപ്‌ കൊടുങ്ങല്ലൂര്‍ സ്വാഗതവും ചന്ദ്രന്‍ നിന്ദിയും പറഞ്ഞു.
ദമാം നോര്‍ത്ത്‌ ഏരിയക്ക്‌ കീഴിലെ എട്ട്‌ യൂനിറ്റുകള്‍ ചേര്‍ന്ന ദല്ല, 91 മേഖലകള്‍ സംയുക്തമായി സംഘടിപ്പിച്ച ബോധവത്‌കരണ ക്ലാസില്‍ സഫ മെഡിക്കല്‍ സെന്റര്‍ ഡോ. ഡിക്‌സണ്‍ ക്ലാസെടുത്തു. ചോദ്യങ്ങള്‍ക്ക്‌ ഡോക്‌ടര്‍ മറുപടി നല്‍കി. ദല്ല മേഖലാ കണ്‍വീനര്‍ പി. ഹരിദാസ്‌ അധ്യക്ഷത വഹിച്ചു. ഏരിയാ വൈസ്‌ പ്രസിഡന്റ്‌ പി, രാജന്‍ ഉദ്‌ഘാടനം ചെയ്‌തു. അരവിന്ദന്‍ സ്വാഗതവും സി.പി. എഡ്വേര്‍ഡ്‌ നന്ദിയും പറഞ്ഞു. സുരേന്ദ്രന്‍ അടൂര്‍ ആശംസ നേര്‍ന്നു.