വിദേശ വിസയുള്ള, മൈനര്‍മാരുടെ പാസ്‌പോര്‍ട്ട്‌ പുതുക്കല്‍ പീഡനമായി

ദമാം: റിയാദ്‌ ഇന്ത്യന്‍ എംബസി മകള്‍ക്ക്‌ ഇഷ്യു ചെയ്‌ത പാസ്‌പോര്‍ട്ട്‌ പുതുക്കി കിട്ടുന്നതിന്‌ നാട്ടില്‍ കാലതാമസവും മാനസിക പീഡനവും നേരിട്ടതായി പ്രവാസി മലയാളിയുടെ പരാതി. ദമാമില്‍ പ്രമുഖ കമ്പനിയില്‍ ജോലി ചെയ്യുന്ന പത്തനംതിട്ട പന്തളം സ്വദേശി അബ്‌ദുല്ല ഉമര്‍ഖാനാണ്‌ മകള്‍ അനീസ ഖാന്റെ പാസ്‌പോര്‍ട്ട്‌ പുതുക്കാനുള്ള ശ്രമത്തെക്കുറിച്ച്‌ കേന്ദ്ര പ്രവാസി കാര്യ വകുപ്പ്‌ മന്ത്രി വയലാര്‍ രവിക്ക്‌ പരാതി നല്‍കിയത്‌. കാല്‍ നൂറ്റാണ്ടിലേറെയായി ദമാമില്‍ ജോലിചെയ്യുന്ന ഉമര്‍ ഖാന്‍ ദമാമില്‍ ഫ്രണ്ട്‌സ്‌ ഓഫ്‌ ജനശ്രീ ചീഫ്‌ കോഓര്‍ഡിനേറ്റര്‍മാരിലൊരാളാണ്‌.
ഭാര്യയും മൂന്ന്‌ മക്കളുമടങ്ങുന്ന കുടുബം നേരത്തെ ദമാമിലുണ്ടായിരുന്നു. ഇപ്പോള്‍ നാട്ടിലാണെങ്കിലും സൗദി വിസയുണ്ട്‌. മകള്‍ കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയില്‍ പന്ത്രണ്ടാം ക്ലാസ്‌ വിദ്യാര്‍ത്ഥിനിയാണ്‌. റിയാദ്‌ ഇന്ത്യന്‍ എംബസി ഇഷ്യു ചെയ്‌ത പാസ്‌പോര്‍ട്ടുകളാണ്‌ ഭാര്യ സലീന ബീവിക്കും മകള്‍ അനീസ ഖാനുമുണ്ടായിരുന്നത്‌. മകളുടെ പാസ്‌പോര്‍ട്ട്‌ നവമ്പര്‍ ഒമ്പതിനും ഭാര്യയുടേത്‌ അടുത്ത ജനവരിയിലും കാലാവധി തീരുന്നു. ഡിസംബറില്‍ സൗദിയിലേക്ക്‌ യാത്രക്ക്‌ വിഷമം നേരിടാതിരിക്കുന്നതിന്‌ രണ്ട്‌ പാസ്‌പോര്‍ട്ടുകളും പുതുക്കാന്‍ ഓഗസ്റ്റ്‌ പത്തിന്‌ തിരുവനന്തപുരം ഓഫീസില്‍ ഉമര്‍ ഖാന്‍ തന്നെ അപേക്ഷ നല്‍കി.
ഭാര്യയുടെ പാസ്‌പോര്‍ട്ട്‌ വെരിഫിക്കേഷന്‍ ആഗസ്റ്റ്‌ മൂന്നാം വാരത്തില്‍ കഴിഞ്ഞു. എങ്കിലും പഴയ പാസ്‌പോര്‍ട്ടുകള്‍ ഹാജരാക്കാന്‍ പാസ്‌പോര്‍ട്ട്‌ ഓഫീസില്‍ നിന്നും ആവശ്യപ്പെട്ടു. തുടര്‍ന്ന്‌ ഒക്‌ടോബറില്‍ പാസ്‌പോര്‍ട്ട്‌ കിട്ടി.
മകളുടെ പാസ്‌പോര്‍ട്ട്‌ കിട്ടിയില്ല. ഓഗസ്റ്റ്‌ 19ന്‌ പന്തളം പോലീസ്‌ സ്റ്റേഷനില്‍ നിന്നുള്ള ഒരു കോണ്‍സ്റ്റബിള്‍ വീട്ടിലെത്തി വെരിഫിക്കേഷന്‌ എത്തി. അയാളുടെ ശരീരഭാഷയില്‍ തന്നെ കാര്യങ്ങള്‍ പന്തിയല്ലെന്ന്‌ മനസിലായി. പാസ്‌പോര്‍ട്ടിലെ സൗദി വിസയില്‍ താന്‍ ചില തകരാറുകള്‍ കണ്ടുവെന്ന വെറും അസംബന്ധവും പോലീസുകാരന്‍ പറഞ്ഞു. സമ്മര്‍ദ തന്ത്രത്തിലാക്കുന്നതിനുള്ള മാര്‍ഗമായിരുന്നു. മകള്‍ വിദ്യാര്‍ത്ഥിനിയും മൈനറുമാണ്‌. കാഞ്ഞിരപ്പള്ളിയില്‍ വിദ്യാര്‍ത്ഥിനിയായ മകള്‍ ഹോസ്റ്റലിലാണെന്നും ടേം പരീക്ഷ നടക്കുകയാണെന്നും മാന്യമായി അറിയിച്ചു. എല്ലാ വാരാന്ത്യത്തിലും വീട്ടില്‍ വരാറുണ്ടെന്നും പറഞ്ഞു. അത്‌ തന്റെ കാര്യമല്ലെന്നായിരുന്നു മറുപടി. അടുത്ത ദിവസം രാവിലെ ഒമ്പത്‌ മണിക്ക്‌ താന്‍ വരുമ്പോള്‍ മകള്‍ വീട്ടിലുണ്ടാവണമെന്ന്‌ പറഞ്ഞു. മകളുടെ പരീക്ഷയും ഗസ്റ്റ്‌ 20ന മടക്കയാത്രയും കാരണം നിസ്സഹായാവസ്ഥയിലായി. ടാക്‌സി പിടിച്ച്‌ കാഞ്ഞിരപ്പള്ളിയില്‍ പോയി മകളെ കൂട്ടി രാവിലെ ഒമ്പത്‌ മണിക്ക്‌ സ്റ്റേഷനിലെത്തി നടപടികള്‍ പൂര്‍ത്തിയാക്കി. . ഇത്രയും സാധാരണ നടപടിക്രമം എന്ന നിലക്ക്‌ കാണാമെങ്കിലും തുടര്‍ന്നുണ്ടായ അനുഭവം ഇനി ഒരു പ്രവാസി ഇന്ത്യക്കാരനും ഉണ്ടാവരുതെന്ന്‌ ഉമര്‍ഖാന്‍ പരാതിയില്‍ പറയുന്നു.
ഒരു വര്‍ഷം തുടര്‍ച്ചയായി ഇതേ വിലാസത്തില്‍ താമസമില്ല എന്നാണ്‌ പന്തളം പോലീസ്‌ സ്റ്റേഷനില്‍ നിന്നും പത്തനംതിട്ട എസ്‌.പി. ഓഫീസ്‌ വഴി തിരുവനന്തപുരം പാസ്‌പോര്‍ട്ട്‌ ഓഫീസിലേക്ക്‌ റിപ്പോര്‍ട്ട്‌ ലഭിച്ചത്‌. വിദേശത്ത്‌ റസിഡന്റ്‌ പെര്‍മിറ്റുള്ള പ്രവാസി ഇന്ത്യക്കാരുടെ മൈനറായ കുട്ടികള്‍ സ്വന്തം പാസ്‌പോര്‍ട്ട്‌ പുതുക്കുന്നതിന്‌ സ്ഥിരം താമസ വിലാസത്തില്‍ നിശ്ചിത കാലം, ഒരു വര്‍ഷമായാലും ഒരു ദിവസമായാലും താമസിക്കണമെന്ന ലോക്കല്‍ പോലീസിന്റെയും പാസ്‌പോര്‍ട്ട്‌ ഓഫീസിലെയും നിരീക്ഷണം അസ്വീകാര്യമാണെന്ന്‌ പരാതിയില്‍ പറയുന്നു. എത്രകാലം നാട്ടില്‍ താമസിക്കണമെന്ന്‌ തീരുമാനിക്കാനുള്ള അധികാരം പ്രവാസിക്കാണ്‌. തന്റെ വീട്‌ പന്തളത്താണ്‌. സ്ഥിരതാമസം അവിടെയാണ്‌. എന്നിരിക്കെ, പഠനത്തിന്‌ വേണ്ടി പോലും മകള്‍ വീടു വിട്ടുകൂടെന്നാണോ ഈ വരികളില്‍ അര്‍ത്ഥമാക്കുന്നതെന്ന്‌ ഉമര്‍ഖാന്റെ ചോദ്യം.
അതല്ല, ഇത്തരം സാഹചര്യങ്ങള്‍ സൃഷ്‌ടിക്കുക വഴി പാസ്‌പോര്‍ട്ട്‌ട പുതുക്കുന്നതിന്‌ വിദേശത്ത്‌ പോയി തിരിച്ചുവരണം എന്ന സന്ദേശമാണോ നല്‍കാന്‍ ഉദ്ദേശിക്കുന്നത്‌. നവമ്പര്‍ ഏഴിന്‌ പാസ്‌പോര്‍ട്ട്‌ കാലാവധി തീരുന്നുവെന്നതിനാല്‍ നവമ്പറിലെ ക്ലാസുകള്‍ നഷ്‌ടമാവരുതെന്ന ഉദ്ദേശത്തോടെയാണ്‌ അതിന്‌ ഒരുങ്ങാതിരുന്നത്‌.
ഒക്‌ടോബര്‍ 5ന്‌ വീണ്ടും പാസ്‌പോര്‍ട്ട്‌ ഓഫീസിലെത്തി. സ്‌കൂളില്‍ നിന്നുള്ള സാക്ഷ്യപത്രം സഹിതം കൂടുതല്‍ അഫിഡവിറ്റുകള്‍ നല്‍കി. ഒക്‌ടോബര്‍ 19ന്‌ വീണ്ടും പോലീസ്‌ വെരിഫിക്കേഷന്‍ റിപ്പോര്‍ട്ടായി. പല തവണ അന്വേഷണം നടത്തി. അഞ്ഞൂറ്‌ രൂപ പിഴയടക്കാനായി പാസ്‌പോര്‌ട്ട്‌ തഞ്ഞുവെച്ചിരിക്കുകയാണെന്ന്‌ വീട്ടിലേക്ക്‌ കത്തയച്ചതായി നവമ്പര്‍ 19ന്‌ വിവരം ലഭിച്ചു. ഈ പിഴ നവമ്പര്‍ 23ന്‌ കൗണ്ടറിലടച്ചു.
താമസം സ്ഥിരതാമസ വിലാസത്തിലല്ലയ പുതിയ പാസ്‌പോര്‍ട്ടിനുള്ള അപേക്ഷയില്‍ നിലവിലുള്ള ഹോസ്റ്റല്‍ വിലാസം നല്‍കിയില്ല എന്ന്‌ ഇതോടനുബന്ധിച്ച്‌ ലഭിച്ച നവമ്പര്‍ 16ന്‌ തീയതി കുറിച്ച കത്തില്‍ പറയുന്നു. അതിനകം അയച്ചുവെന്ന്‌ തങ്ങളെ അറിയിച്ച ഈ കത്ത്‌ തിരുവനന്തപുരത്ത്‌ പോസ്റ്റ്‌ ചെയ്‌തത്‌ നവമ്പര്‍ 26നാണ്‌. ഒടുവില്‍ ഡിസംബര്‍ 9ന്‌ പാസ്‌പോര്‍ട്ട്‌ അയച്ചതായി പാസ്‌പോര്‍ട്ട്‌ ഓഫീസ്‌ വെബ്‌സൈറ്റില്‍ കണ്ടു. ഡിസംബര്‌ 11ന്‌ മകള്‍ക്ക്‌ സ്‌കൂള്‍ വിലാസത്തില്‍ പാസ്‌പോര്‍ട്ട്‌ ലഭിച്ചു.
മൈനറായ മക്കള്‍ക്ക്‌ വിദേശത്തെ ഇന്ത്യന്‍ മിഷനുകള്‍ ഇഷ്യു ചെയ്യുന്ന വിസ നിലവിലുള്ള പാസ്‌പോര്‍ട്ടുകള്‍ പുതുക്കുന്നതില്‍ ഇത്തരം നടപടിക്രമങ്ങള്‍ പ്രവാസി ഇന്ത്യക്കാരെ പ്രയാസപ്പെടുത്തുന്നതാണെന്ന്‌ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. പാസ്‌പോര്‍ട്ട്‌ പുതുക്കി നല്‍കാനുള്ള കാലതാമസം മാനസിക പീഡനത്തിന്‌ പുറമെ വിസ റദ്ദാകുന്നതിനും, ജീവിത മാര്‌ഗം അടയാനും കാരണമാകുന്നു. ഇതിന്‌ ആര്‌ ഉത്തരവാദികളാകുമെന്ന്‌ പരാതിയില്‍ ചോദിക്കുന്നു.
വിദേശകാര്യ സഹമന്ത്രി ശശി തരൂര്‍, കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍, അംബാസഡര്‍ എം.ഓ.എച്ച്‌. ഫാറൂഖ്‌ എന്നിവര്‍ക്കും പരാതിയുടെ പകര്‍പ്പ്‌ അയച്ചിട്ടുണ്ട്‌.