ദമാം കിംഗ്‌ ഫഹദ്‌ കോസ്‌വേ വഴി യാത്രക്ക്‌ സര്‍വകാല റെക്കോര്‍ഡ്‌!.

ദമാം: ദമാം കിംഗ്‌ ഫഹദ്‌ കോസ്‌വേയിലൂടെ യാത്രക്ക്‌ സര്‍വകാല റെക്കോര്‍ഡ്‌!. 1986ല്‍ കോസ്‌ വേ നിര്‍മിച്ച ശേഷം ദുല്‍ഹജ്‌ ഒന്ന്‌ മുതല്‍ 17 വരെ ഇത്‌ വഴി യാത്ര ചെയ്‌ത്‌വരുടെ എണ്ണം മുന്‍കാല റെക്കോര്‍ഡുകളെ മറികടന്നു. പത്ത്‌ ലക്ഷത്തിലേറെ പേരാണ്‌ ഈ ദിവസങ്ങളില്‍ കോസ്‌ വേ വഴി സൗദിക്കും ബഹ്‌റൈനുമിടയില്‍ യാത്രചെയ്‌തത്‌. മൊത്തം യാത്ര ചെയ്‌തത്‌ കൃത്യം 10.002,484 യാത്രക്കാര്‍.
ദുല്‍ഹജ്‌ 13ന്‌ മാത്രം കടന്നു പോയ വാഹനങ്ങളുടെ എണ്ണം 31015 ആണ്‌. കോസ്‌ വേ പണിതതിന്‌ ശേഷം ഒരൊറ്റ ദിവസത്തില്‍ ഇത്രയും വാഹനങ്ങള്‍ കടന്നുപോകുന്നത്‌ ഇതാദ്യമാണ്‌. മുമ്പത്തെ റെക്കോര്‍ഡ്‌ 27146 ആയിരുന്നു. അന്നേ ദിവസത്തെ യാത്രക്കാരുടെ എണ്ണം 91691. ഇതും റെക്കോര്‍ഡ്‌ നമ്പറാണ്‌. പഴയ റെക്കോര്‍ഡ്‌ 78344 ആയിരുന്നു. കിംഗ്‌ ഫഹദ്‌ കോസ്‌ വേ ജനറല്‍ ഡയരക്‌ടര്‍ ബദര്‍ ഇബ്‌നു അബ്‌ദുല്ലാഹ്‌ അല്‍ ഒതൈശാനാണ്‌ ഇക്കാര്യം വെളിപ്പെടുത്തിയത്‌.
കോസ്‌ വേയുടെ മധ്യ ഭാഗത്ത്‌ നടത്തി വന്ന വികസന പ്രവര്‍ത്തനങ്ങളും
ഏതാണ്ട്‌ പൂര്‍ത്തിയായിട്ടുണ്ട്‌. ഇരു ഭാഗത്തുമുള്ള പാസ്‌പോര്‍ട്ട്‌, കസ്റ്റംസ്‌ മേഖലകള്‍ ഉള്‍പ്പെടുത്തിയായിരുന്നു വികസനം. ഇത്‌ വഴി യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കുമായുള്ള നടപടിക്രമങ്ങളുടെ കൗണ്ടറുകള്‍ പത്തില്‍ നിന്നും 18 ആക്ക്‌ വര്‍ധിപ്പിച്ചു. ഇരു ഭാഗത്തുമുള്ള കാര്‍ഗോ സെക്‌ഷനും വികസിപ്പിച്ചു. തിരക്കു കുറക്കുന്നതിന്‌ ഇത്‌ സഹായകമായി. ഏറ്റവും തിരക്കുപിടിച്ച ബലിപെരുന്നാള്‍ അവധി ദിനക്കാലത്ത്‌ ഒരു വാഹനം അതിര്‍ത്തി കടക്കാന്‍ വന്ന പരമാവധി സമയം ഒരു മണിക്കൂറും 15 മിനിട്ടും മാത്രമാണെന്ന്‌ അധികൃതര്‍ അറിയിച്ചു.