സ്വകാര്യ ഏജന്‍സിയുടെ പാസ്‌പോര്‍ട്ട്‌ സേവനം വിദൂര മേഖലകളില്‍ കേവലം പ്രഹസനമാകുന്നു

ദമാം: പാസ്‌പോര്‍ട്ട്‌ സേവനം നല്‍കുന്നതിന്‌ ഇന്ത്യന്‍ എംബസി ഏര്‍പ്പെടുത്തിയ പുറം കരാര്‍ സംവിധാനം സൗദിയുടെ വിദൂര മേഖലകളിലും വെറും ചടങ്ങും പ്രഹസനവുമാകുന്നു. ദമാമില്‍ സേവന കേന്ദ്രത്തെക്കുറിച്ച്‌ ഉയരുന്ന പരാതി മലയാളം ന്യൂസ്‌ നേരത്തെ വാര്‍ത്ത നല്‍കിയിരുന്നു. വര്‍ഷത്തില്‍ രണ്ട്‌ തവണ മാത്രം സന്ദര്‍ശനം നടത്തി പാസ്‌പോര്‍ട്ട്‌ സേവനം നല്‍കി വരുന്ന ഖഫ്‌ജി പോലുള്ള പ്രദേശങ്ങളില്‍ ഒരു നിലക്കുള്ള പരസ്യവും അറിയിപ്പുമില്ലാതെയാണ്‌ സംഘത്തിന്റെ സന്ദര്‍ശനം നടക്കുന്നത്‌. ആരെയോ ബോധിപ്പിക്കാനായി കേവലം കടമ നിര്‍വഹിക്കുകയെന്നതിനപ്പുറത്ത്‌ ഇന്ത്യന്‍ പൗരന്മാര്‍ക്ക്‌ സേവനം നല്‍കുകയെന്ന ലക്ഷ്യം ഇത്‌ വഴി നിര്‍വഹിക്കപ്പെടാതെ പോകുന്നു.
ജുബൈലിലും അല്‍ഹസയിലും മൂന്ന്‌ മാസത്തിലൊരിക്കലും ഖഫ്‌ജി, ഹഫര്‍ അല്‍ ബാത്തിന്‍ തുടങ്ങിയ വിദൂര പ്രദേശങ്ങളില്‍ വര്‍ഷത്തില്‍ രണ്ട്‌ തവണയുമാണ്‌ എംബസി സംഘം കോണ്‍സുലര്‍ സേവനങ്ങള്‍ നിര്‍വഹിക്കുന്നതിന്‌ എത്തിയിരുന്നത്‌. സ്വകാര്യ പുറംകരാര്‍ ഏജന്‍സിയെ ചുമതലപ്പെടുത്തുന്നതോടെ ഇതില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ലഭിക്കുമെന്നായി#ുരന്നു വാഗ്‌ദാനം.

കഴിഞ്ഞ വാരാന്ത്യത്തില്‍ ഖഫ്‌ജിയില്‍ സംഘം എത്തുന്നത്‌ സംബന്ധമായി ഒരു മുന്നറിയിപ്പും ഏജന്‍സിയില്‍ നിന്നും ഉണ്ടായില്ല. സാധാരണയായി നൂറ്റി അമ്പതിലേറെ പേര്‍ കോണ്‍സുലര്‍ സേവനം തേടി എത്താറുണ്ട്‌. ആറ്‌ മാസത്തിന്‌ ശേഷമാണ്‌ സംഘം എത്തിയതെങ്കിലും ഇത്തവണ ഇതിന്റെ പകുതി പോലും ആളുകള്‍ സേവനം തേടി വന്നില്ല. മലയാളം ന്യൂസ്‌ പ്രതിനിധിയും ഖഫ്‌ജിയിലെ സാമൂഹിക പ്രവര്‍ത്തകനുമായ ജലീല്‍ കോഴിക്കോട്‌ സ്വന്തമായി താല്‍പ്പര്യമെടുത്ത്‌ സംഘം എത്തുന്ന വിവരം പരസ്യപ്പെടുത്തിയതിനാലാണ്‌ അല്‍പ്പം പേരെങ്കിലും വിവരമറിഞ്ഞത്‌. ഏജന്‍സിക്ക്‌ ഇ-മെയില്‍ അയച്ചിട്ടും മറ്റ്‌ മാര്‍ഗങ്ങളിലൂടെ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും യാതൊരു മറുപടിയും ലഭിച്ചില്ലെന്നും നേരത്തെ എംബസിയുടെ വെബ്‌സൈറ്റില്‍ പരസ്യപ്പെടുത്തിയിരുന്ന ഷെഡ്യൂളിന്റെ അടിസ്ഥാനത്തിലാണ്‌ താന്‍ സന്ദര്‍ശനം പരസ്യപ്പെടുത്തിയതെന്നും ജലീല്‍ വിശധീകരിച്ചു.
ഖഫ്‌ജിയിലെ കെ.ജെ.ഓ. ആശുപത്രിയിലും, സാമൂഹിക രംഗത്തുണ്ടായിരുന്ന ചില സംഘടനകള്‍ക്കും എംബസി ഫാക്‌സ്‌ അയക്കാറുണ്ടായിരുന്നു. സാധാരണയായി സ്ഥിരമായി സംഘം എത്താറുള്ള അല്‍ സഹല്‍ ഹോട്ടലിലേക്ക്‌ എംബസിയില്‍ നിന്നും ഫാക്‌സ്‌ സന്ദേശം ലഭിക്കാറുണ്ട്‌. ഇത്തവണ ഒരു അറിയിപ്പും ലഭിക്കാതിരുന്നപ്പോള്‍ ഹോട്ടലില്‍ നിന്നും ഏജന്‍സിയെ ബന്ധപ്പെട്ട്‌ അന്വേഷിക്കുകയായിരുന്നു.
റിയാദ്‌ എംബസിക്ക്‌ കീഴിലുള്ള മധ്യ, കിഴക്കന്‍, ഉത്തര പ്രവിശ്യകളില്‍ പാസ്‌പോര്‍ട്ട്‌ സംവിധാനത്തിന്‌ ഒരു ഏജന്‍സിക്ക്‌ മാത്രമാണ്‌ പുറംകരാര്‍ സേവനത്തിന്‌ അനുമതി നല്‍കിയിട്ടുള്ളത്‌. ദമാമിലും റിയാദിലും ഏജന്‍സിയുടെ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. സാധാരണ നിലയിലുള്ള അപേക്ഷകള്‍ എംബസിയില്‍ നേരിട്ട്‌ സ്വീകരിക്കുന്നുമില്ല. എന്തായാലും സേവനം തേടി ഈ കേന്ദ്രങ്ങളില്‍ ആശ്രയിക്കുകയല്ലാതെ മറ്റ്‌ വഴിയില്ല എന്നതിനാലാണ്‌ സന്ദര്‍ശനം പ്രഹസനമാക്കുന്നതെന്ന്‌ സാമൂഹിക പ്രവര്‍ത്തകര്‍ സംശയം പ്രകടിപ്പിക്കുന്നു.
പുറംകരാര്‍ സംവിധാനം ആരംഭിച്ച ശേഷം ആദ്യമായി സന്ദര്‍ശനം നടന്നത്‌ ഖഫ്‌ജിയിലാണ്‌. അന്ന്‌ എംബസിയില്‍ നിന്നുള്ള അറിയിപ്പുണ്ടായിരുന്നു. ആറ്‌ മാസത്തിന്‌ ശേഷം നടക്കുന്ന രണ്ടാമത്‌ സന്ദര്‍ശനമാണ്‌ വെറും പ്രഹസനമാക്കിയത്‌. ഇത്‌ ഖഫ്‌ജിയുടെ മാത്രം അവസ്ഥയല്ലെന്നും മറ്റ്‌ മേഖലകളിലും നില വ്യത്യസ്ഥമല്ലെന്നും അന്വേഷണങ്ങള്‍ വ്യക്തമാക്കുന്നു.