രണ്ടര വര്‍ഷം അബോധാവസ്ഥയില്‍ കിടന്ന്‌ നാട്ടിലെത്തിയ രാജേഷ്‌ യാത്രയായി

ദമാം: രണ്ടര വര്‍ഷം മുമ്പ്‌ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ്‌ ദമാമില്‍ നിന്നും ഈയിടെ നാിലേക്ക്‌ കൊണ്ടുപോയ തിരുവനന്തപുരം കാട്ടാക്കട സ്വദേശി രാജേഷ്‌ ഹൃദയാഘാതം മൂലം നിര്യാതനായി. കഴിഞ്ഞ ചൊവ്വാഴ്‌ചചാണ്‌ രാജേഷിനെ ദമാമില്‍ നിന്നും എയര്‍ ഇന്ത്യ വിമാനത്തില്‍ തിരുവനന്തപുരത്ത്‌ എത്തിച്ച്‌ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. വ്യാഴാഴ്‌ച രാത്രി മരണം സംഭവിച്ചുവെന്ന്‌ അനിയന്‍ ഷിബുവില്‍ നിന്നും വിവരം ലഭിച്ചതായി ജിന്‍സ്‌ (നവോദയ) മലയാളം ന്യൂസിനോട്‌ പറഞ്ഞു. അപകടവിവരമറിഞ്ഞ്‌ സൗദിയിലെത്തിയ സഹോദരന്‍ ഷിബുവും ജ്യേഷ്‌ഠനൊപ്പം നാട്ടിലേക്ക്‌ മടങ്ങിയിരുന്നു.
പ്രായമായ അമ്മയും ഭാര്യയും രണ്ട്‌ കുട്ടികളുമുള്ള രാജേഷ്‌ ഇളയ കുട്ടിയെ കണ്ടിട്ടില്ല. റിയാദിലുള്ള ഒരു ട്രാന്‍സ്‌പോര്‍ട്ടിംഗ്‌ കമ്പനനിയില്‍ ഡ്രൈവറായി ജോലിയില്‍ പ്രവേശിച്ച്‌ ആറ്‌ മാസമാകുമ്പോഴാണ്‌ അപകടമുണ്ടായത്‌.
കുവൈത്ത്‌ ഹൈവേയില്‍ ദമാം 91 ഭാഗത്ത്‌ റോഡ്‌ മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നതിനിടെ 2007 ജൂണ്‍ 23ന്‌ ഒരു വാഹനം രാജേഷിനെ ഇടിക്കുകയായിരുന്നു. സ്വദേശിയുടെ കാര്‍ ഇടിച്ചു തെറിപ്പിച്ച വാഹനം നിയന്ത്രണം വിട്ട്‌ രാജേഷിനെ ഇടിച്ചുതെറിപ്പിക്കുകയൂായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തലക്ക്‌ മാരകമായി പരിക്കേറ്റ രാജേഷിനെ അബോധാവസ്ഥയില്‍ മുവാസാത്ത്‌ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഒരു വര്‍ഷത്തോളം ആശുപത്രിയില്‍ ലഭ്യമായ വിദഗ്‌ധ നചികിത്സാ ചെലവ്‌ അഞ്ച്‌ ലക്ഷം റിയാലോളമായതോടെ തുക ആര്‌ നല്‍കുമെന്നത്‌ പ്രശ്‌നമായിരുന്നു. തുടര്‍ന്ന്‌ ദമാം നവോദയ സാമൂഹിക ക്ഷേമവിഭാഗം പ്രശ്‌നത്തില്‍ ഇടപെട്ടു. എംബസിയില്‍ നിന്നും അധികാരപത്രം നേടി ഖതീഫ്‌ കോടതിയില്‍ കേസ്‌ വാദിച്ചു. തുടര്‍ന്ന്‌ ഇന്‍ഷൂറന്‍സ്‌ കമ്പനി ആശുപത്രിയിലെ ചികിത്സാ ചിലവ്‌ ആറര ലക്ഷത്തോളം റിയാലിന്റെ ബാധ്യത ഏറ്റെടുക്കാന്‍ തയാറായി. രാജേഷിന്റെ യാത്രാ ചിലവും മറ്റും നല്‍കാന്‍ സ്‌പോണ്‍സര്‍ സന്നദ്ധനായി. ഇ.എം. കബീറും തുടര്‍ന്ന്‌ ജിന്‍സുമാണ്‌ രാജേഷിന്റെ കാര്യത്തില്‍ ഇടപെട്ടത്‌.
നാട്ടിലെത്തിച്ച രാജേഷിന്റെ അവസ്ഥ ഗണ്യമായി മെച്ചപ്പെട്ടതായി സഹോദരന്‍ ഷിബു അറിയിച്ചിരുന്നതായി ജീന്‍സ്‌ വെളിപ്പെടുത്തി. അമ്മയുടെയും ഭാര്യയുടെയും മക്കളുയെും മറ്റ്‌ ബന്ധുക്കളുടെയും സാമീപ്യം രാജേഷ്‌ മനസിലാക്കിയിരുന്നു. സംസാരിക്കാനാവില്ല എന്നതൊഴികെ വളരെ പുരോഗതിയുണ്ടായിരുന്നു. ശ്വാസകോശത്തിന്‌ സമീപം ഒരു ട്യൂമറിന്റെ വളര്‍ച്ച ഇവിടെ നിന്ന്‌ തന്നെ ഡോക്‌ടര്‍മാര്‍ കണ്ടെത്തിയിരുന്നു. അത്‌ ശസ്‌ത്രക്രിയ ചെയ്‌ത്‌ നീക്കുന്നതിനുള്ള ഒരുക്കം നടക്കുന്നതിന്‌ ഇടക്കാണ്‌ അപ്രതീക്ഷിതമായി മരണമെത്തിയത്‌. രാജേഷിന്റെ സുഹൃത്തുക്കള്‍ക്കും രണ്ടര വര്‍ഷം വിദഗ്‌ധ പരിചരണം നല്‍കിയിരുന്ന ആശുപത്രി ജീവനക്കാര്‍ക്കും സഹകരണം നല്‍കിയ ജിന്‍സ്‌, കബീര്‍ തുടങ്ങഇയവര്‍ക്കും മരണവാര്‍ത്ത നൊമ്പരമായി.