പ്രവാസി മലയാളികളുടെ പുനരധിവാസത്തിന്‌ ജനശ്രീ പദ്ധതി ആവിഷ്‌കരിക്കും

ദമാം: പ്രവാസി മലയാളികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട്‌ വിവിധ പദ്ധതികള്‍ വിദേശരാജ്യങ്ങളില്‍ പ്രവര്‍ത്തനം ആരംഭിച്ച ഫ്രണ്ട്‌സ്‌ ഓഫ്‌ ജനശ്രീയുമായി ചേര്‍ന്ന്‌ പ്രാവര്‍ത്തികമാക്കാന്‍ അവസരമൊരുക്കുമെന്ന്‌ ചെയര്‍മാന്‍ എം.എം. ഹസന്‍. തിരുവനന്തപുരത്ത്‌ ദമാം ഫ്രണ്ട്‌സ്‌ ഓഫ്‌ ജനശ്രീ ചീഫ്‌ കോഓര്‍ഡിനേറ്റര്‍ അബ്‌ദുല്ലാ ഉമര്‍ഖാനുമായി നടത്തിയ ചര്‍ച്ചയിലാണ്‌ ചെയര്‍മാന്‍ ഇക്കാര്യം ഉറപ്പ്‌ നല്‍കിയതെന്ന്‌ ദമാമില്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
സുസ്ഥിര വികസനം ലക്ഷ്യം വെച്ച്‌ ജനശ്രീ ചെയര്‍മാന്‍ നടത്തിയ കേരള വികസന യാത്രയും യാത്രയിലുടനീളം ജനങ്ങളില്‍ നിന്നും ലഭിച്ച വമ്പിച്ച പ്രതികരണവും ചെയര്‍മാന്‍ പരാമര്‍ശിച്ചു. കേരള യാത്രയില്‍ നിന്നും ലഭിച്ച വികസന നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി അടുത്ത്‌ തന്നെ അതത്‌ മേഖലകളില്‍ മുന്‍ഗണനാ ക്രമത്തില്‍ ജനശ്രീയുടെ പങ്കാളിത്തത്തോടെ നടപ്പാക്കാന്‍ ശ്രമിക്കുമെന്ന്‌ അദ്ദേഹം പറഞ്ഞു.ജനശ്രീ ഡയരക്‌ടറും, പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ്‌ മെമ്പര്‍ സെക്രട്ടറിയുമായ ഡോ. എം.ആര്‍. തമ്പാനുമായും ഉമര്‍ഖാന്‍ ചര്‍ച്ച നടത്തി.