ചരിത്രത്തിന്റെ നേര്‍സാക്ഷ്യവുമായി മലപ്പുറം മുദ്രകള്‍ പുറത്തിറങ്ങി

ദമാം: മലപ്പുറം ജില്ലാ രൂപീകരണത്തിന്റെ നാല്‍പ്പതാം വാര്‍ഷികത്തോടനുബന്ധിച്ച്‌ ദമാം മലപ്പുറം ജില്ലാ കെ.എം.സി.സി. തയാറാക്കിയ മലപ്പുറം മുദ്രകള്‍ എന്ന സ്‌മരണിക ഗള്‍ഫ്‌ മേഖലയിലും പുറത്തിറങ്ങി. ദമാം പാരഗണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ അല്‍ഖൊസാമ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശ്രീദേവി മേനോന്‍, പ്രമുഖ വ്യവസായി യൂനുസ്‌ ഖാദി (കര്‍ണാടക), കെ.എം.സി.സി.നേതാവ്‌ പി.പി. മുഹമ്മദ്‌, ഡോ. വി.എ. രാജീവന്‍, പി.എ.എം. ഹാരിസ്‌ (മലയാളം ന്യൂസ്‌), ജവാദ്‌ മൗലവി (ഇനോക്‌), ഗ്ലോബല്‍ മലയാളി കൗണ്‍സില്‍ ചെയര്‍മാന്‍ വര്‍ഗീസ്‌ മൂലന്‍, സയ്യിദ്‌ ഷാ തഖിയുദ്ദീന്‍ (യു.പി), കെ.എം. ബഷീര്‍ (കെ.ഐ.ജി), ഇന്ത്യന്‍ സ്‌കൂള്‍ ഭരണസമിതിയംഗം കെ.പി. അബൂബക്കര്‍, മുന്‍ ചെയര്‍മാന്‍ ഡോ. മുതംസ്‌ അലി (രാജസ്ഥാന്‍) എന്നിവര്‍ ഒരുമിച്ചാണ്‌ ജീവിതത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുടെ പ്രൗഡമായ നിറഞ്ഞ സദസിനെ സാക്ഷി നിര്‍ത്തി മലപ്പുറം മുദ്രകളുടെ പ്രകാശനം നിര്‍വഹിച്ചത്‌.
ബൃഹത്തായ ഈ ഉദ്യമത്തിന്‌ മുന്നിട്ടിറങ്ങിയവരും അണിയറയില്‍ പ്രവര്‍ത്തിച്ചവരും എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റി.
കുഞ്ഞിമുഹമ്മദ്‌ കടവനാട്‌ മലപ്പുറം മുദ്രകള്‍ വിലയിരുത്തി സംസാരിച്ചു.
നാനൂറിലധികം പേജുകളില്‍ തയാറാക്കിയ മലപ്പുറം മുദ്രകള്‍ ജില്ലയുടെ സാംസ്‌കാരിക, സാമൂഹിക,രാഷ്‌ട്രീയ,കലാ, സാഹിത്യ, ചരിത്ര പാരമ്പര്യവും പൈതൃകവും, വിശദമായി പ്രതിപാദിക്കുന്ന റഫറന്‍സ്‌ ഗ്രന്ഥമാണ്‌. ബഹുവര്‍ണ താളുകളില്‍ തയാറാക്കിയ സ്‌മരണികയില്‍ ടി. പത്മനാഭന്‍, കെ.എം. റോയ്‌, ഒ.എന്‍.വി, ജസ്റ്റിസ്‌ കൃഷ്‌ണയ്യര്‍, മമ്മൂട്ടി, കെ.കെ.എന്‍. കുറുപ്പ്‌, യു.എ. ഖാദര്‍, അബ്‌ദുല്‍ സമദ്‌ സമദാനി തുടങ്ങി നൂറ്റിമുപ്പതോളം പേര്‍ എഴുതിയിട്ടുണ്ട്‌. സി.വി. ജോസ്‌, ടി.പി.എം.ഫസല്‍, ശ്രീദേവി മേനോന്‍, യൂനുസ്‌ ഖാദി, സയ്യിദ്‌ ഷാ തഖിയുദ്ദീന്‍, ഹാരിസ്‌, കെ.എം. ബഷീര്‍, വര്‍ഗീസ്‌ മൂലന്‍, കെ.പി. അബൂബക്കര്‍, ഡോ. രാജീവന്‍ തുടങ്ങിയവര്‍ ആശംസ നേര്‍ന്നു.
ഈസ്റ്റേണ്‍ പ്രോവിന്‍സ്‌ കെ.എം.സി.സി. പ്രസിഡന്റ്‌ എഞ്ചി. സി. ഹാഷിം ചടങ്ങ്‌ ഉദ്‌ഘാടനം ചെയ്‌തു. വിരഹവും പ്രശ്‌നങ്ങളും സംഘര്‍ഷങ്ങളും നിറഞ്ഞ പ്രവാസം അനുഭൂതിയാക്കി മാറ്റിയത്‌ പ്രവാസി സംഘടനകളാണെന്ന്‌ അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ്‌ അബ്‌ദുല്‍ സമദ്‌ പാലത്തിങ്ങല്‍ അധ്യക്ഷനായിരുന്നു. ഒരു വര്‍ഷം നീണ്ട അധ്വാനത്തിന്റെ ഫലമായി പുറത്ത്‌ വരുന്ന മലപ്പുറം മുദ്രകളുടെ പ്രകാശന സമിതി ചെയര്‍മാന്‍ ആലിക്കുട്ടി ഒളവട്ടൂര്‍ സ്വഗാതവും എഡിറ്റര്‍ മലിക്‌ മഖ്‌ബൂല്‍ ആലുങ്ങല്‍ നന്ദിയും പറഞ്ഞു. ഈ മഹദ്‌ സംരംഭത്തിന്‌ സഹകരണവും പിന്തുണയും നല്‍കിയ എല്ലാവര്‍ക്കും അവര്‍ നന്ദി പറഞ്ഞു. സി.എച്ച്‌. മൗലവിയുടെ ഖിറാഅത്തോടെയാണ്‌ ചടങ്ങ്‌ ആരംഭിച്ചത്‌.
പ്രകാശന ചടങ്ങിന്‌ അനുബന്ധമായി സിദ്ദീഖ്‌ മഞ്ചേശ്വരം, ശിഹാബ്‌ കൊയിലാണ്ടി, വര്‍ഷ രാജ്‌, ശ്രേയ രവീന്ദ്രന്‍, സുജാത ഗുണശീലന്‍, മുസ്‌തഫ പെരിന്തല്‍മണ്ണ തുടങ്ങിയവര്‍ അണിനിരന്ന ഗാനമേള ചടങ്ങിന്‌ കൊഴുപ്പേകി.