നിരാലംബ കുടുംബങ്ങള്‍ക്ക്‌ സഹായഹസ്‌തം നീട്ടി ഓര്‍മയുടെ ഈദ്‌ സംഗമം

ദമാം: അപകടവും രോഗവും മാറ്റും കാരണമായി കുടുംബനാഥന്മാര്‍ നഷ്‌ടമായ നിരാലംബ കുടുംബങ്ങള്‍ക്ക്‌ സഹായഹസ്‌തവുമായി റഹീമയിലെ മലയാളി കൂട്ടായ്‌മ ഓര്‍മ സംഘടിപ്പിച്ച ഈദ്‌ സംഗമം വ്യത്യസ്‌തയായി.
കഴിഞ്ഞ മാസം റഹീമക്കടുത്ത്‌ ജുഐമയില്‍ കാറപകടത്തില്‍ മരിച്ച ഓര്‍മ അംഗം പാലക്കാട്‌ സ്വദേശി ദര്‍വീഷ്‌ മൊയ്‌തീന്റെ കുടുംബത്തിന്‌ ഒന്നര ലക്ഷം രൂപയും നാട്ടില്‍ അവധിയ്‌ക്ക്‌ പോയപ്പോള്‍ ഹൃദയാഘാതം മൂലം നിര്യാതനായ കൊല്ലം സ്വദേശി വാസുദേവന്റെ കുടുംബത്തിന്‌ എഴുപത്തി അയ്യായിരം രൂപയും നാട്ടില്‍ ചികിത്സയില്‍ കഴിയുന്ന പാലക്കാട്‌ സ്വദേശി വിശ്വനാഥന്‌ പതിനയ്യായിരം രൂപയും ഓര്‍മ സമാഹരിച്ച്‌ നല്‍കി. ജുഐമയില്‍ കാറപകടത്തില്‍ പരിക്കേറ്റ മാവേലിക്കര സ്വദേശി സജീഷിന്‌ രണ്ടായിരം റിയാല്‍ ചികിത്സാ സഹായവും നല്‍കി.
സഫ്‌വ താജ്‌മഹാള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ഓര്‍മ ഈദ്‌ കലോത്സവത്തില്‍
എയര്‍ ഇന്ത്യ കിഴക്കന്‍ മേഖലാ മാനേജര്‍ വിനോദ്‌ കുമാര്‍ ജീവകാരുണ്യ ഫണ്ട്‌ വിതരണം ചെയ്‌തു. ഓര്‍മയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ ജയന്‍ മെഴുവേലി വിശദീകരിച്ചു.
സാംസ്‌കാരിക സമ്മേളനം ഉദ്‌ഘാടനം ഇന്ത്യന്‍ എംബസി സെകന്റ്‌ സെക്രട്ടറി എം.എസ്‌. കന്യാല്‍ നിര്‍വഹിച്ചു. എംബസി അധികൃതരുമായി തുറന്ന വേദിയില്‍ ചര്‍ച്ചയ്‌ക്ക്‌ അവസരമൊരുക്കിയിരുന്നു. ഓര്‍മ സംഘടിപ്പിച്ച സാഹിത്യ മത്സരത്തില്‍ കവിതാ വിഭാഗത്തില്‍ സമ്മാനാര്‍ഹനായ സുനില്‍ കൃഷ്‌ണന്‌ പി.ജെ.ജെ. ആന്റണി പുരസ്‌കാരം നല്‍കി. പ്രസിഡന്റ്‌ ഉണ്ണി കെ. നായര്‍ അധ്യക്ഷത വഹിച്ചു. എം.കെ. ജയകൃഷ്‌ണന്‍, ഏബ്രഹാം മാത്യു എന്നിവര്‍ ആശംസ നേര്‍ന്നു. വിശിഷ്‌ടാതിഥികളായിരുന്ന എം.എസ്‌. കന്യാല്‍, പി.ജെ.ജെ. ആന്റണി എന്നിവര്‍ക്ക്‌ ഓര്‍മയുടെ ഉപഹാരം സമ്മാനിച്ചു. വര്‍ഗീസ്‌ എടത്വാ സ്വാഗതവും ജനറല്‍ സെക്രട്ടറി അനില്‍ കുമാര്‍ നന്ദിയും പറഞ്ഞു.
തുടര്‍ന്ന്‌ കലാസന്ധ്യയില്‍ വര്‍ണപകിട്ടാര്‍ന്ന കലാപരിപാടികള്‍ അരങ്ങേറി. ശ്രീകലാ ഷൈന്‍ (അല്‍കോബാര്‍) ചിട്ടപ്പെടുത്തിയ നൃത്തനൃത്യങ്ങള്‍, ഗുരുവായൂര്‍ നൗഷാദ്‌, ജിന്‍ഷ ഹരിദാസ്‌, ലിബി ജയിംസ്‌, ശ്രേയ രവീന്ദ്രന്‍, വര്‍ഷാ രാജ്‌, ബൈജു തലശ്ശേരി എന്നിവരുടെ ഗാനമേള, ആദിത്യാ ഉണ്ണിയുടെ പദ്യം ചൊല്ലല്‍ എന്നിവ പരിപാടിക്ക്‌ കൊഴുപ്പേകി. കലാപരിപാടിയില്‍ പങ്കെടുത്തവര്‍ക്ക്‌ സമ്മാനങ്ങളും സര്‍ടിഫിക്കറ്റുകളും വിതരണം ചെയ്‌തു. കലാസന്ധ്യക്ക്‌ രമേശ്‌ പള്ളിക്കല്‍ നന്ദി പറഞ്ഞു. ബിനു തോമസ്‌, വിക്രമന്‍, അഷ്‌റഫ്‌, മുഹമ്മദലി, വിജയകുമാര്‍, ശശിധരന്‍, ടുനീഷ്‌, വിനോദ്‌, രാജേഷ്‌ മന്നാര്‍, ഗിരീഷ്‌ എന്നിവര്‍ കലാസന്ധ്യക്ക്‌ നേതൃത്വം നല്‍കി.