രണ്ടര വര്‍ഷമായി അബോധാവസ്ഥയില്‍
വാഹനാപകടത്തില്‍ പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന രാജേഷ്‌ നാട്ടിലേക്ക്‌ യാത്രയായി

ദമാം: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ്‌ രണ്ടര വര്‍ഷമായി ദമാമിലെ സ്വകാര്യ ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കഴിഞ്ഞ തിരുവനന്തപുരം കാട്ടാക്കട സ്വദേശി രാജേഷിനെ ഇന്നലെ നാട്ടിലേക്ക്‌ കൊണ്ടുപോയി. കാലത്ത്‌ എട്ടര മണിക്കുള്ള എയര്‍ ഇന്ത്യയുടെ തിരുവനന്തപുരം വിമാനത്തില്‍ സഹോദരനും മെഡിക്കല്‍ സംഘവും രാജേഷിനെ അനുഗമിച്ചു.
കുവൈത്ത്‌ ഹൈവേയില്‍ ദമാം 91 ഭാഗത്ത്‌ റോഡ്‌ മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നതിനിടെ 2007 ജൂണ്‍ 23നാണ്‌ രാജേഷിന്‌ അപകടം നേരിട്ടത്‌. സ്വദേശിയുടെ കാറിന്റെ ഇടിയേറ്റ ഒരു വാഹനം നിയന്ത്രണം വിട്ട്‌ രാജേഷിനെ ഇടിച്ചുതെറിപ്പിക്കുകയൂമായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തലക്ക്‌ മാരകമായി പരിക്കേറ്റ രാജേഷ്‌ തല്‍ക്ഷണം അബോധാവസ്ഥയിലായി. മുവാസാത്ത്‌ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച രാജേഷിന്‌ ഒരു വര്‍ഷത്തോളം ആശുപത്രിയില്‍ വിദഗ്‌ധ ചികിത്സ ലഭ്യമായി. ചികിത്സാ ചെലവ്‌ അഞ്ച്‌ ലക്ഷം റിയാലോളമായതോടെ തുക ആര്‌ നല്‍കുമെന്നത്‌ പ്രശ്‌നമായി.
ചികിത്സ മുടങ്ങുന്ന അവസ്ഥയായതോടെ പ്രശ്‌നത്തില്‍ ഇടപെട്ട ദമാം നവോദയ സാമൂഹിക ക്ഷേമവിഭാഗം എംബസിയില്‍ നിന്നും അധികാരപത്രം നേടി ഖതീഫ്‌ കോടതിയില്‍ കേസ്‌ വാദിച്ചു. ദമാം മെഡിക്കല്‍ കോംപ്ലക്‌സ്‌ അധികൃതര്‍ മുവാസാത്ത്‌ ആശുപത്രിയിലെത്തി രാജേഷന്റി അവസ്ഥ വിലയിരുത്തിയിരുന്നു. നവോദയയുടെ നിരന്തരമായ ഇടപെടലുകളുടെ ഫലമായി ഇന്‍ഷൂറന്‍സ്‌ കമ്പനി ആശുപത്രിയില്‍ ചിലവായ ആറര ലക്ഷത്തോളം റിയാലിന്റെ ബാധ്യത ഏറ്റെടുക്കാന്‍ തയാറായി. രാജേഷിന്റെ യാത്രാ ചിലവും മറ്റും നല്‍കാന്‍ സ്‌പോണ്‍സര്‍ സന്നദ്ധനായി. ജ്യേഷ്‌ഠന്റെ അപകടവിവരമറിഞ്ഞ്‌ സൗദിയിലെത്തിയ ഷിബു കോടതിയിലും പോലീസ്‌ സ്റ്റേഷനിലും ഇന്‍ഷൂറന്‍സ്‌ കമ്പനിയിലും ആശുപത്രിയിലും സ്‌പോണ്‍സറുടെ ഓഫീസിലും ഒന്നര വര്‍ഷം നിരന്തരം കയറിയറങ്ങി.
ആശുപത്രിയിലെ ജീവനക്കാരും രാജേഷിന്റെ പരിചരണത്തിന്‌ നിസ്വാര്‍ത്ഥമായ സേവനം നല്‍കി.
ആദ്യ ഘട്ടത്തില്‍ ഇ.എം. കബീറും തുടര്‍ന്ന്‌ ജിന്‍സുമാണ്‌ സജീവമായി രാജേഷിന്റെ കാര്യത്തില്‍ ഇടപെട്ടത്‌. വിദഗ്‌ധ ചികിത്സക്കായി രാജേഷിനെ നാട്ടിലെത്തിക്കുന്നതിന്‌ ആവശ്യമായ എല്ലാ സഹകരണങ്ങളും നല്‍കിയ നവോദയക്കും ഇന്‍ഷ്വറന്‍സ്‌ കമ്പനിക്കും ആശുപത്രി ജീവനക്കാര്‍ക്കും ഷിബു നന്ദി പറഞ്ഞു.
പ്രായമായ അമ്മയും ഭാര്യയും രണ്ട്‌ കുട്ടികളുമാണ്‌ രാജേഷിനുള്ളത്‌. ഇളയ മകനെ ഇത്‌ വരെ കണ്ടിട്ടില്ല. റിയാദിലുള്ള ഒരു ട്രാന്‍സ്‌പോര്‍ട്ടിംഗ്‌ കമ്പനനിയില്‍ ഡ്രൈവറായി ജോലിയില്‍ പ്രവേശിച്ച്‌ വെറും ആറ്‌ മാസം കഴിഞ്ഞപ്പോഴാണ്‌ അപകടമുണ്ടായത്‌. രണ്ടര വര്‍ഷം രാജേഷിനെ കാണാതെ പ്രയാസപ്പെട്ട കുടുംബത്തിന്‌ രാജേഷിന്റെ സാമീപ്യം ആശ്വാസമേകും. നിശ്ചലമായിക്കിടക്കുന്ന രാജേഷിനെ പഴയ ജീവിതത്തിലേക്ക്‌ തിരിച്ചെത്തിക്കുന്നതിന്‌ എങ്ങിനെ സാധ്യമാകുമെന്നതാണ്‌ പ്രശ്‌നം.