ദമാമില്‍ നിര്യാതനായ ഇന്ത്യക്കാരന്റെ വൃക്കദാനത്തിന്‌ കുടുംബം അനുമതി നല്‍കി

ദമാം: മസ്‌തിഷ്‌ക മരണം സംഭവിച്ച ഇന്ത്യക്കാരന്റെ വൃക്കകള്‍ ദാനം ചെയ്യാന്‍ കുടുംബം അനുമതി നല്‍കി. കഴിഞ്ഞ ദിവസം ദമാമില്‍ നിര്യാതനായ
ത്മിഴ്‌നാട്‌ രാമനാഥപുരം സ്വദേശി ഹബീബ്‌ നാസറി (51) ന്റെ കുടുംബമാണ്‌ വൃക്കകള്‍ ദാനം ചെയ്യാനുള്ള സന്നദ്ധമായത്‌.
കഴിഞ്ഞ പന്ത്രണ്ട്‌ വര്‍ഷമായി അബ്‌ഖൈഖഖ്‌ ഐന്താര്‍ പ്രദേശത്തുള്ള ഹബീബ്‌ നസീര്‍ ആട്‌ മേയ്‌ക്കല്‍ വിസയിലാണ്‌ കഴിഞ്ഞിരുന്നത്‌. ഇടത്‌ വശം തളര്‍ന്ന്‌ ബോധരഹിതനായി കുഴഞ്ഞ്‌ വീണ ഹബീബ്‌ നാസറിനെ കൂടെ താമസിക്കുന്ന അര്‍ധ സഹോദരന്‍ അയൂബ്‌ ഖാന്‍, നവോദയ പ്രവര്‍ത്തകരായ തുളസി, ഷിഹാബ്‌, ശ്രീകുമാര്‍ എന്നിവരുടെ സഹകരണത്തോടെയാണ്‌ ആശുപത്രിയിലെത്തിച്ചത്‌. ചൊവ്വാഴ്‌ച രാത്രി പത്ത്‌ മണിയോടെയായിരുന്നു മരണം.
നാട്ടില്‍ ഭാര്യ ഹബീബയും രണ്ട്‌ മക്കളുമുണ്ട്‌ ഒരു മകള്‍ വിവാഹിതയാണ്‌. 12 വയസുള്ള മകന്‍ വിദ്യാര്‍ത്ഥിയാണ്‌. വളരെ ദരിദ്ര കുടുംബമാണ്‌.
ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌ മുതല്‍ വെന്റിലേറ്ററിലായിരുന്നു. മസ്‌തിഷ്‌ക മരണം ഡോക്‌ടര്‍മാര്‍ സ്ഥിരീകരിച്ചുവെങ്കിലും വെന്റിലേഷനില്‍ നിന്നും മാറ്റിയിരുന്നില്ല. ഹബീബ്‌ നാസറിന്റെ കിഡ്‌നി നീക്കം ചെയ്യുന്നതിന്‌ കുടുംബം അനുമതി നല്‍കിയതായി റിയാദ്‌ ആരോഗ്യ മന്ത്രാലയം അഡ്‌മിനിസ്‌ട്രേഷന്‍ വിഭാഗത്തിലുള്ള മലയാളിയില്‍ നിന്നാണ്‌ ലഭിച്ചതെന്ന്‌ നവോദയ കോഓര്‍ഡിനേറ്റര്‍ ഇ.എം. കബീര്‍ പറഞ്ഞു.
മസ്‌തിഷ്‌ക മരണം സംഭവിക്കുന്ന രോഗികളുടെ വവരങ്ങള്‍ അതത്‌ ചികിത്സാകേന്ദ്രം ആരോഗ്യ മന്ത്രാലയ ആസ്ഥാനത്ത്‌ അറിയിക്കണമെന്ന്‌ വ്യവസ്ഥയുണ്ട്‌. ഇതിന്റെ അടിസ്ഥാനത്തില്‍ സൗദി സെന്റര്‍ ഫോര്‍ ഓര്‍ഗന്‍ ട്രാന്‍സ്‌പ്ലാന്റേനഷനില്‍ നിന്നും നാട്ടില്‍ കുടുംബവുമായി ബന്ധപ്പെടും. അനുമതി ലഭിക്കുന്ന പക്ഷം അവയവങ്ങള്‍ നീക്കം ചെയ്യും. മറ്റു രോഗികള്‍ക്ക്‌ ഗുണകരമാകും വിധം കിഡ്‌നി ദാനം ചെയ്യുന്ന കുടുംബത്തിന്‌ സൗദി ഭരണകൂടം അമ്പതിനായിരം റിയാല്‍ സംഭാവനായായി നല്‍കും. മൃതദേഹം സൗജ്യന്യമായി നാട്ടിലെത്തിക്കുന്നതിനും ഒരാള്‍ക്ക്‌ അതേ വിമാനത്തില്‍ അനുഗമിച്ച്‌ തിരിച്ചുവരുന്നതിന്‌ ടിക്കറ്റും നല്‍കും.
മൃതദേഹം ദമാമില്‍ ഖബറടക്കുന്നതിന്‌ കുടുംബം അനുമതി നല്‍കിയതായി വിവരം ലഭിച്ചു. ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ നാസ്‌ വക്കം (നവോദയ) പൂര്‍ത്തീകരിക്കും. സ്‌പോണ്‍സറായ ആയിദ്‌ അബ്‌ദുല്ല അല്‍ ഹാജിര്‌ എല്ലാ സഹായവും ഉറപ്പ്‌ നല്‍കി.