കുഞ്ഞേനി മുസ്‌ല്യാരുടെ നിരാലംബ കുടുംബത്തിന്‌ സഹായനിധി സമാഹരിക്കാന്‍ ശ്രമം തുടങ്ങി

ദമാം: അല്‍ഹസക്കടുത്ത്‌ ഖുറൈസില്‍ വാഹനാപകടത്തില്‍ ഉംറ കഴിഞ്ഞ്‌ മടങ്ങുന്ന വഴി ഏതാനും ദിവസം മുമ്പ്‌ നിര്യാതനായ കൊടിയത്ത്‌ കുഞ്ഞേനി മുസ്‌ലിയാരുടെ നിര്‍ധന കുടുബത്തെ സഹായിക്കാന്‍ ശ്രമം തുടങ്ങി. പ്രസിഡന്റ്‌ ബാവ പുളിക്കലിന്റെ നേതൃത്വത്തില്‍ സൈഹാത്ത്‌ കെ.എം.സി.സി.യാണ്‌ വിപുലമായ കമ്മിറ്റിക്ക്‌ രൂപം നല്‍കി സഹായനിധി സമാഹരിക്കുന്നത്‌.
താനൂര്‍ തെയ്യാല സ്വദേശിയായ കുഞ്ഞേനി മുസ്‌ല്യാര്‍ വളരെ ചെറിയ വരുമാനത്തില്‍ ഒന്നര വര്‍ഷമായി സൈഹാത്തില്‍ ജോലി ചെയ്‌തുവരികയായിരുന്നു. ഉമ്മയും ഭാര്യയും മൂന്ന്‌ പെണ്‍മക്കളും ഒരു മകനുമടങ്ങുന്ന കുടുംബത്തിന്റെ അത്താണിയായിരുന്നു. തനിക്കും കുടുംബത്തിനും താമസിക്കാന്‍ സ്വന്തമായി ഒരു വീട്‌ എന്ന സ്വപ്‌നം പൂര്‍ത്തീകരിക്കാനാവാതെയയിരുന്നു മുസ്‌ല്യാരുടെ മരണം. വിവാഹ പ്രായം എത്തിനില്‍ക്കുന്ന പെണ്‍കുട്ടികളടക്കമുള്ള ഈ കുടുംബത്തിന്‌ താമസിക്കാന്‍ വീടും നിത്യവരുമാനത്തിനുള്ള ഒരു സ്ഥിരം സംവിധാനവും ഒരുക്കാന്‍ കമ്മിറ്റി തീരുമാനിച്ചു. അനാഥമായ ഈ നിര്‍ധന കുടുംബത്തെ സഹായിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ 050722 4723 (ബാവ പുളിക്കല്‍) എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു.