'മലപ്പുറം മുദ്രകള്‍' സ്‌മരണിക ഗള്‍ഫ്‌ പ്രകാശനം നാളെ ദമാമില്‍

ദമാം: ദമാം മലപ്പുറം ജില്ലാ കെ.എം.സി.സി. തയാറാക്കിയ മലപ്പുറം മുദ്രകള്‍ എന്ന സ്‌മരണികയുടെ ഗള്‍ഫ്‌ മേഖലയിലെ പ്രകാശനം നാളെ ദമാമില്‍ നടക്കും. മലപ്പുറം ജില്ലാ രൂപീകരണത്തിന്റെ നാല്‍പ്പതാം വാര്‍ഷികത്തോടനുബന്ധിച്ചാണ്‌ സ്‌മരണിക തയാറാക്കിയത്‌. രാത്രി എട്ട്‌ മണിക്ക്‌ ദമാം പാരഗണ്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ തികച്ചും വ്യത്യസ്‌തയാര്‍ന്ന രീതിയിലാണ്‌ പ്രകാശന കര്‍മം ഒരുക്കിയിട്ടുള്ളതെന്ന്‌ ദമാമില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റ്‌ അബ്‌ദുല്‍ സമദ്‌ പാലത്തിങ്ങല്‍, എഡിറ്റര്‍ മലിക്‌ മഖ്‌ബൂല്‍ ആലുങ്ങല്‍, പ്രസാധക സമിതി ചെയര്‍മാന്‍ ആലിക്കുട്ടി ഒളവട്ടൂര്‍ എന്നിവര്‍ അറിയിച്ചു.
മലപ്പുറത്ത്‌ നിരവധി പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയാണ്‌ മലപ്പുറം മുദ്രകളുടെ പ്രകാശനം നിര്‍വഹിച്ചത്‌.
ഡോ. ഇ.കെ. മുഹമ്മദ്‌ ഷാഫി, സിദ്ദീഖ്‌ അഹമ്മദ്‌, നാസര്‍ അബൂബക്കര്‍, യൂനുസ്‌ ഖാദി, പി.പി. മുഹമ്മദ്‌, പി.എ.എം. ഹാരിസ്‌, ജവാദ്‌ മൗലവി, വര്‍ഗീസ്‌ മൂലന്‍, ഡോ. രാജീവന്‍, സയ്യിദ്‌ ഷാ തഖിയുദ്ദീന്‍ എന്നിവരാണ്‌ മലപ്പുറം മുദ്രകളുടെ പ്രകാശനം നിര്‍വഹിക്കുന്നത്‌. ഈസ്റ്റേണ്‍ പ്രോവിന്‍സ്‌ കെ.എം.സി.സി. പ്രസിഡന്റ്‌ എഞ്ചിയ സി. ഹാഷിം ചടങ്ങ്‌ ഉദ്‌ഘാടനം നിര്‍വഹിക്കും. സൗദിയിലെ പ്രശസ്‌ത ഗായകരെ അണിനിരത്തി ഗാനമേളയും ചടങ്ങിന്റെ ഭാഗമായി നടക്കും.
ഒരു വര്‍ഷം നീണ്ട അധ്വാനത്തിന്റെ സദ്‌ഫലമായ മലപ്പുറം മുദ്രകള്‍ ജില്ലക്ക്‌ പ്രവാസികളുടെ സ്‌നേഹസമ്മാനമാണെന്ന്‌ എഡിറ്റര്‍ മലിക്‌ മഖ്‌ബൂല്‍ പറഞ്ഞു. മലപ്പുറം ജില്ലയുടെ വിശാലമായ പൈതൃകവും, സാംസ്‌കാരിക, സാമൂഹിക,രാഷ്‌ട്രീയ,കലാ, സാഹിത്യ, ചരിത്ര പാരമ്പര്യവും വിശദമായി പ്രതിപാദിക്കുന്ന റഫറന്‍സ്‌ ഗ്രന്ഥമാണിത്‌. നാനൂറിലധികം പേജുകളില്‍ ബഹുവര്‍ണ താളുകളില്‍ തയാറാക്കിയ സ്‌മരണികയില്‍ ടി.പത്മനാഭന്‍, കെ.എം. റോയ്‌, ഒ.എന്‍.വി, ജസ്റ്റിസ്‌ കൃഷ്‌ണയ്യര്‍, മമ്മൂട്ടി, കെ.കെ.എന്‍. കുറുപ്പ്‌, യു.എ. ഖാദര്‍, അബ്‌ദുല്‍ സമദ്‌ സമദാനി തുടങ്ങി നൂറോളം ലേഖകരുടെ രചനകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.