ജിദ്ദയില്‍ സംഭവിച്ചത്‌ ദമാമില്‍ ഉണ്ടാവില്ലെന്ന്‌ മുനിസിപ്പല്‍ മേധാവി

ദമാം: ഏതാനും ദിവസം മുമ്പ്‌ ജിദ്ദയില്‍ സംഭവിച്ചത്‌ പോലുള്ള പ്രളയം ദമാമിലുണ്ടാവുന്നതിന്‌ സാധ്യതയില്ലെന്ന്‌ കിഴക്കന്‍ പ്രവിശ്യാ മുനിസിപ്പല്‍ മേധാവി എഞ്ചിനീയര്‍ സൈഫുല്ലാ അല്‍ ഉതൈബി വ്യക്തമാക്കി. ജിദ്ദയില്‍ ഉള്ളത്‌ പോലുള്ള ഭൂപ്രകൃതിയല്ല ദമാമിന്റേത്‌. നിരപ്പായ പ്രദേശമാണ്‌ ദമാമിന്റേത്‌. ദമാമില്‍ മലയോ കുന്നുകളോ ഇല്ലാത്തതിനാല്‍ വെള്ളം കുത്തിയൊലിച്ച്‌ വരാനുള്ള സാധ്യതയില്ലെന്ന്‌ അറബ്‌ ദിനപത്രമായ അല്‍ യൗമിന്‌ നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വിശദീകരിച്ചു.
നഗരത്തില്‍ വര്‍ഷിക്കുന്ന മഴ വെള്ളം മുഴുവന്‍ കടലിലേക്ക്‌ ഒഴുക്കി വിടാവുന്ന നിലയില്‍ പൈപ്പുകളിട്ട്‌ സംവിധാനം പൂര്‍ത്തീകരിച്ചിട്ടുണ്ട്‌. എന്നാല്‍ ചില കേന്ദ്രങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കുന്നത്‌ വേണ്ടത്ര പൈപ്പ്‌ സംവിധാനമില്ലാത്തതിനാലാണെന്ന്‌ ദൈഫുല്ലാഹ്‌ അല്‍ ഉതൈബി വ്യക്തമാക്കി. മതിയായ നിലയില്‍ ഈ സ്ഥലങ്ങളില്‍ കൂടി സജ്ജീകരിക്കുന്നതോടെ വെള്ളം കെട്ടിനില്‍ക്കുന്നത്‌ പൂര്‍ണമായും ഒഴിവാക്കാന്‍ കഴിയും. ഇതിനുള്ള പദ്ധതികള്‍ കഴിയാവുന്നത്ര വേഗത്തില്‍ പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുകയാണ്‌. ഇതിന്‌ ആയിരത്തി ഒരു നൂറ്‌ കോടി റിയാല്‍ ചിലവ്‌ പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.
പ്രവിശ്യയില്‍ മഴ പെയ്യാനുള്ള സാധ്യത മുന്നില്‍ കണ്ട്‌ പ്രവിശ്യാ ഗവര്‍ണര്‍ മുഹമ്മദ്‌ ബിന്‍ ഫഹദ്‌ രാജകുമാരന്റെ നിര്‍ദേശ പ്രകാരം ആവശ്യമായ തയാറെടുപ്പുകള്‍ നടത്തിക്കഴിഞ്ഞതായി അദ്ദേഹം അറിയിച്ചു. മഴക്കെടുതികള്‍ നേരിടുന്നതിന്‌ വിവിധ കമ്മിറ്റികള്‍ക്ക്‌ രൂപം കൊടുത്തതായും എഞ്ചി. ദൈഫുല്ലാഹ്‌ അല്‍ ഉതൈബി പറഞ്ഞു.
ദമാമില്‍ അടിപ്പാതകള്‍ക്ക്‌ മുകളില്‍ പണിത മൂന്ന്‌ മേല്‍പ്പാലങ്ങളും സുരക്ഷിതമാണെന്ന്‌ അദ്ദേഹം വ്യക്തമാക്കി. ലോക നിലവാരത്തിലാണ്‌ ഇത്‌ പണികഴിപ്പിച്ചിട്ടുള്ളത്‌. ദമാമിലെ മൂന്ന്‌ മേല്‍പ്പാലങ്ങള്‍ സുരക്ഷിതല്ലെന്ന്‌ കിഴക്കന്‍ പ്രവിശ്യാ സിവില്‍ ഡിഫന്‍സ്‌ മേധാവി കേണല്‍ ഹാമിദ്‌ അല്‍ ജുഅയ്‌ദ്‌ കുറ്റപ്പെടുത്തിയ സാഹചര്യത്തില്‍ ശക്തമായ വിമര്‍ശനമാണ്‌ അഭിമുഖത്തില്‍ പ്രവിശ്യാ മുനിസിപ്പല്‍ മേധാവി നടത്തിയത്‌. പാലങ്ങള്‍ സുരക്ഷിതമാണോ അല്ലയോ എന്ന്‌ നോക്കേണ്ട ചുമതല സിവില്‍ ഡിഫന്‍സിനില്ലെന്ന്‌ അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്‌.