കലയുടെ വേറിട്ട ദൃശ്യവിരുന്നൊരുക്കി അല്‍കോബാറില്‍ നിലാവ്‌ 2009

ദമാം: പാട്ടും നൃത്തവും ജാലവിദ്യയും ഏകാങ്കവും അരങ്ങേറിയ നിലാവ്‌ 2009 അല്‍കോബാറില്‍ പ്രവാസികള്‍ക്ക്‌ വേറിട്ട ദൃശ്യ വിരുന്നൊരുക്കി. ദമാം നവോദയ അല്‍കോബാര്‍ ഏരിയ കമ്മിറ്റിയാണ്‌ കലാസന്ധ്യ സംഘടിപ്പിച്ചത്‌.
നടന ചാരുതയുടെ സുന്ദര മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച ഭരതനാട്യവും, ദീപ്‌തകാമനകള്‍ വര്‍ണങ്ങള്‍ വാരിചൂടി ലാസ്യഭാവമാടിയ മോഹിനിയാട്ടവും, ഹിറ്റ്‌ ഗാനങ്ങളുടെ ചടുല താളങ്ങള്‍ക്കൊത്ത്‌ നൃത്തച്ചുവടുമായി വന്ന സിനിമാറ്റിക്‌ ഡാന്‍സും മുദ്രകളും, ചലനങ്ങളും കൊണ്ട്‌ കുച്ചിപ്പുടിയും, പ്രവാസി പ്രേക്ഷകരുടെ മനം കവര്‍ന്നു. മാപ്പിളപ്പാട്ടിന്റെ ചേലൊത്ത ശീലുകള്‍ക്കൊപ്പം താളത്തില്‍ ചുവട്‌ വെച്ച കലാകാരന്മാര്‍ കോല്‍ക്കളിയും മനോഹരമായി വേദിയില്‍ അവതരിപ്പിച്ചു.
കലാപരിപാടികള്‍ക്ക്‌ മുന്നോടിയായി വടംവലി മത്സരം നടന്നു. വാശിയേറിയ മത്സരത്തില്‍ നവോദയ അഖ്‌റബിയ യൂനിററ്‌ ജേതാക്കളും സനാഇയ യൂനിറ്റ്‌ റണ്ണര്‍ അപ്പുമായി. നവോദയ രക്ഷാധികാരി ആസാദ്‌ തിരൂരില്‍ നിന്നും വിജയികള്‍ക്കുള്ള ട്രോഫി സുരേന്ദ്രന്‍ പയ്യന്നൂരും റണ്ണറപ്പ്‌ ട്രോഫി പ്രഭാകരന്‍ കണ്ണൂരില്‍ നിന്നും സനാഇയ യൂനിറ്റ്‌ ക്യാപ്‌റ്റന്‍ ജിജോയും ഏറ്റുവാങ്ങി.
നിലാവ്‌ 2009ന്‌ അനുബന്ധമായി നടന്ന സാംസ്‌കാരിക സമ്മേളനം ദമാം അല്‍ഖൊസാമ ഇന്റര്‍നാഷനല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശ്രീദേവി മേനോന്‍ ഉദ്‌ഘാടനം ചെയ്‌തു. അല്‍കോബാര്‍ ഏരിയ പ്രസിഡന്റ്‌ റഹീം മടത്തറ അധ്യക്ഷനായിരുന്നു. കേന്ദ്ര ജനറല്‍ സെക്രട്ടറി എം.എം. നഈം, ആസാദ്‌ തിരൂര്‍ തുടങ്ങിയവര്‍ ആശംസ നേര്‍ന്നു. സ്വാഗത സംഘം കണ്‍വീനര്‍ ഷമല്‍ സ്വാഗതവും ഏരിയ ആക്‌ടിംഗ്‌ സെക്രട്ടറി ദിനേശന്‍ തലമുണ്ട നന്ദിയും പറഞ്ഞു.