സൗദിയില്‍ ജോലിക്കെത്തി മിച്ചമായത്‌ അന്ധത
ഇരു കണ്ണുകള്‍ക്കും കാഴ്‌ച നഷ്‌ടമായ ആന്ധ്ര സ്വദേശിയെ ദമാമില്‍ ഉപേക്ഷിച്ചു!!

ദമാം: ഇരു കണ്ണുകള്‍ക്കും കാഴ്‌ച നഷ്‌ടമായി ദുരിതം നേരിടുന്ന പ്രവാസി ഇന്ത്യക്കാരന്‍ നാട്ടിലെത്താന്‍ മാര്‍ഗം തേടി ജവാസാത്ത്‌ അധികൃതരുടെ മുന്നിലെത്തി. ആന്ധ്രപ്രദേശിലെ നിസാമാബാദ്‌ സ്വദേശി കനോല സയലോ (43) ഏതാണ്ട്‌ ഒന്നര വര്‍ഷം മുമ്പാണ്‌ സൗദിയില്‍ ജോലിക്കെത്തിയത്‌. ഭാര്യയും രണ്ട്‌ പെണ്‍മക്കളുള്‍പ്പെടെ മൂന്ന്‌ മക്കളുമടങ്ങുന്ന കുടുംബത്തിന്റെ ആശ്രയമാണ്‌ കനോല.
ആട്‌ മേയ്‌ക്കല്‍ വിസയായിരുന്നുവെന്നും, സൗദിയില്‍ വിമാനമിറങ്ങിയ ഉടനെ മരുഭൂമിയിലേക്ക്‌ കൊണ്ടുപോയി എന്നതല്ലാതെ കനോല സയലോക്ക്‌ പുറം ലോകത്തെ വിവരം ഒന്നുമറിയില്ലെന്ന്‌ ദമാമില്‍ സഹായം നല്‍കുന്ന നാട്ടുകാരനായ പ്രകാശന്‍ പറഞ്ഞു.
സ്‌പോണ്‍സര്‍ ഹഫര്‍ അല്‍ ബാത്തിനിലാണെന്നാണ്‌ കരുതുന്നത്‌. പതിനാല്‌ മാസത്തോളം സ്‌പോണ്‍സറുടെ കീഴില്‍ ഒട്ടകങ്ങളെയും ആടുകളെയും മേയ്‌ച്ചുവെങ്കിലും മൂന്ന്‌ മാസം മാത്രമം ശമ്പളം ലഭിച്ചുള്ളു. എണ്ണൂറ്‌ റിയാല്‍ വീതമാണ്‌ ലഭിച്ചത്‌. പിന്നീട്‌ ശമ്പളമൊന്നും കിട്ടിയില്ല. ക്രമേണ കണ്ണിന്‌ കാഴ്‌ച ശക്തി കുറഞ്ഞു. സ്‌പോണ്‍സറെ അറിയിച്ചപ്പോള്‍ എന്തോ മരുന്ന്‌ എത്തിച്ചു നല്‍കിയെന്നും അത്‌ ഉപയോഗിച്ചതോടെ ബാക്കി കാഴ്‌ച കൂടി നഷ്‌ടമായെന്നുമാണ്‌ കനോല സയലോ പറയുന്നത്‌. ഈദിന്‌ മുമ്പ്‌ ഒരു ദിവസം കനോല സയോലയെ ദമാം നഗരത്തില്‍ എത്തിച്ച്‌ കൂടെ വന്നയാള്‍ മുങ്ങി. ദമാമിലെത്തിച്ചത്‌ ആരാണെന്ന്‌ വ്യക്തമല്ലെന്നം ദമാമിലാണ്‌ താന്‍ കണ്ടുമുട്ടിയതെന്നും പ്രകാശന്‍ പറഞ്ഞു.
കാഴ്‌ച നഷ്‌ടമായ ഒരു ഇന്ത്യക്കാരന്‍ ദമാമിലെത്തി കഷ്‌ടപ്പെടുന്നതായി വിവരമറിഞ്ഞ സാമൂഹിക പ്രവര്‍ത്തകനായ നാസ്‌ വക്കം ഈദിന്‌ മുമ്പ്‌ തന്നെ അദ്ദേഹത്തെ തര്‍ഹീല്‍ മേധാവികളുടെ മുന്നിലെത്തിച്ചിരുന്നു. ഈദ്‌ കഴിഞ്ഞ ശേഷം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലയക്കാമെന്ന്‌ അധികൃതര്‍ ഉറപ്പ്‌ നല്‍കി. രണ്ട്‌ ദിവസം മുമ്പ്‌ തര്‍ഹീലിലെത്തിച്ച ഇദ്ദേഹത്തെ തന്റെ ജാമ്യത്തില്‍ ഏറ്റെടുക്കുന്നതിനുള്ള രേഖകള്‍ പൂര്‍ത്തിയായതായി നാസ്‌ മലയാളം ന്യൂസിനോട്‌ പറഞ്ഞു. കനോലി സയോലയെ വൈകാതെ നാട്ടിലെത്തിക്കാന്‍ കഴിയുമെന്നാണ്‌ പ്രതീക്ഷ. ഈ പ്രതീക്ഷ പ്രകാശനും കനോലയും പങ്കുവെക്കുന്നു.