തണുപ്പ്‌ കാലം വരവായി; കിഴക്കന്‍ പ്രവിശ്യയില്‍ കനത്ത മഴ

ദമാം: ശൈത്യകാലത്തിന്റെ വരവറിയിച്ച്‌ കിഴക്കന്‍ പ്രവിശ്യയില്‍ വ്യാപകമായി മഴ. പ്രവിശ്യയിലെ വിവിധ നഗരങ്ങളിലും ഉള്‍പ്രദേശങ്ങളിലും പരക്കെ മഴ പെയ്‌തു. ദമാം, കോബാര്‍, ഖതീഫ്‌, ദഹ്‌റാന്‍, ജുബൈല്‍, അബ്‌ഖൈഖ്‌, അല്‍ഹസ തുടങ്ങിയ മേഖലകളിലെല്ലാം നേരിയ തോതിലാണെങ്കിലും മഴ ലഭിച്ചു. പല പ്രദേശങ്ങളിലും ശനിയാഴ്‌ച വൈകുന്നേരം മുതല്‍ തന്നെ ചെറിയ തോതില്‍ മഴയുണ്ടായി. ചെറിയ തണുത്ത കാറ്റിന്റെ അകമ്പടിയോടെ ഏറെയും ചാറ്റല്‍ മഴയായിരുന്നു.
ദമാമിലും പരിസരങ്ങളിലും ഞായറാഴ്‌ച രാത്രി കനത്ത ഇടിയും മിന്നലും മഴക്ക്‌ അകമ്പടിയായി. ഇന്നലെ രാവിലെയോടെ മഴ ശമിച്ചുവെങ്കിലും അന്തരീക്ഷം കാര്‍മേഘാവൃതമായി തുടരുകയാണ്‌. തെരുവുകളില്‍ പല കേന്ദ്രങ്ങളിലും വെള്ളം കെട്ടിനില്‍ക്കുന്നുണ്ട്‌. വാണിജ്യ കേന്ദ്രങ്ങളിലും തെരുവുകളിലും മുഖ്യ തെരുവുകളിലും പ്രധാന കേന്ദ്രങ്ങളിലും തിരക്ക്‌ വളരെ കുറവായിരുന്നു.
ജുബൈലില്‍ ഞായറാഴ്‌ച ചെറിയ തോതിലുണ്ടായ മഴ ഇന്നലെ ശക്തമായി.
ദമാമിലും പരിസരങ്ങളിലും ചാറ്റല്‍ മഴ പെയ്‌തതോടെ വിവിധ ഭാഗങ്ങളില്‍ റോഡപകടങ്ങളുണ്ടായി. ദമാം, ദഹ്‌റാന്‍, കോബാര്‍ എന്നിവിടങ്ങളില്‍ മാത്രം ആദ്യ രണ്ട്‌ മണിക്കൂറിനകം 23 റോഡപകടങ്ങളുണ്ടായി. ദമാമില്‍ മാത്രം ഒരു ഡസനിലേറെ അപകടങ്ങളുണ്ടായതായി ട്രാഫിക്‌ വിഭാഗം വ്യക്തമാക്കി.
മഴ മൂലം റോഡുകളില്‍ പല ഭാഗത്തു വെള്ളം കെട്ടിനില്‍ക്കുന്നുണ്ട്‌. അതേ സമയം കിഴക്കന്‍ പ്രവിശ്യയുടെ വിവിധ ഭാഗങ്ങളില്‍ ഇന്നും മഴ പെയ്യാനിടയുണ്ടെന്ന്‌ കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിച്ചു.