ഉദയനും നജീം സുല്‍ത്താനും ദമാമില്‍ ഊഷ്‌മളമായ യാത്രയയപ്പ്‌

ദമാം: രണ്ടാഴ്‌ചക്കാലം പാട്ടിലൂടെയും കളികളിലൂടെയും മാജിക്കിലൂടെയും അറിവിന്റെ മറ്റൊരു ലോകം തീര്‍ത്ത്‌ നാടന്‍ പാട്ട്‌ ഗവേഷകന്‍ ഉദയനും ശാസ്‌ത്രലോകത്തെ പ്രതിഭ നജീം സുല്‍ത്താനും കേരളത്തിലേക്ക്‌ മടങ്ങുന്നു.

കുട്ടികളുടെ വ്യക്തിത്വ വികാസവും, ബുദ്ധി വികാസവും വളര്‍ത്തുന്നതിന്‌ ദമാം നവോദയയുടെ ആതിഥ്യത്തില്‍ നവംബര്‍ പതിനേഴിനാണ്‌ രണ്ടു പേരും സൗദിയിലെത്തിയത്‌. അല്‍ഹസ, ജുബൈല്‍, ഖതീഫ്‌, ദമാം, കോബാര്‍ തുടങ്ങി കിഴക്കന്‍ പ്രവിശ്യയിലെ വിവിധ മേഖലകളില്‍ ആറ്‌ ക്യാമ്പുകളിലായി അഞ്ഞൂറോളം കുട്ടികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും അറിവിന്റെയും സാഹോദര്യത്തിന്റെയും ക്രിയാത്മക കഴിവുകളുടെയും മഹത്തായ ഭണ്‌ഡാരം തുറന്നുകൊടുത്താണ്‌ ഉദയനും നജീം സുല്‍ത്താനും തിങ്കളാഴ്‌ച നാട്ടിലേക്ക്‌ മടങ്ങുന്നത്‌.

ദമാം സൗത്ത്‌, നോര്‍ത്ത്‌, ഖതീഫ്‌ ഏരിയകള്‍ സംയുക്തമായും കോബാര്‍, ജുബൈല്‍, അല്‍ഹസ ഏരിയകളും ദമാം സൗത്ത്‌, ഖതീഫ്‌ എന്നീ കുടുംബവേദികളുമാണ്‌ വിവിധ പ്രദേശങ്ങളിലായി ക്യാമ്പുകള്‍ സംഘടിപ്പിച്ചത്‌.
നവോദയ കേന്ദ്ര ഓഫീസില്‍ ചേര്‍ന്ന യാത്രയയപ്പ്‌ യോഗം ക്യാമ്പനുഭവങ്ങള്‍ പങ്കുവെക്കുന്ന വേദി കുടിയായി. സിദ്ദീഖ്‌ കല്ലായി അധ്യക്ഷഥ വഹിച്ചു. കേന്ദ്ര ബാലവേദി കണ്‍വീനര്‍ കുട്ടി വിജയന്‍ സ്വാഗതവും, മോഹന്‍ വെള്ളിനേഴി നന്ദിയും പറഞ്ഞു. ഉദയന്‍ മാസ്റ്ററുടെയും നജീം മാസ്റ്ററുടെയും സൗദി സന്ദര്‍ശനവും ക്യാമ്പുകളും സി.വി. ജോസ്‌ വിശദീകരിച്ചു. നവോദയ രക്ഷാധികാരികളായ ഇ.എം. കബീര്‍, ബഷീര്‍ വരോട്‌, കേന്ദ്ര കമ്മിറ്റി പ്രസിഡന്റ്‌ പ്രദീപ്‌ കൊട്ടിയം, വിജയന്‍ (ദമാംസൗത്ത്‌), നിയാസ്‌ ഖതീഫ്‌, ജിന്‍സ്‌ ദമാം നോര്‍ത്ത്‌, പി.എ. സമദ്‌ അല്‍കോബാര്‍, എം.ജി. വിജയ്‌, മുരളി, വിജയന്‍ തുടങ്ങി നിരവധി പേര്‍ ക്യാമ്പനുഭവങ്ങള്‍ പങ്കുവെച്ച്‌ ആശംസ നേര്‍ന്നു. യാത്രയയപ്പിന്‌ ഉദയന്‍ കുണ്ടംകുഴിയും നജീം സുല്‍ത്താനും നന്ദി പറഞ്ഞു.

കുട്ടികളുടെ ക്യാമ്പുകളിലും മുതിര്‍ന്നവരുടെ പരിശീലന ക്യാമ്പുകളിലും നാടന്‍പാട്ട്‌ ശില്‍പ്പശാലയിലുമാ#ിയ ഇരുവരും തെളിയിച്ച അറിവിന്റെ നെയ്‌ത്തിരി വെട്ടം ആവോളം നുകര്‍ന്ന്‌ മതിവരാതെയാണ്‌ പ്രവിശ്യയിലെ മലയാളി സമൂഹം അവരെ യാത്രയാക്കുന്നത്‌. ഇനിയുമൊരു അറിവരങ്ങിനായി കുട്ടികളും കുടുംബങ്ങളും വേഴാമ്പലുകളായി കാത്തിരിക്കുന്നു.