ബാബരി മസ്‌ജിദ്‌ തകര്‍ത്ത കുറ്റവാളികളെ ജയിലിലടക്കുക - ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം

ദമാം: ബാബരി മസ്‌ജിദ്‌ തകര്‍ത്തതിന്‌ ഉത്തരവാദികളായ കുറ്റവാളികളെ ജയിലിലടക്കണമെന്ന്‌ ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം ആവശ്യപ്പെട്ടു. ആര്‍.എസ്‌.എസിന്റെ നേതൃത്വത്തില്‍ വര്‍ഷങ്ങളായി നടന്ന ഗൂഢാലോചനയുടെ ഫലമാണ്‌ ബാബരി മസ്‌ജിദ്‌ തകര്‍ക്കപ്പെട്ടത്‌. ആറു മാസത്തിനകം റിപോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ നിയുക്തമായ ലിബര്‍ഹാന്‍ കമ്മീഷന്‍ 48 തവണ അവധി നീട്ടിവാങ്ങി, ഏഴു കോടിയിലധികം രൂപ ചെലവഴിച്ച്‌ 17 വര്‍ഷത്തിന്‌ ശേഷമാണ്‌ അന്വേഷണം പൂര്‍ത്തിയാക്കിയത്‌. എന്നിട്ടും പ്രതികളാണെന്ന്‌ കത്തെിയവരെ ശിക്ഷിക്കാനുള്ള യാതൊരു നടപടിയും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത്‌ നിന്നും കാണുന്നില്ല.കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുകയും, പള്ളി യഥാസ്ഥാനത്ത്‌ പുനര്‍നിര്‍മിക്കപ്പെടുകയും ചെയ്യുന്നത്‌ വരെ ബാബരി മസ്‌ജിദ്‌ ഉറക്കം കെടുത്തുന്ന ഓര്‍മയായി രാജ്യത്തെ ജനങ്ങളുടെ മനസ്സിലുണ്ടാവുമെന്‌ന യോഗം അഭിപ്രായപ്പെട്ടു.
ഫോറം നാഷണല്‍ അസിസ്റ്റന്റ്‌ കോര്‍ഡിനേറ്റര്‍ സാദിഖ്‌ മീരാന്‍ അധ്യക്ഷത വഹിച്ചു. വിവിധ റീജ്യണല്‍ കോര്‍ഡിനേറ്റര്‍മാരായ അബൂബക്കര്‍ കുഞ്ഞു, സഈദ്‌ മൗലവി, സലീം മൗലവി എന്നിവര്‍ സംസാരിച്ചു.�
ബാബരി മസ്‌ജിദ്‌ ധ്വംസനത്തെ തുടര്‍ന്ന്‌ നിരവധി പള്ളികള്‍ തകര്‍ക്കപ്പെടുകയും കലാപങ്ങളില്‍ ആയിരങ്ങള്‍ കൊല്ലപ്പെടുകയും ചെയ്‌തു. പരിശീലനം ലഭിച്ച കേഡര്‍മാര്‍ സംഘപരിവാര നേതാക്കളുടെ നിര്‍ദ്ദേശമനുസരിച്ചും അവരുടെ സാന്നിധ്യത്തിലുമാണ്‌ ആ നിന്ദ്യകര്‍മ്മം ചെയ്‌തതെന്ന്‌ തെളിഞ്ഞിരിക്കുന്നു. കേന്ദ്ര ഭരണം കൈയാളിയ കോണ്‍ഗ്രസിന്റെ അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവുവിനും ഉത്തരവാദിത്വത്തില്‍ നിന്ന്‌ ഒഴിയാനാവില്ലെന്ന്‌ യോഗം അംഗീകരിച്ച പ്രമേയത്തില്‍ പറയുന്നു. സംഘപരിവാരം പള്ളി തകര്‍ക്കാനുള്ള മണ്ണൊരുക്കിയപ്പോള്‍ മൗനം ഭജിച്ച മതേതര കക്ഷികളും പരോക്ഷമായി കുറ്റക്കാരാണ്‌. എല്ലാം മറ്റുള്ളവരിലര്‍പ്പിച്ച്‌ സ്വന്തം കടമ നിര്‍വഹിക്കുന്നതില്‍ വീഴ്‌ച വരുത്തിയ മുസ്‌ലിം നേതൃത്വം ആതമപരിശോധന നടത്തണമെന്ന്‌ പ്രമേയം ആവശ്യപ്പെട്ടു.
ബാബരി മസ്‌ജിദിന്റെ സംരക്ഷണം ഉറപ്പാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സുപ്രിം കോടതിയില്‍ ഹരജിയെത്തിയപ്പോള്‍ പന്ത്‌ കേന്ദ്ര സര്‍ക്കാരിന്റെ കോര്‍ട്ടിലേക്ക്‌ തട്ടിമാറ്റി നോക്കിനില്‍ക്കുകയായിരുന്നു പരമോന്നത നീതിപീഠം. അധികാരം ദുരുപയോഗം ചെയ്‌തും പള്ളി തകര്‍ക്കാന്‍ കൂട്ടുനിന്ന അന്നത്തെ യു.പി. മുഖ്യമന്ത്രി കല്യാണ്‍ സിംഗിന്‌ ഒരു ദിവസത്തെ തടവ്‌ വിധിച്ച നീതിന്യായവ്യവസ്ഥ സ്വയം പരിഹാസ്യമാകുകയാണെന്ന്‌ ഫോറം വ്യക്തമാക്കി.