വൈവിധ്യമാര്‍ന്ന പരിപാടികളുമായി ഖതീഫില്‍ നവോദയയുടെ നിലാവ്‌ 2009

ദമാം: മാപ്പിളപ്പാട്ടുകള്‍, ഒപ്പന, നാടന്‍ പാട്ടുകള്‍, നാടകം. മിമിക്രി, ഗാനമേള തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികളുമായി നവോദയ ഖതീഫ്‌ ഏരിയാ കമ്മിറ്റി ഈദ്‌ രണ്ടാം നാളില്‍ സംഘടിപ്പിച്ച നെസ്റ്റോ നിലാവ്‌ 2009 കാണികളുടെ പ്രശംസ പിടിച്ചുപറ്റി. വൈകുന്നേരം നാലിന്‌ ആരംഭിച്ച കലാപരിപാടികള്‍ രാത്രി പത്തര മണി വരെ നീണ്ടു.
അമ്പത്‌ കുട്ടികളെ ഒരേ സമയം അണിനിരത്തി ഗുരു ശശി നാരായണന്‍ ചിട്ടപ്പെടുത്തി അവതരിപ്പിച്ച കേരളോത്സവം, തീവ്രവാദത്തിനെതിരെ വിരല്‍ചൂണ്ടുന്ന സ്‌കിറ്റ്‌ എന്നിവ വേറിട്ട അനുഭവമായി. നാടകവും നാടന്‍ പാട്ടുകളുടെ ദൃശ്യാവിഷ്‌കാരവും നിലാവ്‌ കലാസന്ധ്യക്ക്‌ കൂടുതല്‍ കൊഴുപ്പേകി. കുടുംബവേദിയിലെ കൊച്ചുകുട്ടികളുടെ പ്രകടനം എടുത്തുപറയാവുന്നതായി.
നെസ്റ്റോ സി.ഇ.ഓ നാസര്‍ അബൂബക്കര്‍ ഉദ്‌ഘാടനം ചെയ്‌തു. ആസാദ്‌ തിരൂര്‍, ഇ.എം. കബീര്‍, ഖതീഫ്‌ ഏരിയാ പ്രസിഡന്റ്‌ ഷണ്മുഖന്‍, നവീന്‍ തുഠങ്ങിയവര്‍ ആശംസ നേര്‍ന്നു. നവോദയ ജനറല്‍ സെക്രട്ടറി എം.എം. നഈം സമ്മാനദാനം നിര്‍വഹിച്ചു. സ്വാഗതസംഘം കണ്‍വീനര്‍ രവീന്ദ്രന്‍ പാട്യം സ്വാഗതവും ബഷീര്‍ നന്ദിയും പറഞ്ഞു.